ഉല്‍പ്പാദനം 50% ഉയര്‍ത്താന്‍ എംജി മോട്ടോഴ്‌സ്

ഉല്‍പ്പാദനം 50% ഉയര്‍ത്താന്‍ എംജി മോട്ടോഴ്‌സ്

ഗുജറാത്തിലെ ഹലോളിലെ ഉല്‍പ്പാദനശാലയില്‍ ഒരു തൊഴില്‍ ഷിഫ്റ്റ് കൂടി കൂട്ടിച്ചേര്‍ക്കും; കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

2019 ജൂലൈ മാസം മുതലുള്ള 28 മാസത്തിനിടെ ഇന്ത്യയില്‍ നാല് എസ്‌യുവികള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയില്‍ ഉറച്ചു നില്‍ക്കുന്നു. വര്‍ധിച്ച ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സെയില്‍സ് ഔട്ട്‌ലെറ്റുകളും സര്‍വീസ് സ്‌റ്റേഷനുകളും ഉള്‍പ്പെടെയുള്ള ടച്ച്‌പോയന്റുകളുടെ എണ്ണം 2019 അവസാനത്തോടെ 120 ല്‍ നിന്ന് 250 ആക്കി ഉയര്‍ത്തും

-ഗൗരവ് ഗുപ്ത

ന്യൂഡെല്‍ഹി: ഹെക്റ്റര്‍ എസ്‌യുവിയുമായെത്തി ഇന്ത്യന്‍ കാര്‍ വിപണിയെ പ്രകമ്പനം കൊള്ളിച്ച എംജി മോട്ടോഴ്‌സ് ഉല്‍പ്പാദന ശേഷി 50% ഉയര്‍ത്താന്‍ തീരുമാനിച്ചു. അടുത്തമാസം മുതല്‍ ഗുജറാത്തിലെ ഹലോളിലെ ഉല്‍പ്പാദനശാലയില്‍ ഒരു തൊഴില്‍ ഷിഫ്റ്റ് കൂടി കൂട്ടിച്ചേര്‍ത്താവും ഉല്‍പ്പാദനം ത്വരിതപ്പെടുത്തുക. 40,000 ഓഡറുകളാണ് ഇതിനകം ഹെക്റ്ററിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇവ സമയപരിധിക്കകം വിതരണം ചെയ്യുകയെന്ന വെല്ലുവിളിയാണ് കമ്പനി ഏറ്റെടുക്കുന്നത്. കിയ സെല്‍റ്റോസും ടാറ്റ ഹാരിയറും ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പിനെ മറികടക്കാനും എംജി ലക്ഷ്യമിടുന്നു.

രാജ്യത്തെ വാഹന വിപണിയില്‍ കനത്ത മാന്ദ്യമാണെന്ന പരിവേദനങ്ങള്‍ ഹെക്റ്ററിന്റെ ബുക്കിംഗിനെ തരിമ്പും ബാധിച്ചിട്ടില്ല. ചൈനയിലെ എസ്എഐസി മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ ഹെക്റ്ററിന് ആദ്യഘട്ടത്തില്‍ 28,000 ഓര്‍ഡര്‍ ലഭിച്ചതോടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ മാസം എസ്‌യുവിയുടെ ബുക്കിംഗ് പുനരാരംഭിച്ചതിനൊപ്പം എല്ലാ വേരിയന്റുകളുടെയും വില 2.5% വര്‍ദ്ധിപ്പിച്ചു.

നവംബറോടെ വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ബുക്കിംഗ് നടത്തിയവരെ തൃപ്തിപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കുമെന്ന് എംജി മോട്ടോഴ്‌സ് ഇന്ത്യ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. രണ്ടാം ഷിഫ്റ്റ് കൂടി വരുന്നതോടെ പ്രതിമാസം 2,000 എന്നതില്‍ നിന്ന് 3,000 വാഹനങ്ങളിലേക്ക് ഉല്‍പ്പാദനം ഉയരും. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ 6,100 യൂണിറ്റ് ഹെക്ടറുകളാണ് കമ്പനി വിറ്റതെന്നും ഗുപ്ത വ്യക്തമാക്കി. ഷിഫ്റ്റുകളും ഉല്‍പ്പാദനവും ഉയരുന്നതോടെ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നും എംജി സൂചിപ്പിച്ചു.

Categories: Auto, Slider
Tags: mg motors