ഇ-കൊമേഴ്‌സ് കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങള്‍

ഇ-കൊമേഴ്‌സ് കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങള്‍

ഇ-കൊമേഴ്‌സ് മേഖല ഇന്ത്യയില്‍ മറ്റേതു ബിസിനസിനെക്കാളും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുകയും കൂടുതല്‍ സേവനമേഖലകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് വളരെ വേഗത്തില്‍ വലുതായിക്കൊണ്ടിരിക്കുകയുമാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 10 കോടിയിലധികം ആളുകള്‍ ഇന്ന് ഇ-കൊമേഴ്‌സ് മേഖലയെ ആശ്രയിക്കുന്നുണ്ട്. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലും ഇ-കൊമേഴ്‌സ് വ്യാപാരം വളര്‍ച്ചയുടെ പാതയിലാണ്

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് മേഖല വര്‍ഷാവര്‍ഷം ഏകദേശം 35% വളര്‍ച്ച കാണിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ വിഭാഗങ്ങളായ ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയാണ് ആവശ്യകതയിലും മുന്നിലുള്ളത്. 2013 ല്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മൂല്യം 3.59 ബില്യണ്‍ ഡോളറായിരുന്നു. 2018 ആയപ്പോഴേക്കും ഇത് 17.52 ബില്യണ്‍ ഡോളറിലേക്കാണ് വളര്‍ന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് ഇടപാടുകളില്‍ 60% ആളുകളും ഉപയോഗിക്കുന്നത് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം കൈവശമെത്തുമ്പോള്‍ പണം നല്‍കുന്ന ‘കാഷ് ഓണ്‍ ഡെലിവറി’ സംവിധാനത്തെ ആണ്. 12% മുതല്‍ 16% വരെ ആളുകള്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. ഏകദേശം 12% ആളുകള്‍ നെറ്റ് ബാങ്കിംഗ് പ്രയോജനപ്പെടുത്തുന്നു. 2016 ന് ശേഷം ഏകദേശം 5% ആളുകള്‍ ഇഎംഐ സംവിധാനം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നു. ഉയര്‍ന്നതും കൂടുതല്‍ ആകര്‍ഷകവുമായ ഓഫറുകള്‍, ചില കാര്‍ഡുകള്‍ നല്‍കുന്ന അധിക ഡിസ്‌കൗണ്ടുകള്‍ എന്നിവ ആളുകളെ ഇഎംഐയിലേക്ക് അടുപ്പിക്കുന്നുണ്ട്.

ഇ-കൊമേഴ്‌സ് / ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ന് പറയുമ്പോള്‍ തങ്ങള്‍ക്കാവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല. ട്രെയ്ന്‍, ബസ്, സിനിമ, വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗ്, ഇവന്റുകള്‍ എന്നിവയൊക്കെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ട് ബിസിനസിനെ കൂടുതല്‍ സുതാര്യതയോടെ മുന്നോട്ട് കൊണ്ടുപോവാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് നടക്കുന്ന നഗരങ്ങള്‍ ഡെല്‍ഹി എന്‍സിആര്‍, ബോംബെ, ബാംഗളൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, പൂനെ, സൂറത്ത് എന്നിവയാണ്.

