ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ഇന്ത്യയില്‍

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 4.1 കോടി രൂപ

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.1 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഉറാകാന്‍ ഇവോ സ്‌പൈഡര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് എട്ട് മാസത്തിനുള്ളില്‍ ഡ്രോപ്പ്-ടോപ്പ് സൂപ്പര്‍കാര്‍ ഇന്ത്യയിലെത്തിയിരിക്കുന്നു. കാഴ്ച്ചയില്‍, ഉറാകാന്‍ ഇവോ എന്ന കൂപ്പെ വേര്‍ഷനുമായി സാമ്യം തോന്നാം. എന്നാല്‍ സോഫ്റ്റ് ടോപ്പ് കണ്‍വെര്‍ട്ടിബിളാണ് ഉറാകാന്‍ ഇവോ സ്‌പൈഡര്‍. ഇലക്ട്രോ-ഹൈഡ്രോളിക് സംവിധാനത്തോടെ റൂഫ് മടക്കാന്‍ കഴിയും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ 17 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സോഫ്റ്റ് ടോപ്പ് താഴ്ത്താം.

ഉറാകാന്‍ ഇവോ എന്ന കൂപ്പെ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍, ഉറാകാന്‍ ഇവോ സ്‌പൈഡറിന് 120 കിലോഗ്രാം ഭാരം കൂടുതലാണ്. ഭാരം വര്‍ധിച്ചതിന്റെ ഒരു പ്രധാന കാരണം റൂഫ് സംവിധാനമാണ്. ഭാരം വര്‍ധിച്ചെങ്കിലും സൂപ്പര്‍കാറിന്റെ ശേഷിയെ അത് ബാധിച്ചിട്ടില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.1 സെക്കന്‍ഡ് മതി. കൂപ്പെ പതിപ്പിനേക്കാള്‍ 0.2 സെക്കന്‍ഡ് കുറവ്. 0-200 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 9.3 സെക്കന്‍ഡ് മതി. ഉറാകാന്‍ ഇവോയേക്കാള്‍ 0.3 സെക്കന്‍ഡ് കുറവ്. അതേസമയം, ടോപ് സ്പീഡ് ഒരുപോലെയാണ്. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം.

ഉറാകാന്‍ ഇവോ ഉപയോഗിക്കുന്ന അതേ 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഉറാകാന്‍ ഇവോ സ്‌പൈഡറിന് കരുത്തേകുന്നത്. പവര്‍, ടോര്‍ക്ക് എന്നിവയിലും മാറ്റമില്ല. 8,000 ആര്‍പിഎമ്മില്‍ 631 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ലംബോര്‍ഗിനി ഡോപ്പിയ ഫ്രിസിയോണേ (എല്‍ഡിഎഫ്-ലംബോര്‍ഗിനി ഡുവല്‍ ക്ലച്ച്) ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെയാണ് ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ വരുന്നത്.

ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവയുടെ കാര്യത്തില്‍ കൂപ്പെ വേര്‍ഷനുമായി ഉറാകാന്‍ ഇവോ സ്‌പൈഡറിന് വളരെയധികം സമാനതകള്‍ കാണാന്‍ കഴിയും. എന്നാല്‍ മടക്കാന്‍ കഴിയുന്ന റൂഫുമായാണ് പുതിയ മോഡല്‍ വരുന്നത്. പൂര്‍ണമായും കറുപ്പ് നിറമുള്ളവയ്ക്കു പകരമായി ഉറാകാന്‍ ഇവോ സ്‌പൈഡറില്‍ നല്‍കിയിരിക്കുന്നത് ബോഡിയുടെ അതേ നിറത്തിലുള്ള ബംപറുകളാണ്. കറുത്ത എ പില്ലറുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. പിറകില്‍ പുതിയ ഡക്‌ടെയ്ല്‍ സ്‌പോയ്‌ലര്‍ കാണാം. കൂടുതല്‍ എയ്‌റോഡൈനാമിക് സൗഹൃദമാകുംവിധം ബോഡിയുടെ കീഴ്ഭാഗം പരിഷ്‌കരിച്ചു. 20 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകളിലാണ് ലംബോര്‍ഗിനി ഉറാകാന്‍ ഇവോ സ്‌പൈഡര്‍ വരുന്നത്. പിറേല്ലി പി സീറോ ടയറുകള്‍ നല്‍കി.

കാബിനില്‍, 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങി നിരവധി ഇന്‍-കാര്‍ ഫംഗ്ഷനുകളുടെ കണ്‍ട്രോള്‍ ഇവിടെയാണ്. ആപ്പിള്‍ കാര്‍പ്ലേ, വോയ്‌സ് കമാന്‍ഡ് സംവിധാനം, ഉയര്‍ന്ന ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് സഹിതം ഡുവല്‍ കാമറ ടെലിമെട്രി സിസ്റ്റം എന്നിവയും ഫീച്ചറുകളുടെ ഭാഗമാണ്. തുകല്‍, അല്‍കാന്ററ, കാര്‍ബണ്‍ സ്‌കിന്‍ എന്നിവയാണ് മൂന്ന് അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍. നൂതന കാര്‍ബണ്‍ ഫൈബര്‍ വസ്തുവാണ് കാര്‍ബണ്‍ സ്‌കിന്‍.

Categories: Auto