തൈറോയ്ഡ് കാന്‍സര്‍ പുതിയ പരിശോധന അനാവശ്യ ശസ്ത്രക്രിയകള്‍ കുറയ്ക്കും

തൈറോയ്ഡ് കാന്‍സര്‍ പുതിയ പരിശോധന അനാവശ്യ ശസ്ത്രക്രിയകള്‍ കുറയ്ക്കും

ബയോപ്‌സികളിലെ തന്മാത്രാപരിശോധന തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയം മെച്ചപ്പെടുത്താനും അനാവശ്യ ശസ്ത്രക്രിയകള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു

തൈറോയ്ഡ് കാന്‍സര്‍ പരിശോധനയ്ക്ക് കണ്ടുപിടിച്ച ഒരു പുതിയ ചികിത്സാരീതി ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍ നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നതിനേക്കാള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയോടെയും പുതിയ രീതിക്കു കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു. തൈറോയ്ഡ് കാന്‍സറിന്റെ പതിവ് രോഗനിര്‍ണയപരിശോധനയുടെ ഭാഗമായി ഡോക്ടര്‍മാര്‍ പുതിയ ചികിത്സാരീതി ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് വലിയ പരീക്ഷണങ്ങളിലൂടെ ഈ കണ്ടെത്തലുകള്‍ സാധൂകരിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

വലിയ പഠനങ്ങളിലൂടെ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍, പുതിയ പരിശോധനയില്‍ ഓരോ വര്‍ഷവും നടക്കുന്ന ആയിരക്കണക്കിന് അനാവശ്യമായ തൈറോയ്ഡ് നീക്കംചെയ്യല്‍ ശസ്ത്രക്രിയകള്‍ തടയാന്‍ കഴിയും. തൈറോയ്ഡ് നീക്കം ചെയ്യുന്ന പല രോഗികള്‍ക്കും ജീവിതകാലം മുഴുവന്‍ ഹോര്‍മോണ്‍ ചികിത്സ നടത്തേണ്ടിവരുന്നു. അനാവശ്യ ശസ്ത്രക്രിയ തടയാനും കൂടുതല്‍ കൃത്യമായ രോഗനിര്‍ണയം നടത്താന്‍ അവരെ പ്രാപ്തരാക്കാനും പുതിയ ചികിത്സയിലൂടെ കഴിയുമെന്ന് ഗവേഷകയും ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി അധ്യാപികയുമായ ഡോ. ലിവിയ എസ്. എബെര്‍ലിന്‍പറയുന്നു. രോഗികള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്താനും ആരോഗ്യസംരക്ഷണ സംവിധാനത്തിനുള്ള ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ പഠനത്തില്‍ ഗവേഷണസംഘം, കാന്‍സറിന്റെ തന്മാത്രാ പ്രൊഫൈല്‍ അല്ലെങ്കില്‍ വിരലടയാളം വികസിപ്പിക്കുന്നതിന് മാസ് സ്‌പെക്ട്രോമെട്രി ഇമേജിംഗ് ഉപയോഗിക്കുന്നു. കാന്‍സര്‍ സെല്‍ പ്രവര്‍ത്തനത്തിന്റെ രാസ ഉപോല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ ഈ സാങ്കേതികവിദ്യ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ഫിംഗര്‍പ്രിന്റില്‍ ഏത് മെറ്റബോളിറ്റുകളാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് കണ്ടെത്താന്‍, തൈറോയ്ഡ് കാന്‍സര്‍ ഉള്ളവരും ഇല്ലാത്തവരുമടക്കം 178 പേരുടെ ടിഷ്യൂകളുടെ തന്മാത്രാ പ്രൊഫൈലുകളെടുത്ത് താരതമ്യം ചെയ്തു.

എഫ്എന്‍എ പരിശോധനയ്ക്ക് വിധേയരായ 68 പേരെ ഉള്‍പ്പെടുത്തി ഒരു പൈലറ്റ് ട്രയലില്‍ ഗവേഷകര്‍ പുതിയ വിരലടയാള മോഡലിന്റെ കൃത്യത പരിശോധിച്ചു. പരിശോധനയില്‍ 10 കേസുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായതെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തി. ഈ അളവിലുള്ള കൃത്യത ഉള്ള ഒരു പരിശോധനയില്‍ 17 പഠന പങ്കാളികളെ അനാവശ്യ ശസ്ത്രക്രിയയില്‍ നിന്നു രക്ഷിക്കാനും കഴിഞ്ഞു. സമീപകാല ദശകങ്ങളില്‍ തൈറോയ്ഡ് കാന്‍സര്‍ രോഗനിര്‍ണയം ഗണ്യമായി ഉയരുന്നതിന്റെ പ്രധാന കാരണം തൈറോയ്ഡില്‍ ചെറിയ മുഴകള്‍ തിരിച്ചറിയുന്നതിനുള്ള അള്‍ട്രാസൗണ്ട് പോലുള്ള സാങ്കേതികവിദ്യയുടെ അമിതോപയോഗമാണ് എന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സൂചിപ്പിക്കുന്നത്. തൈറോയ്ഡ് കാന്‍സര്‍ ചികിത്സയില്‍, ഡോക്ടര്‍മാര്‍ സാധാരണയായി ചില തൈറോയ്ഡ് ടിഷ്യുകള്‍ നീക്കം ചെയ്യാറുണ്ട്. ഇതിന് ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ (എഫ്എന്‍എ) എന്ന ബയോപ്‌സി പരിശോധന നടത്തുന്നു. ടിഷ്യു ക്യാന്‍സറാണോയെന്ന് അറിയാന്‍ ബയോപ്‌സി സാമ്പിളുകള്‍ പരിശോധിക്കുന്നു.

നിലവിലെ ടിഷ്യു വിശകലന ഉപകരണങ്ങളുടെ പരിമിതി കാരണം, എഫ്എന്‍എ പരിശോധനയില്‍ കാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല. എഫ്എന്‍എ പരിശോധനകള്‍ പരാജയപ്പെടുമ്പോഴാണ് ഡോക്ടര്‍മാര്‍ ജനിതക പരിശോധനകളിലേക്കു തിരിയുന്നത്. പക്ഷേ ഇവ പോലും പലപ്പോഴും തെറ്റായ ഫലങ്ങളാണു നല്‍കാറുള്ളത്. അതായത്, തൈറോയ്ഡ് കാന്‍സര്‍ ഇല്ലെങ്കിലും ഉണ്ടെന്ന് ഇത്തരം പരിശോധനകള്‍ സൂചിപ്പിക്കുന്നു. ഈ അനിശ്ചിതത്വങ്ങള്‍ കാരണമാണ് തൈറോയ്ഡ് ഭാഗികമായോ പൂര്‍ണ്ണമായോ നീക്കംചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ദ്ദേശിക്കാറുള്ളത്.

Comments

comments

Categories: Health