2016 ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം 100% ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്, നമ്മുടെ കൊച്ചു കേരളം. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 24% ആളുകളും ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ്. 2022 ആവുമ്പോഴേക്കും അത് 35% ആയി വളരും എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതല്‍ ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്തുന്നത്. ഒരുപക്ഷേ കൂടുതല്‍ സ്ത്രീകളും പുരുഷന്മാരെ ആശ്രയിച്ചു കൊണ്ട് പര്‍ച്ചേസ് ചെയ്യുന്നതിനാലാകാം ഇത്തരമൊരു കണക്ക്. കേരളം പോലെ 100% ഉപഭോക്തൃ സംസ്ഥാനമായ ഒരു പ്രദേശത്ത് ഇന്റര്‍നെറ്റിനും അതുപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗിനും വളരെ വലിയ സാധ്യതകളുണ്ട്. അതിന്റെ പ്രധാന കാരണം ഓണ്‍ലൈന്‍ ഷോപ്പിംഗ് നല്‍കി വരുന്ന സുതാര്യമായ സേവനങ്ങള്‍ തന്നെയാണ്. പൊതുവില്‍ മോശമെന്ന് പറയാവുന്ന പിഴവുകള്‍ സാധാരണ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഉണ്ടാവാറില്ല എന്നത് തന്നെയാണ് പ്രധാന കാരണം. അഥവാ ഉണ്ടായാല്‍ തന്നെ നമ്മുടെ അടുത്തെത്തി സാധനങ്ങള്‍ തിരിച്ചു കൊണ്ട് പോവുകയും മാറ്റിത്തരുകയും ചെയ്യും എന്നൊരു ഗുണം കൂടിയുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ട്രെന്‍ഡ് നോക്കുബോള്‍ 30-49 വയസ്സിനിടയില്‍ ഉള്ളവരാണ് 60% ഉപഭോക്താക്കളും. അതില്‍ തന്നെ 40 വയസിന് താഴെയുള്ള വിഭാഗത്തില്‍, പട്ടണങ്ങളിലേതിനേക്കാള്‍ ഗ്രാമങ്ങളിലുള്ളവരാണ് കൂടുതല്‍ ഷോപ്പിംഗ് നടത്തുന്നത്. അതുപോലെ പട്ടണങ്ങളിലെ 2-5 അംഗങ്ങള്‍ ഉള്ള കുടുംബങ്ങളാണ് 63% ഓണ്‍ലൈന്‍ വാങ്ങലുകളും നിര്‍വഹിക്കുന്നത്. എന്നാല്‍ ഗ്രാമങ്ങളിലെ 48% ഷോപ്പിംഗും 5-9 അംഗങ്ങള്‍ ഉള്ള കൂട്ടുകുടുംബ സംവിധാനങ്ങളിലാണ്. വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ ഷോപ്പിഗ് നടത്തുന്നത് ഗ്രാമ പ്രദേശങ്ങളിലാണ്, 10%. ഗ്രാമങ്ങളില്‍ 33% ഇ-കൊമേഴ്‌സ് വാങ്ങലുകള്‍ നടത്തുന്നത് ബിരുദധാരികളാണ്. നഗരങ്ങളിലെ 42% വാങ്ങലുകള്‍ നടത്തുന്നത് ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വ്യക്തികളാണ്.

നാഗരിക മേഖലകളിലെ 40% ഷോപ്പിംഗ് പ്രൊഫഷണലുകള്‍ നടത്തുന്നു. ഏറ്റവുമധികം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന പ്രൊഫഷണല്‍ വിഭാഗം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ / കോളേജ് ജീവനക്കാര്‍, എക്കൗണ്ടന്റുകള്‍, വക്കീലന്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണല്‍, ബിസിനസ് എന്നീ വിഭാഗങ്ങളില്‍ പെട്ടവരാണ്. പ്രതിമാസം 25,000 രൂപയ്ക്ക് മേലെ ശമ്പളം ഉള്ള ആളുകളാണ് പ്രധാനമായും ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വക്താക്കള്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് പുറമെ ഇന്ന് വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളും ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഓവന്‍, എസി, ഇന്‍ഡക്ഷന്‍ കുക്കര്‍, എല്‍ഇഡി/ എല്‍സിഡി ടിവികള്‍ അങ്ങനെ എല്ലാറ്റിന്റെയും കേന്ദ്രമായി ഇ-കൊമേഴ്‌സ് സൈറ്റുകള്‍ മാറി. ഇതേ ശ്രേണിയിലേക്ക് ഫര്‍ണിച്ചറുകള്‍ കൂടി പുതുതായി എത്തിയിട്ടുണ്ട്. ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, പെപ്പര്‍ഫ്രൈ, ഹോം സെന്റര്‍, വേക്ക്ഫിറ്റ്, വുഡന്‍ സ്ട്രീറ്റ്, അര്‍ബന്‍ ലാഡര്‍, ഫാബ്ഫര്‍ണിഷ്.കോം, ഇന്‍ലിവിംഗ് എന്നിങ്ങനെ ഓണ്‍ലൈനില്‍ ഫര്‍ണിച്ചറുകളുടെ വിശാല ശേഖരം ലഭ്യമാക്കുന്ന നിരവധി സൈറ്റുകളുണ്ട്.

