പുതുതായി 8,000 ബുക്കിംഗ് നേടി എംജി ഹെക്ടര്‍

പുതുതായി 8,000 ബുക്കിംഗ് നേടി എംജി ഹെക്ടര്‍

സെപ്റ്റംബര്‍ 29 നാണ് എസ്‌യുവിയുടെ ബുക്കിംഗ് പുനരാരംഭിച്ചത്

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവി പുതുതായി 8,000 ബുക്കിംഗ് കരസ്ഥമാക്കിയതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. സെപ്റ്റംബര്‍ 29 നാണ് എസ്‌യുവിയുടെ ബുക്കിംഗ് പുനരാരംഭിച്ചത്. എംജി ഹെക്ടറിനോടുള്ള ആളുകളുടെ താല്‍പ്പര്യം അതേ പോലെ തുടരുന്നതാണ് ഇപ്പോഴും കാണുന്നത്. പന്ത്രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതുതായി 8,000 ബുക്കിംഗ് നേടിയിരിക്കുന്നത്. ജൂലൈ മാസത്തോടെ 28,000 ലധികം ബുക്കിംഗ് എംജി മോട്ടോര്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഉല്‍പ്പാദനവും ഡെലിവറിയും വൈകിയതോടെ ബുക്കിംഗ് സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ജൂണ്‍ 27 നാണ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതുവരെയായി 6,000 ലധികം യൂണിറ്റ് ഡെലിവറി ചെയ്യാന്‍ എംജി മോട്ടോര്‍ ഇന്ത്യയ്ക്കു സാധിച്ചു. നിലവില്‍ 15,000 ഓളം പേരാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. ഈ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ എംജി മോട്ടോര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഹെക്ടര്‍ എസ്‌യുവി നിര്‍മിക്കുന്നത്. ഏകദേശം ആറ് മാസത്തോളമാണ് ഇപ്പോഴത്തെ വെയ്റ്റിംഗ് പിരീഡ്.

ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങിയതുകൂടാതെ, ഹെക്ടറിന്റെ വില രണ്ടര ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതുതായി ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകമാകുന്നത്. ആദ്യഘട്ടത്തില്‍ ബുക്കിംഗ് നടത്തി എസ്‌യുവി കാത്തിരിക്കുന്നവരെ വില വര്‍ധന ബാധിക്കില്ല. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് എംജി ഹെക്ടര്‍ എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. എംജി മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ 120 ഔട്ട്‌ലെറ്റുകളിലോ ബുക്കിംഗ് നടത്താന്‍ കഴിയും. 50,000 രൂപയാണ് ബുക്കിംഗ് തുക.

Comments

comments

Categories: Auto