ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി സഖ്യത്തില്‍ അംഗമായി ഇന്ത്യ

ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി സഖ്യത്തില്‍ അംഗമായി ഇന്ത്യ

സ്മാര്‍ട്ട് ടെക്‌നോളജികളുടെ സ്വകാര്യത, സുരക്ഷ, സുസ്ഥിരത എന്നീ വിഷയങ്ങളില്‍ പുതിയ ആഗോള നയങ്ങള്‍ വരും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി ടെക്‌നോളജികളുടെ ഉത്തരവാദിത്വപൂര്‍ണവും ധാര്‍മികവുമായ ഉപയോഗത്തെ പിന്തുണയ്ക്കുന്ന ജി20 രാജ്യങ്ങളുടെയും ആഗോളതലത്തിലുള്ള മുന്‍നിര നഗരങ്ങളുടെയും സംഘടനകളുടെയും സഖ്യമായ ജി20 ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റീസ് അലയന്‍സ് ഓണ്‍ ടെക്‌നോളജി ഗവേണന്‍സില്‍ അംഗമായി ഇന്ത്യ. പൊതുസ്ഥലങ്ങളിലെ കണക്റ്റഡ് ഡിവൈസുകളുടെ ഉപയോഗം സംബന്ധിച്ച് ആഗോള മാനദണ്ഡങ്ങളും നയങ്ങളും രൂപീകരിക്കുന്നതും സഖ്യത്തിന്റെ അജണ്ടയിലുണ്ട്. സ്മാര്‍ട്ട് ടെക്‌നോളജികളുടെ സ്വകാര്യത, സുരക്ഷ, സുസ്ഥിരത എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്ന പുതിയ ആഗോള നയങ്ങള്‍ അടുത്തവര്‍ഷം റിയാദില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ അവതരിപ്പിക്കും. നയ രൂപീകരണം സംബന്ധിച്ച ആദ്യ സമ്മേളനം അടുത്ത മാസം സ്‌പെയ്‌നിലെ ബാഴ്‌സിലോണയില്‍ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോ വേള്‍ഡ് കോണ്‍ഗ്രസിനനുബന്ധമായി സംഘടിപ്പിക്കും.

നഗരങ്ങളുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും വികസനവും എണ്ണമറ്റ അവസരങ്ങള്‍ക്കൊപ്പം ഗുരുതരമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ഡയറക്റ്ററും ജോയന്റ് സെക്രട്ടറിയുമായ കുനാല്‍ കുമാര്‍ പറഞ്ഞു. ഇന്ത്യ നഗരവല്‍ക്കരണത്തിന്റെ മുന്‍നിരയിലുള്ള രാജ്യമാണ്. നമ്മുടെ നഗരങ്ങള്‍ സ്മാര്‍ട്ടും സുസ്ഥിരവുമായ രീതിയിലാണ് വികസിപ്പിക്കുന്നതെന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതക്കുരുക്ക് കുറയ്ക്കുക, കുറ്റകൃത്യങ്ങളെ നേരിടല്‍, മെച്ചപ്പെട്ട പ്രകൃതി ദുരന്ത നിവാരണം, ഹരിത വാതക ബഹിര്‍ഗമനം കുറയ്ക്കല്‍ തുടങ്ങിയ ധാരാളം രംഗങ്ങളില്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസ് വളരെ സഹായകമാണ്. എന്നാല്‍ ശരിയായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തില്‍ ഈ ടെക്‌നോളജികള്‍ സുരക്ഷ, സ്വകാര്യത ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ വലിയ വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ലോക സാമ്പത്തിക ഫോറം അഭിപ്രായപ്പെടുന്നത്.

Categories: FK News, Slider