സംശുദ്ധ ഊര്‍ജം; ലക്ഷ്യം കൈവരിക്കുമോ ഭാരതം?

സംശുദ്ധ ഊര്‍ജം; ലക്ഷ്യം കൈവരിക്കുമോ ഭാരതം?

പുനരുല്‍പ്പാദന ഊര്‍ജമേഖലയിലെ ഉല്‍പ്പാദനം; ഇന്ത്യക്ക് ലക്ഷ്യം നേടാനാവില്ലെന്ന് ക്രിസില്‍. ലക്ഷ്യം സാധ്യമെന്നും റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്നും കേന്ദ്രം പറയുന്നു

ഊര്‍ജസ്രോതസുകള്‍ എങ്ങനെ വിനിയോഗിക്കുന്ന എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ പുരോഗതി നിര്‍ണയിക്കപ്പെടുന്നത്. സമൂഹത്തിന്റെ പരിണാമ പ്രക്രിയയ്ക്കനുസരിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന ഊര്‍ജ സ്രോതസുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും മാറി. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഹേതുവാകുന്ന തരത്തിലുള്ള ഊര്‍ജ ഉപഭോഗമായിരുന്നു നാളിതുവരെ നമ്മളെ നയിച്ചത്. ആ തിരിച്ചറിവാണ് പുനരുപയോഗ ഊര്‍ജ സ്രോതസുകളിലേക്കുള്ള മാറ്റത്തിന് നിദാനമായി തീര്‍ന്നത്.

സംശുദ്ധ ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനം ഇന്നൊരു അനിവാര്യതയായി മാറിയിരിക്കുകയാണ്. പരമ്പരാഗത ഊര്‍ജ സ്രോതസുകളെ മാത്രം ആശ്രയിക്കുന്നത് ഭൂമിയെ അപകടപ്പെടുത്തുമെന്ന ബോധ്യം വന്നുകഴിഞ്ഞിട്ടുമുണ്ട്. എങ്കിലും പുനരുപയോഗ ഊര്‍ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം പ്രതിസന്ധിയിലാണെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പോലുള്ള ആഗോള സ്ഥാപനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

സുരക്ഷിതവും താങ്ങാവുന്നതും സുസ്ഥിരവുമായ ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ പരിണാമത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുരടിപ്പനുഭവപ്പെടുകയാണെന്നാണ് ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്‍ക്കരിയുടെ ഉപയോഗം പല ഏഷ്യന്‍ രാജ്യങ്ങളിലും തുടരുകയാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ ഊര്‍ജ പരിവര്‍ത്തന സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്, ഓസ്ട്രിയ, യുകെ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഐസ്‌ലന്‍ഡ് തുടങ്ങിയവയാണ് ടോപ് 10 പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. വളരുന്ന വിപണികളില്‍ ഇന്ത്യ മെച്ചപ്പെട്ട നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2022 മാര്‍ച്ച് മാസത്തോടെ സംശുദ്ധ ഊര്‍ജ്ജ സ്രോതസുകളുടെ ശേഷി 175 ഗിഗാവാട്ട്് ആക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുത്. 2018 ജൂണ്‍ മാസം വരെയുള്ള കണക്കനുസരിച്ച് 71 ഗിഗാവാട്ടാണ് ഇന്ത്യയുടെ പുനരുല്‍പ്പാദന ഊര്‍ജ്ജശേഷി. എന്നാല്‍ അമേരിക്കയെയും ചൈനയെയും പോലുള്ള വമ്പന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. സംശുദ്ധ ഊര്‍ജ വിതരണത്തില്‍ തുല്യത കൈവരിക്കാനുള്ള നടപടികളിലും ലോകരാജ്യങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

എന്നാല്‍ ഇന്ത്യയുടെ കാര്യം ഇപ്പോള്‍ കഷ്ടമാണെന്നാണ് ക്രിസില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യക്ക് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്നും വിചാരിച്ചതിലും 42 ശതമാനം ശേഷിയേ കൈവരിക്കാന്‍ സാധിക്കൂവെന്നുമാണ് ക്രിസില്‍ പറയുന്നത്. നയപരമായ പ്രശ്‌നങ്ങളും മറ്റുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ വാദത്തെ തള്ളിയിട്ടുണ്ട്.

2022 ഓടെ പുനരുല്‍പ്പാദന ഊര്‍ജമേഖലയില്‍ നിന്ന് 1,75000 മെഗാവാട്ട് ഊര്‍ജോല്‍പ്പാദനമെന്ന നിശ്ചിതലക്ഷ്യം നേടാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് ക്രസില്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി.

