ഇ-കൊമേഴ്‌സ് മേഖലയില്‍ വന്‍കുതിപ്പുമായി യുഎഇ

ഇ-കൊമേഴ്‌സ് മേഖലയില്‍ വന്‍കുതിപ്പുമായി യുഎഇ

ഏറെ വളര്‍ച്ചാസാധ്യതകളുള്ള ഇ-കൊമേഴ്‌സ് വിപണിയാണ് യുഎഇയിലേതെന്ന് ആഗോള പേയ്‌മെന്റ് ടെക്‌നോളജി കമ്പനി വിസ

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സുവര്‍ണ്ണകാലമാണ് ഇപ്പോള്‍ യുഎഇയില്‍. പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ഇ-കൊമേഴ്‌സ് വിപണി വലിയ മുന്നേറ്റം നടത്തുന്ന ഈ യുഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഉപഭോക്താക്കളുടെ കൈപ്പിടിയില്‍ വന്നെത്തിയിരിക്കുന്നത്. ഒരൊറ്റ ക്ലിക്കില്‍ അവ വീട്ടിലെത്തും. ഈ മാന്ത്രികതയാണ് ഇ-കൊമേഴ്‌സ് വിപണിയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ വന്‍കുതിപ്പ് നടത്തുന്ന ഇ-കൊമേഴ്‌സ് വിപണിയാണ് യുഎഇയിലേതെന്ന് ദുബായ് ഇക്കണോമിയും ആഗോള പെയ്‌മെന്റ്‌സ് ടെക്‌നോളജി കമ്പനിയായ വിസയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ആകെ 16 ബില്യണ്‍ ഡോളറിന്റെ(59 ബില്യണ്‍ ദിര്‍ഹം) ഇ-കൊമേഴ്‌സ് ഇടപാടുകള്‍ യുഎഇയില്‍ നടക്കുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. മാത്രമല്ല, 2018നും 2022നും ഇടയില്‍ ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ 23 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇ-കൊമേഴ്‌സ് വിപണിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെയും ബിസിനസുകളുടെയും ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും കരുത്ത് പകരുമെന്ന് വിസയുടെ യുഎഇ വിഭാഗം ജനറല്‍ മാനേജര്‍ ഷെഹബാസ് ഖാന്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ മേഖലയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഈറ്റില്ലമെന്നാണ് വിസ യുഎഇയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷത്തെ വിശദീകരിക്കുന്ന പത്ത് കാരണങ്ങളാണ് വിസയുടെ ‘യുഎഇ ഇ-കൊമേഴ്‌സ് ലാന്‍ഡ്‌സ്‌കേപ്പ്’റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്.

1 ഡിജിറ്റല്‍ സൗകര്യങ്ങളുടെ വ്യാപനം

ഡിജിറ്റല്‍രംഗം യുഎഇയുടെ ഭാവി നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖല വളര്‍ച്ചാക്കുതിപ്പ് നടത്തുന്നത്. മൊബീല്‍ഫോണ്‍ ഉപയോഗത്തില്‍ ഈ വര്‍ഷം ലോകത്തില്‍ തന്നെ മുന്‍പന്തിയിലാണ് യുഎഇയെന്ന് വിസയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റെര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന ജനതയുള്ള ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ദിവസവും ശരാശരി ഏഴുമണിക്കൂര്‍ 54 മിനിട്ടാണ് യുഎഇക്കാര്‍ ഇന്റെര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ചിലവഴിക്കുന്നത്. ഇന്റെര്‍നെറ്റിലൂടെ ലോകം കൂടുതല്‍ പരസ്പര ബന്ധിതരാകുകയും ഓണ്‍ലൈന്‍ ഷോപ്പിംഗിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ചിലവഴിക്കപ്പെടുന്ന തുകയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിസ പറയുന്നത്.

2 ഡിജിറ്റല്‍ സാക്ഷരതയുള്ള പുതുതലമുറ

യുഎഇയുടെ ആകെ ജനസംഖ്യയില്‍ 30 ശതമാനം ആളുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ പിറന്നവരും (1981നും 1996നും ഇടയില്‍ ജനിച്ചവര്‍) ന്യൂജനറേഷന്‍ അഥവാ ജനറേഷന്‍ ഇസെഡ് എന്ന് വിളിക്കപ്പെടുന്നവരുമാണ് (1997നും 2012നും ഇടയില്‍ ജനിച്ചവര്‍). സര്‍വ്വസമയവും ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും പെട്ടന്ന് ലഭ്യമാകുന്ന പരിഹാരമാര്‍ഗങ്ങള്‍ തേടുന്നവരാണ്. ഏറ്റവും വേഗത്തിലുള്ള, സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ഇവരാകും.

