എയര്‍ ഇന്ത്യയുടെ ലേലം ഉടന്‍

എയര്‍ ഇന്ത്യയുടെ ലേലം ഉടന്‍

വിമാനക്കമ്പനിയിലെ മുഴുവന്‍ ആസ്തികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിച്ചു. ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ താല്‍പ്പര്യ പത്രം ക്ഷണിക്കുമെന്നാണ് അറിയുന്നത്. കടക്കെണിയിലായ പൊതുമേഖലാ സ്ഥാപനത്തിന്റെ നിശ്ചിത ഓഹരികള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നിക്ഷേപകരെ ലഭിക്കാത്തതിനാല്‍ പിന്‍വാങ്ങേണ്ടി വന്നിരുന്നു. എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ നിയന്ത്രണം കൈയൊഴിയാന്‍ സര്‍ക്കാര്‍ അന്ന് തയാറാകാഞ്ഞതായിരുന്നു നിക്ഷേപകരുടെ താല്‍പര്യക്കുറവിന്റെ പ്രധാന കാരണം. 76% ഓഹരികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വില്‍പ്പനക്ക് വെച്ചിരുന്നത്.

തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ച് മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് ഇത്തവണ പദ്ധതി തയാറാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉന്നത സമിതിയുടെ അനുമതി കൂടി ഇതിന് ആവശ്യമാണ്. ഈ മാസം സമിതി വീണ്ടും യോഗം ചേരുന്നുണ്ട്. എയര്‍ ഇന്ത്യയുടെ ഭീമാകാരം പൂണ്ട കടബാധ്യതയും നിക്ഷേപകരെ അകറ്റുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് 58,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം. വിപണി വിഹിതം സ്വകാര്യ വിമാനകമ്പനികളായ ഇന്‍ഡിഗോ, സ്‌പേസ് ജെറ്റ് എന്നിവയ്ക്ക് താഴെയെത്തി.

പ്രശ്‌നം പരിഹരിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ കടബാധ്യതകളും നിഷ്‌ക്രിയ ആസ്തികളും മറ്റും പങ്കുവെയ്ക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) എന്ന പ്രത്യേക കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ കമ്പനിയുടെ നാല് സഹസ്ഥാപനങ്ങളും എഐഎഎച്ച്എല്ലിന്റെ കീഴിലേക്കാക്കിയിട്ടുണ്ട്. ആഭ്യന്തര വ്യോമയാന മേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിക്കാനുള്ള അനുമതിലും എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തെ സഹായിച്ചേക്കും.

നിര്‍ണായകം

നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന നിര്‍ണായകമാണ്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതുമൂലം പൊതുഖജനാവിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. ഇത് നികത്താനും ഒാഹരി വില്‍പ്പന പദ്ധതി വിജയിക്കേണ്ടതുണ്ട്.

Categories: FK News, Slider
Tags: Air India