സ്‌കോഡ ഒക്ടാവിയ ഓണിക്‌സ് അവതരിപ്പിച്ചു

സ്‌കോഡ ഒക്ടാവിയ ഓണിക്‌സ് അവതരിപ്പിച്ചു

പെട്രോള്‍-ഓട്ടോമാറ്റിക് വകഭേദത്തിന് 19.99 ലക്ഷം രൂപയും ഡീസല്‍-ഓട്ടോമാറ്റിക് വകഭേദത്തിന് 21.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: സ്‌കോഡ ഒക്ടാവിയ എക്‌സിക്യൂട്ടീവ് സെഡാന്റെ പുതിയ ബേസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണിക്‌സ് എന്ന വേരിയന്റാണ് പുറത്തിറക്കിയത്. പെട്രോള്‍ എന്‍ജിന്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 19.99 ലക്ഷം രൂപയും ഡീസല്‍ എന്‍ജിന്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 21.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. സെഡാന്റെ സ്‌റ്റൈല്‍ വേരിയന്റിലെ അതാത് എന്‍ജിന്‍-ട്രാന്‍സ്മിഷന്‍ കൂട്ടുകെട്ടുകളേക്കാള്‍ യഥാക്രമം ഏകദേശം 60,000 രൂപയും ഒരു ലക്ഷം രൂപയും കുറവ്. ജനപ്രീതി നേടിയ കാന്‍ഡി വൈറ്റ് കൂടാതെ പുതുതായി കൊറീദ റെഡ്, റേസ് ബ്ലൂ എന്നിങ്ങനെ ആകെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്‌കോഡ ഒക്ടാവിയ ഓണിക്‌സ് ലഭിക്കും.

മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, ഗ്ലോസ് ബ്ലാക്ക് നിറം നല്‍കിയ പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, വശങ്ങളില്‍ കറുത്ത ഡിക്കാള്‍, ബൂട്ടില്‍ ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള സ്‌പോയ്‌ലര്‍ എന്നിവ ഓണിക്‌സ് വേരിയന്റില്‍ നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് ഒക്ടാവിയയിലെ ഇരട്ട നിറ (ഇളം തവിട്ടുനിറം-കറുപ്പ്) അപ്‌ഹോള്‍സ്റ്ററിക്കു പകരം ഓണിക്‌സ് പതിപ്പില്‍ കാറിനകം പൂര്‍ണമായും കറുപ്പ് തീമിലാണ്. പുതിയ ‘സൂപ്പര്‍സ്‌പോര്‍ട്ട്’ ഫഌറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സീറ്റുകള്‍ക്ക് കറുത്ത തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ നല്‍കി.

ഒക്ടാവിയ സ്‌റ്റൈല്‍ വേരിയന്റിലെ എല്ലാ ഫീച്ചറുകളും ഓണിക്‌സ് എഡിഷന് ലഭിച്ചു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കംപാറ്റിബിലിറ്റി സഹിതം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ & പാസഞ്ചര്‍ സീറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോ ഡിമ്മിംഗ് അകക്കണ്ണാടി, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ് എന്നിവ സവിശേഷതകളാണ്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

1.8 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് പെട്രോള്‍ മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 180 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 2.0 ലിറ്റര്‍ ടിഡിഐ മോട്ടോറാണ്് ഡീസല്‍ മോഡല്‍ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 143 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഡിഎസ്ജി ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കൂട്ട്.

എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍, ഈയിടെ പരിഷ്‌കരിച്ച ഹ്യുണ്ടായ് ഇലാന്‍ട്ര, ടൊയോട്ട കൊറോള ഓള്‍ട്ടിസ്, ഹോണ്ട സിവിക് എന്നിവയാണ് സ്‌കോഡ ഒക്ടാവിയയുടെ പ്രധാന എതിരാളികള്‍. സ്‌കോഡ ഇതാദ്യമായല്ല ഓണിക്‌സ് എന്ന പേര് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം റാപ്പിഡ് ഓണിക്‌സ് എഡിഷന്‍ പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto