ദ സ്‌കൈ ഈസ് പിങ്ക് (ഹിന്ദി)

ദ സ്‌കൈ ഈസ് പിങ്ക് (ഹിന്ദി)

സംവിധാനം: സൊണാലി ബോസ്
അഭിനേതാക്കള്‍: ഫര്‍ഖാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര, സൈറ വസീം
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 29 മിനിറ്റ്

ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും സൂക്ഷ്മബോധത്തോടെ ചിത്രീകരിക്കാന്‍ ശ്രമിച്ച കഥയാണ് ദ സ്‌കൈ ഈസ് പിങ്കിന്റേതെന്നു പറയാം. ആ ഒരു ഗുണം ഭൂരിഭാഗവും കടപ്പെട്ടിരിക്കാന്‍ സാധ്യത, ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കി എഴുതിയ തിരക്കഥയോടായിരിക്കും. ഡല്‍ഹിയില്‍ ജനിച്ച ഐഷ ചൗധരി എന്ന 18 കാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണു ചിത്രം. രോഗപ്രതിരോധ ശേഷി കുറവുള്ള അസുഖമായിരുന്നു ഐഷ ചൗധരിക്ക്. ശിശുവായിരിക്കവേ മജ്ജ മാറ്റിവയ്ക്കല്‍, കീമോ തെറാപ്പി എന്നിവയ്ക്ക് അവള്‍ വിധേയയായി. വര്‍ഷങ്ങള്‍ക്കു ശേഷം കീമോയുടെ പാര്‍ശ്വഫലമായി പള്‍മണറി ഫൈബ്രോസിസ് പിടിപെട്ടു. അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറായി മാറിയ അവള്‍ മൈ ലിറ്റില്‍ എപ്പിഫാനീസ് എന്ന പേരില്‍ ഒരു പുസ്തകം രചിച്ചു. ഐഷയുടെ ചിന്തകളായിരുന്നു അതിലുള്ളത്. അവളുടെ പുസ്തകം പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പ്, 2015-ല്‍ 18ാം വയസില്‍ അവള്‍ മരിച്ചു. ഇനി സിനിമയിലേക്കു വരാം.

ദ സ്‌കൈ ഈസ് പിങ്ക് എന്നാണു ഐഷ ചൗധരിയുടെ ജീവിതം അടിസ്ഥാനമാക്കിയ ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. പേരില്‍ തന്നെ ഒരു വൈകാരിക തലമുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും. ചിത്രത്തില്‍ ഐഷയായി വേഷമിട്ടിരിക്കുന്നത് സൈറ വസീമാണ്. ഐഷയുടെ (സൈറ വസീം) ശബ്ദത്തോടെയാണു ചിത്രം തുടങ്ങുന്നത്. അതിലൂടെ പ്രേക്ഷകരെ അദിതിയുടെയും (പ്രിയങ്ക ചോപ്ര), നിരേന്റെയും (ഫര്‍ഹാന്‍ അക്തര്‍) ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്.
അദിതി മൂന്നാം തവണ ഗര്‍ഭിണിയാകുമ്പോള്‍, സന്തോഷത്തേക്കാള്‍ ഭയത്തോടെയാണ് അവള്‍ പ്രതികരിക്കുന്നത്. മുമ്പ് അവള്‍ ജന്മം നല്‍കിയ ഒരു കുഞ്ഞ് രോഗപ്രതിരോധ ശേഷിയില്ലാത്തതിനാല്‍ മരിച്ചിരുന്നു. ഇനി അദിതി ജന്മം നല്‍കാന്‍ പോകുന്ന കുഞ്ഞിനും ഇതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്. ആ ഒരു കാരണമാണു ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ അദിതിയെ ആശങ്കപ്പെടുത്തുന്നതും. ഇതൊക്കെയാണെങ്കിലും തങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഈ ലോകത്തിലേയ്ക്കു കൊണ്ടുവരാന്‍ അദിതിയും നിരേനും തീരുമാനിക്കുന്നു. അദിതിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന് രോഗ പ്രതിരോധ ശേഷിയുണ്ടാകില്ലെന്നു പരിശോധനയിലൂടെ വ്യക്തമാകുന്നതോടെ അദിതി ഡല്‍ഹിയില്‍നിന്നും ലണ്ടനിലേക്കു ചികിത്സയ്ക്കായി പുറപ്പെടുകയാണ്. ഐഷയുടെ ജനനത്തോടെ ദമ്പതികളായ അദിതിയുടെയും നിരേന്റെയും ജീവിതം തലകീഴായി മാറുകയാണ്. രോഗപ്രതിരോധ ശേഷിയില്ലാതെയാണു ഐഷ ജനിച്ചത്. അദിതി, നിരേന്‍ എന്നിവരെ സംബന്ധിച്ച് ഐഷയുടെ അസുഖം ഏല്‍പ്പിച്ചിരിക്കുന്നത് വലിയൊരു മാനസിക ആഘാതമാണ്. കാരണം ഇതിനു മുമ്പ് അവര്‍ക്ക് ഒരു മകളെ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും, അവര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഐഷയ്ക്കു സംഭവിക്കുന്ന എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ തീരുമാനിക്കുകയാണ്.

ചിത്രത്തിലെ വൈകാരികരംഗങ്ങളും പരിചയ സമ്പന്നരായ അഭിനേതാക്കളുടെ അതുല്യമായ പ്രകടനവും മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. സ്വന്തം മകളെ അവളുടെ ജീവിതത്തെ പൂര്‍ണമായും ജീവസുറ്റതാക്കുന്നതില്‍ വ്യാപൃതയായിരിക്കുന്ന അദിതി എന്ന അമ്മയുടെ വേഷം അനശ്വരമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഓരോ രംഗങ്ങളിലും സ്പര്‍ശിച്ച് അറിയാനാകുന്നുണ്ട് അദിതിയുടെ വേദനയും സങ്കടവും. ഭാര്യയ്ക്കു ശക്തമായ പിന്തുണ നല്‍കുന്ന ഭര്‍ത്താവായി ഫര്‍ഹാന്‍ അക്തര്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. സ്‌ക്രീനിലെ ഓരോ നിമിഷത്തിലും സൈറ വസീം ജീവിക്കുകയാണ്. സൈറയുടെ ഊര്‍ജ്ജസ്വലമായ പ്രകടനം ഐഷ എന്ന കഥാപാത്രത്തിന് തീവ്രമായൊരു തലം സമ്മാനിക്കുന്നുണ്ട്.

Comments

comments

Categories: Movies