3 മൊബീല്‍ വാലറ്റുകളുടെ ഉപയോഗത്തിലുള്ള വര്‍ധന

സ്മാര്‍ട്ട്‌ഫോണുകള്‍ സമൂഹത്തില്‍ സര്‍വ്വവ്യാപിയായി മാറിയതോടെ മൊബീല്‍ വാലറ്റ് എന്ന ആശയവും സാര്‍വ്വത്രികമായി. പ്രാദേശികമായുള്ള ഇത്തിസലാത് വാലറ്റ്, ബീം വാലറ്റ്, മറ്റ് തദ്ദേശീയ ബാങ്കുകള്‍ എന്നിവയ്‌ക്കൊപ്പം ഗൂഗിള്‍പേ, സാംസംഗ് പേ, ആപ്പിള്‍ പേ എന്നീ ആഗോള ഭീമന്മാര്‍ കൂടി രംഗത്തെത്തിയതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയില്‍ മൊബീല്‍ വാലറ്റ് ഉപയോഗം വളരെയധികം വര്‍ധിച്ചതായി വിസ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ച് വളരെ ലളിതമായ രീതിയില്‍ പണമിടപാട് നടത്താമെന്നത് കൊണ്ടുതന്നെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും എന്തിന് ടാക്‌സികളിലും സിനാമാസിലും വരെ ഇന്ന് മൊബീല്‍ വാലറ്റുകളാണ് താരം.

4 സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ

രാജ്യത്ത് ഡിജിറ്റല്‍ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിലും കാഷ്‌ലെസ് സമൂഹമായി മാറുന്നതിനുള്ള പ്രതിബന്ധങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലും യുഎഇ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണ്. ഡിജിറ്റല്‍വല്‍ക്കരണത്തെയും ഇ-കൊമേഴ്‌സ് വ്യാപാരത്തെയും അനുകൂലിക്കുന്നവയായിരുന്നു സര്‍ക്കാര്‍ നയങ്ങള്‍. യുഎഇ വിഷന്‍ 2021 പദ്ധതിയില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ വ്യാപാരവും കാഷ്‌ലെസ് പേയ്‌മെന്റും. സാങ്കേതികതയില്‍ അധിഷ്ഠിതമായ ഇത്തരം സംവിധാനങ്ങളെ പിന്താങ്ങുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ദുബായ് 2021 ഉദ്യമത്തിന്റെ ഭാഗമായി തടസങ്ങളില്ലാത്ത, അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പേപ്പര്‍ലെസ്, കാഷ്‌ലെസ് സര്‍ക്കാര്‍ പദ്ധതി ഇതിലൊന്നാണ്.

5 ഡിജിറ്റല്‍ പണമിടപാടുകളിലുള്ള വിശ്വാസ്യത

വിസയും ദുബായ് ഇക്കണോമി ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 66 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലും 70 ശതമാനം ആളുകള്‍ ഡിജിറ്റല്‍ പണമിടപാടുകളിലും വിശ്വാസ്യത രേഖപ്പെടുത്തി. കച്ചവടക്കാര്‍ക്കും, സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും, ഉപഭോക്താക്കള്‍ക്കും പരിധികളില്ലാത്ത സാധ്യതകളാണ് ഇവ നല്‍കുന്നത്. അതുകൊണ്ടുതന്നെ തുടര്‍ന്നും ഉപഭോക്താക്കളുടെ വിശ്വാസ്യത ആര്‍ജിക്കുന്നതിലും ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുമായിരിക്കും വിസ പോലുള്ള പണമിടപാട് സേവന ദാതാക്കളുടെ ശ്രദ്ധ.

6 ഓണ്‍ലൈന്‍ വഴി ചിലവിടുന്ന തുക

ഏറ്റവും കൂടുതല്‍ ഓണ്‍ലൈനായി പണം ചിലവഴിക്കുന്ന ഉപഭോക്താക്കളില്‍ മുന്‍പന്തിയിലാണ് യുഎഇയിലുള്ള ഉപഭോക്താക്കള്‍. യുഎഇയിലുള്ള ഓണ്‍ലൈന്‍ ഉപഭോക്താവ് പ്രതിവര്‍ഷം ശരാശരി 1,648 ഡോളര്‍ ഓണ്‍ലൈനായി ചിലവിടുന്നു എന്നാണ് കണക്ക്. മാത്രമല്ല, 2020ഓടെ യുഎഇ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി ചിലവഴിക്കുന്ന തുകയില്‍ 29.6 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും വിസ പറയുന്നു.

