സംരംഭകരല്ലാത്ത 5 അതിസമ്പന്നരെ പരിചയപ്പെടാം…

സംരംഭകരല്ലാത്ത 5 അതിസമ്പന്നരെ പരിചയപ്പെടാം…

അതിസമ്പന്നരായ ഇന്ത്യന്‍ പ്രൊഫഷണലുകളെ പരിചയപ്പെടാം. സംരംഭകരല്ലാത്ത ഇവര്‍ ഇന്ന് കാണുന്ന ബഹുരാഷ്ട്ര ബിസിനസ് സാമ്രാജ്യങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. മലയാളിയായ തോമസ് കുര്യനാണ് ഈ പട്ടികയിലെ ഒന്നാമന്‍, സമ്പത്ത് 10,600 കോടി രൂപ. ഹുറന്‍ ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് അഞ്ചുപേരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്

1. തോമസ് കുര്യന്‍

കേരളത്തില്‍ ജനിച്ച തോമസ് കുര്യന്റെ സമ്പത്ത് 10,600 കോടി രൂപയാണ്. അമേരിക്കയിലെ അതിപ്രശസ്തമായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. എംബിഎ ബിരുദം നേടിയതാകട്ടെ മഹായശസ്‌കന്മാരെ സംഭാവന ചെയ്ത സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും. ടെക് ഭീമന്‍ ഒറാക്കിളില്‍ 22 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് കുര്യന്‍. ഒറാക്കിള്‍ ഫ്യൂഷന്‍ മിഡ്ഡില്‍വെയര്‍ ബിസിനസിന്റെ തലപ്പത്തായിരുന്നു അദ്ദേഹം. ഒറാക്കിളിന്റെ ഉല്‍പ്പന്ന വികസന വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. 2018 നവംബറിലാണ് അവിടെ നിന്നും രാജിവെച്ചത്. തുടര്‍ന്ന് ചേര്‍ന്നതാകട്ടെ സര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിലും. ഇപ്പോള്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒയാണ് കക്ഷി. ഒറാക്കിളിലായിരിക്കെ ഏകദേശം 3,000ത്തോളം ഉല്‍പ്പന്ന വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

2. ജയശ്രീ ഉള്ളാല്‍

ന്യൂഡെല്‍ഹിയില്‍ ജനിച്ച ജയശ്രീ ഉള്ളാലിന്റെ സമ്പത്ത് 9,800 കോടി രൂപയാണ്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നെറ്റ് വര്‍ക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ് വര്‍ക്‌സിന്റെ പ്രസിഡന്റും സിഇഒയുമാണ് ജയശ്രീ. കമ്പനിയില്‍ അവര്‍ക്ക് അഞ്ച് ശതമാനം ഓഹരിയുമുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ജയശ്രീ ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. സിസ്‌കോ സിസ്റ്റംസില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ഏകദേശം 15 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. അതിന് ശേഷമാണ് 2008ല്‍ അരിസ്റ്റ് നെറ്റ്‌വര്‍ക്‌സില്‍ ചേര്‍ന്നത്.

3. നികേഷ് അറോറ

6,000 കോടി രൂപയാണ് നിക്ഷേ അറോറയുടെ സമ്പത്ത്. പാളോ ആള്‍ട്ടോ നെറ്റ് വര്‍ക്‌സിന്റെ ചെയര്‍മാനും സിഇഒയുമാണ് നികേഷ് അറോറ. കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയാണിത്. ഗൂഗിളിന്റെ യൂറോപ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായിരുന്നു അറോറ. എയര്‍ടെല്‍, അവൈവ, കോള്‌ഗേറ്റ് പാമൊലിവ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായത് സോഫ്റ്റ്ബാങ്ക് കോര്‍പ്പിന്റെ സിഇഒയും പ്രസിഡന്റുമായിരുന്ന രണ്ട് വര്‍ഷക്കാലമാണ്. ജാപ്പനീസ് സംരംഭകനും ശതകോടീശ്വരസംരംഭകനുമായ മസയോഷി സണ്ണിന്റെ വമ്പന്‍ കമ്പനിയാണ് സോഫ്റ്റ്ബാങ്ക്. ഈ കമ്പനിയിലായിരിക്കെ അവരുടെ ഇന്ത്യന്‍ നിക്ഷേപകങ്ങള്‍ക്കും അറോറ മേല്‍നോട്ടം വഹിച്ചിരുന്നു. 2018ലാണ് പാളോ ആള്‍ട്ടോ നെറ്റ് വര്‍ക്‌സില്‍ ചേര്‍ന്നത്.

4. അജയ്പാല്‍ സിംഗ് ബംഗ

യുഎസ് കേന്ദ്രമാക്കിയ പേമെന്റ്‌സ് ടെക്‌നോളജി, ധനകാര്യ സേവന കമ്പനിയായ മാസ്റ്റര്‍കാര്‍ഡിന്റെ സിഇഒയാണ് അജയ്പാല്‍ സിംഗ് ബംഗ. 5,200 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലും ഐഐഎം അഹമ്മദാബാദിലുമായിരുന്നു പഠനം. സിറ്റി ബാങ്ക്, നെസ്ലെ, പെപ്‌സികോ തുടങ്ങിയ സംരംഭങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലാണ് മാസ്റ്റര്‍കാര്‍ഡിനൊപ്പം ചേരുന്നത്. കമ്പനിയുടെ ആഗോള വ്യാപനത്തിന് നേതൃത്വം നല്‍കാന്‍ ബംഗയ്ക്കായി.

5. സത്യ നാദെല്ല

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സിഇഒയാണ് സത്യ നാദെല്ല. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹത്തിന്റെ സമ്പത്ത് 5,100 കോടി രൂപയാണ്. കര്‍ണാടകയിലെ എംഐടിയില്‍ നിന്നും ബിരുദം നേടിയ സത്യ നാദെല്ല യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിനില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. മൈക്രോസോഫ്റ്റില്‍ ചേരന്നതിന് മുമ്പ് സണ്‍ മൈക്രോസിസ്റ്റംസിലെ ടെക്‌നോളജി വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. 2014ലാണ് ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ച കമ്പനിയുടെ സിഇഒയാണ് ചുമതലയേറ്റത്.

Categories: FK Special, Slider