ഫര്‍ണിച്ചര്‍ വ്യവസായം പ്രധാനമായും ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്കു നീങ്ങാനുള്ള പ്രധാന കാരണം കൂടിയ സ്ഥല വാടക, നേരിട്ടെത്തുന്ന ഉപഭോക്താക്കളുടെ കുറവ് എന്നിവയാണ്. എളുപ്പത്തില്‍ ചെയ്യാവുന്ന ചരക്ക് നീക്കം, ജിവനക്കാരുടെ എണ്ണം കുറയ്ക്കാനായത്, താങ്ങാവുന്ന പ്രദര്‍ശന സംവിധാനം, വിലയിളവ് നല്‍കാനുള്ള സൗകര്യം എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തെ കൂടുതല്‍ പ്രിയങ്കമാക്കുകയും ചെയ്തു. 2020 ആവുമ്പോഴേക്കും ഇന്ത്യയിലെ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ വരുന്ന സംഘടിത ഫര്‍ണിച്ചര്‍ മേഖല മുഴുവന്‍ 100% ഓണ്‍ലൈന്‍ സേവനത്തിലേക്കു മാറും.

ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണി പ്രധാനമായും ഫര്‍ണിച്ചറുകള്‍, ഫര്‍ണിച്ചര്‍ തുണിത്തരങ്ങള്‍, ഗൃഹാലങ്കാര ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂന്നു വിഭാഗവും കൂടി നല്‍കുന്ന ബിസിനസ് മൂല്യം 20 ബില്യണ്‍ ഡോളറിന്റേതാണ്. ഇതില്‍ 70% ഗൃഹോപകരണ മേഖലയാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഗൃഹ ഫര്‍ണിച്ചര്‍ വ്യവസായത്തിലെ അതികായകന്മാരാണ് ഗോദ്‌റെജ് (89 ദശലക്ഷം ഡോളര്‍ വില്‍പ്പന), സ്റ്റൈല്‍ സ്പാ (30 ദശലക്ഷം ഡോളര്‍ വില്‍പ്പന) എന്നിവ. രാജ്യത്തെ ഫര്‍ണിച്ചര്‍ വ്യവസായം വര്‍ഷാവര്‍ഷം 27% വളര്‍ച്ച പ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ വ്യവസായം മൂന്ന് മടങ്ങ് വളരും എന്നും പ്രവചിക്കപ്പെടുന്നു. ഇനിയും ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള ബിസിനസ് തന്നെയാണിതെന്ന് സാരം. രാജ്യത്തെ ഏകദേശം 500 നഗരങ്ങളില്‍ മാത്രമേ ഫര്‍ണിച്ചര്‍ വ്യാപാരം എത്തിയിട്ടുള്ളൂ. അതായത് വെറും 10% ജനങ്ങളിലേക്ക് മാത്രമേ ഈ വ്യവസായത്തിന് ഇപ്പോഴും കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഓണ്‍ലൈന്‍ വ്യവസായവും സേവനങ്ങളും കൂടുതല്‍ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ എല്ലാ വിഭാഗം ബിസിനസ് മേഖലകളും ഈ ബിസിനസ് മാതൃകയിലേക്ക് തിരിയും എന്നത് സ്വാഭാവികമാണ്. ഇന്ന് മെഡിക്കല്‍ മേഖല മുതല്‍ വീട്ടിലെ മൃഗങ്ങള്‍ക്കുള്ള ഭക്ഷണം വരെ ഓണ്‍ലൈന്‍ സേവനത്തിലേക്കു മാറിയിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വലിയ പ്രോത്സാഹന രീതികള്‍ അവലംബിക്കുകയും നികുതികള്‍ കുറച്ചു കൊണ്ട് കൂടുതല്‍ സുതാര്യതോയോടെ പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതും നേട്ടമാണ്. കൊച്ചു കേരളത്തിന് ഇനിയും ഈ മേഖലയില്‍ പുതിയ കാല്‍വെപ്പുകളുമായി മുന്നേറാനും തൊഴില്‍ വേദികള്‍ ഒരുക്കാനും കഴിയും.

Categories: FK Special, Slider
Tags: e- commerce