7 കാഷ്‌ലെസ് ആകുന്നു

നിലവില്‍ യുഎഇയിലെ പണമിടപാടുകളില്‍ 75 ശതമാനവും പ്രത്യക്ഷത്തിലുള്ള പണം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് നടക്കുന്നത്. എങ്കിലും പണമിടപാടുകള്‍ ഡിജിറ്റലാകുന്നതിനുള്ള ശക്തമായ അടിത്തറ ഇതിനോടകം യുഎഇയില്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ കാഷ്‌ലെസ് ഉദ്യമങ്ങളില്‍ യുഎഇ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ 2018ല്‍ 70 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ഇതേ കാലയളവില്‍ കാഷ് ഓണ്‍ ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തില്‍ 15 ശതമാനം കുറവുണ്ടാകുകയും ചെയ്തു.

8 വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു

കൃത്യസമയത്ത് സാധനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക(ലോജിസ്റ്റിക്‌സ്) എന്നത് ഇ-കൊമേഴ്‌സ് മേഖലയില്‍ പരമ പ്രധാനമാണ്. ഇക്കാര്യത്തില്‍ യുഎഇ ഏറെ മുന്‍പന്തിയിലാണ്. വളരെ മികച്ച ചരക്ക് നീക്ക സംവിധാനങ്ങളുള്ള നാടാണ് യുഎഇ. മാത്രമല്ല, ചരക്ക് നീക്കത്തിനുള്ള ചിലവ് ഇവിടെ വളരെ കുറവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇ-കൊമേഴ്‌സ് വിപണിക്ക് വന്‍സാധ്യതകളുള്ള രാജ്യമാണ് യുഎഇ. ലോകത്തിലെ തന്നെ ഏറ്റവുമധികം ചരക്കുനീക്കം നടക്കുന്ന തുറമുഖങ്ങളിലൊന്നായ ജെബല്‍ അലി തുറമുഖവും കാര്‍ഗോ നീക്കത്തില്‍ ലോകത്തിലെ ആറാമത്തെ തിരക്കേറിയ വിമാനത്താവളമായ ദുബായ് രാജ്യാന്തര വിമാനത്താവളവും യുഎഇയുടെ ഇ-കൊമേഴ്‌സ് സാധ്യതകള്‍ക്ക് കരുത്ത് പകരുന്നു.

9 സുരക്ഷ

ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം സാധ്യമാക്കുക എന്നതിനൊപ്പം ഓണ്‍ലൈന്‍ പടമിടപാടുള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പ്രധാനമാണ്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ കാര്‍ഡുകള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബാങ്കുകളും മറ്റ് പണമിടപാട് സേവന ദാതാക്കളും പല നടപടികളും സ്വീകരിക്കുന്നുണ്ട്. കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമ തന്നെയാണോ ഇടപാട് നടത്തിയതെന്ന് ഉറപ്പിക്കുന്നതിനായി ഉപഭോക്താവിന് വണ്‍ ടൈം പാസ്‌വേര്‍ഡ് അയക്കുന്ന ‘വേരിഫൈഡ് ബൈ വിസ’പോലുള്ള ഉദ്യമങ്ങള്‍ അതിന് ഉദാഹരണമാണ്.

10 ഡിജിറ്റല്‍ ഷോപ്പിംഗ് അവസരങ്ങള്‍ വര്‍ധിക്കുന്നു

എല്ലാ വിഭാഗങ്ങളിലുമുള്ള വില്‍പ്പനക്കാര്‍ കച്ചവടത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര കമ്പനികള്‍ മാത്രമല്ല, തദ്ദേശീയ, ചെറുകിട സ്ഥാപനങ്ങള്‍ പോലും ഡിജിറ്റല്‍ ഇടപാടുകളെ സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം നല്‍കുന്ന നിരവധി ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നുണ്ട്. ഇവരെക്കൂടാതെ രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള പരമ്പരാഗത റീറ്റെയ്ല്‍ സംരംഭങ്ങള്‍ ഡിജിറ്റല്‍ രീതികളിലേക്ക് മാറുകയും അന്താരാഷ്ട്ര കമ്പനികള്‍ യുഎഇയില്‍ വിതരണ സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

Comments

comments

Categories: Arabia
Tags: e- commerce, UAE