2019 സെപ്റ്റംബറിലെ ക്രസില്‍ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് പുനരുല്‍പ്പാദന ഊര്‍ജമേഖലയില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായും പൊരുത്തപ്പെടുന്നതല്ല ഈ റിപ്പോര്‍ട്ടുകള്‍-സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2019 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യ പുനരുല്‍പ്പാദന ഊര്‍ജമേഖലയില്‍ 82,580 മെഗാവാട്ടിന്റെ അധിക ശേഷി സ്ഥാപിച്ചിട്ടുണ്ട്. 31,150 മെഗാവാട്ട് ശേഷിയുള്ള വിവിധ പദ്ധതികള്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതു വഴി 2021 ന്റെ ആദ്യപാദത്തോടെതന്നെ ഇന്ത്യ 1,13000 മെഗാവാട്ടിന്റെ ശേഷി കൈവരിക്കും. ഇത് ലക്ഷ്യമിട്ട ശേഷിയുടെ 65% വരും. ഇതിനു പുറമെ, 39,000 മെഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജോല്‍പ്പാദന ശേഷിയുള്ള പദ്ധതികളുടെ ലേലനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ 2021 സെപ്റ്റംബറോടെ പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാകും. ഇതോടു കൂടി മൊത്തം ഉല്‍പ്പാദനം ലക്ഷ്യമിട്ടതിന്റെ 87 ശതമാനമാകും.

23,000 മെഗാവാട്ടിന്റെ പുനരുല്‍പ്പാദന ഊര്‍ജ ശേഷി മാത്രം ലേലം ചെയ്യാന്‍ അവശേഷിക്കുമ്പോള്‍, ലക്ഷ്യമിട്ടതിനെക്കാള്‍ അധികം ഊര്‍ജോല്‍പ്പാദനം പുനരുല്‍പ്പാദനമേഖലയില്‍നിന്ന് സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി.

2022 മാര്‍ച്ച് മാസത്തോടെ സംശുദ്ധ ഊര്‍ജ സ്രോതസ്സുകളുടെ ശേഷി 175 ഗിഗാവാട്ട് ആക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018 ജൂണ്‍ മാസം വരെയുള്ള കണക്കനുസരിച്ച് 71 ഗിഗാവാട്ടാണ് ഇന്ത്യയുടെ പുനരുല്‍പ്പാദന ഊര്‍ജശേഷി. വിവിധ മേഖലകളിലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ സംശുദ്ധ ഊര്‍ജ സ്രോതസ്സുകളില്‍ അധിഷ്ഠിതമാക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാകുന്നുമുണ്ട്. ഫ്രാന്‍സുമായി ചേര്‍ന്നുള്ള അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് സഖ്യമെല്ലാം സംശുദ്ധ ഊര്‍ജസ്രോതസ്സുകളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതാണ്. ഈ സഖ്യത്തില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം വലിയ മാറ്റമുണ്ടാക്കും. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങള്‍ സോളാര്‍ അലയന്‍സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഒരു ട്രില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സൗരോര്‍ജ മേഖലയ്ക്കായി നടത്തുകയാണ് സൗരോര്‍ജ്ജ സഖ്യത്തിന്റെ ഉദ്ദേശ്യം.

സൗരോര്‍ജ വൈദ്യുതിയുടെ വ്യാപനത്തിന് ഫണ്ടിന്റെ ലഭ്യതക്കുറവ് ഒരിക്കലും അനുഭവപ്പെടില്ലെന്ന് ഉറപ്പാക്കാനും സോളാര്‍ അലയന്‍സിന് സാധിക്കും. ഭാവിയില്‍ പുനരുപയോഗ ഊര്‍ജ്ജരംഗത്ത് വിപ്ലവാത്മക ശക്തിയായി മാറിയേക്കാന്‍ സോളാര്‍ അലയന്‍സിന് സാധിക്കും. അതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇന്ത്യക്കും.

അതേസമയം ഊര്‍ജ വശ്യകത നിറവേറ്റുന്നതിനായി കല്‍ക്കരിയെ ആശ്രയിക്കുന്ന പ്രവണത ഇന്ത്യ അതിവേഗം ഇല്ലാതാക്കേണ്ടതുണ്ട്. ഇതേ ഊര്‍ജ്ജ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് കല്‍ക്കരിയെ തന്നെയാണെന്നാണ്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ കല്‍ക്കരി ഉപയോഗം കൂടുതലാണ്.

Categories: FK Special, Slider