മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.08 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഉല്‍സവ കാലം പ്രമാണിച്ച് മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് മോഡലിന്റെ പ്രത്യേക പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബൊലേറോ പവര്‍ പ്ലസിന്റെ എല്ലാ വേരിയന്റുകളിലും സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ ലഭിക്കും. 9.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടോപ് സ്‌പെക് ഇസഡ്എല്‍എക്‌സ് വേരിയന്റിനേക്കാള്‍ ഏകദേശം 22,000 രൂപ അധികം നല്‍കണം. ആയിരം യൂണിറ്റ് സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്.

സ്‌പെഷല്‍ എഡിഷന്‍ ആലേഖനങ്ങള്‍, സ്‌പെഷല്‍ എഡിഷന്‍ സീറ്റ് കവര്‍, സ്‌പെഷല്‍ എഡിഷന്‍ കാര്‍പ്പറ്റ് മാറ്റുകള്‍, സ്‌പെഷല്‍ എഡിഷന്‍ സ്‌കഫ് പ്ലേറ്റ് സെറ്റ്, സ്റ്റിയറിംഗ് വീല്‍ കവര്‍, മുന്നിലെ ബംപറില്‍ ആഡ്-ഓണ്‍ ഫോഗ് ലാംപുകള്‍, സ്റ്റോപ്പ് ലാംപ് സഹിതം സ്‌പോയ്‌ലര്‍ എന്നിവ സ്‌പെഷല്‍ എഡിഷന്‍ എസ്‌യുവിയുടെ സവിശേഷതകളാണ്. അതാത് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല.

മെക്കാനിക്കല്‍ കാര്യങ്ങളിലും മാറ്റമില്ല. 1.5 ലിറ്റര്‍ എംഹോക് ഡി70 ഡീസല്‍ എന്‍ജിന്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കരുത്തേകും. ഈ മോട്ടോര്‍ 70 ബിഎച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഇന്ത്യയില്‍ ഇതിനകം 12 ലക്ഷത്തിലധികം യൂണിറ്റ് ബൊലേറോ വില്‍ക്കാന്‍ മഹീന്ദ്രയ്ക്കു സാധിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ബൊലേറോ.

Comments

comments

Categories: Auto