2023ഓടെ ലാഭത്തിലേക്ക് തിരികെയെത്തുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

2023ഓടെ ലാഭത്തിലേക്ക് തിരികെയെത്തുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള അഞ്ചുവര്‍ഷ കര്‍മ്മപദ്ധതിയുടെ ഗുണഫലങ്ങള്‍ കിട്ടിത്തുടങ്ങിയതായി കമ്പനി സിസിഒ

അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് 2023ഓടെ ലാഭത്തിലേക്ക് തിരികെയെത്തുമന്ന് കമ്പനി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റോബിന്‍ കമര്‍ക്. ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്രമായ പഞ്ചവത്സര കര്‍മ്മപദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചുതുടങ്ങിയെന്നും കമ്പനി സിസിഒ അവകാശപ്പെട്ടു.

അസാധാരണമായ വളര്‍ച്ചയല്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാഗ്രതയോടുകൂടിയ, ക്രമാനുഗതമായ വളര്‍ച്ചയാണ് ലക്ഷ്യമെന്നും റോബിന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ബിസിനസ് വിപണിയിലും ലോകത്തുടനതീളമുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും കാര്യമായ വളര്‍ച്ച ഉണ്ടാകാത്തതിനാല്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട സാമ്പത്തികസ്്ഥിതി പ്രതീക്ഷിക്കാനാകില്ല. ഇക്കാര്യങ്ങളും കൂടി പരിഗണിച്ചാണ് പരിവര്‍ത്തന പദ്ധതി തയാറാക്കിയത്.പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട ഫലമാണ് പുനസംഘടന പദ്ധതി നടപ്പിലാക്കുന്നത് വഴി ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളോ പദ്ധതിയെ തകിടം മറിക്കുന്ന മറ്റ് സംഭവങ്ങളോ ഉണ്ടായില്ലെങ്കില്‍ സമഗ്രമായ പരിവര്‍ത്തനം നേടുന്നതിന് അഞ്ച് വര്‍ഷങ്ങള്‍ ധാരാളമാണെന്നും റോബിന്‍ പറഞ്ഞു.

പ്രവര്‍ത്തനച്ചിലവുകള്‍ കുറച്ചും ലാഭകരമല്ലാത്ത റൂട്ടുകള്‍ റദ്ദ് ചെയ്തും തൊഴിലുകള്‍ വെട്ടിക്കുറച്ചും പുതിയ വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ പരിഷ്‌കരിച്ചും നഷ്ടം കുറക്കുന്നതിന് വേണ്ടി 2017ല്‍ ഇത്തിഹാദ് തന്ത്രപ്രധാന നയങ്ങള്‍ നടപ്പിലാക്കിയെങ്കിലും 2018ല്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കമ്പനിയില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2017നെ അപേക്ഷിച്ച് 2018ല്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചിലവുകളില്‍ 5.5 ശതമാനത്തിന്റെ കുറവുണ്ടാക്കാന്‍ കമ്പനിക്കായി. 2017ല്‍ 6.9 ബില്യണ്‍ ഡോളറായിരുന്ന പ്രവര്‍ത്തനച്ചിലവ് 2018ല്‍ 416 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇക്കാലയളവില്‍ ഭരണ നിര്‍വ്വഹണച്ചിലവുകളിലും മറ്റ് പൊതുചിലവുകളിലും 19 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

സമീപകാലത്തായി രണ്ട് എ350-1000 വിമാനങ്ങള്‍ കമ്പനി വാങ്ങിയതായി റോബിന്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങള്‍ കൂടി കമ്പനിക്ക് സ്വന്തമാകുമെന്ന് റോബിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

2020ഓടെ ക്രമാനുഗത വളര്‍ച്ചയിലേക്ക് കമ്പനി തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് കഴിഞ്ഞിടെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പുനസംഘടന പദ്ധതിയില്‍ റൂട്ടുകള്‍ പരിഷ്‌കരിക്കുന്നതിനാണ് ഡഗ്ലസ് ഊന്നല്‍ നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി ടെഹ്‌റാന്‍, ജയ്പൂര്‍, എന്റെബ്ബെ, ഡള്ളാസ്, ഹൊ ചി മിന്‍ സിറ്റി, ദര്‍ എസ് സലാം, ഈഡന്‍ബര്‍ഗ്, പെര്‍ത്ത് അടക്കം ലാഭകരമല്ലാത്ത നിരവധി റൂട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഇത്തിഹാദ് വേണ്ടെന്ന് വെച്ചിരുന്നു. കൂടുതല്‍ അച്ചടക്കവും ചടുലതയും ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടതെന്നാണ് ഡഗ്ലസ് അന്ന് പറഞ്ഞത്. പാതകളിലെ ലാഭമാണ് കമ്പനി പരിഗണിക്കുന്നത്, ഒരു റൂട്ടിന്റെ നിലനില്‍പ്പ് സംബന്ധിച്ച് സംശയമുണ്ടായാല്‍ പ്രവര്‍ത്തനച്ചിലവ് കണക്കിലെടുത്ത് ആ പാത ഉപേക്ഷിക്കാനാണ് കമ്പനി ശ്രമിക്കുകയെന്നും ഡഗ്ലസ് വ്യക്തമാക്കി.

Comments

comments

Categories: Arabia