ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കമ്പനികള്‍ ലയിച്ചു

ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കമ്പനികള്‍ ലയിച്ചു

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. ഗുര്‍പ്രതാപ് ബൊപ്പാരൈയാണ് മാനേജിംഗ് ഡയറക്റ്റര്‍

ന്യൂഡെല്‍ഹി: പാസഞ്ചര്‍ കാര്‍ ഉപകമ്പനികളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ലയിച്ചതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ കമ്പനിയുടെ പേര്. ഇതോടെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ പാസഞ്ചര്‍ കാര്‍ ബിസിനസ്സുകള്‍ ഒരു കുടക്കീഴിലായി. ഗുര്‍പ്രതാപ് ബൊപ്പാരൈയാണ് പുതിയ കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍.

ഓരോ ബ്രാന്‍ഡും അവരുടേതായ വ്യക്തിത്വവും ഡീലര്‍ ശൃംഖലയും നിലനിര്‍ത്തുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണി സംബന്ധിച്ച കാഴ്ച്ചപ്പാടും വിപണന തന്ത്രങ്ങളും പങ്കുവെയ്ക്കും. മഹാരാഷ്ട്രയിലെ പുണെ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം. മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രാദേശിക ഓഫീസുകള്‍ ഉണ്ടായിരിക്കും. ലയനത്തിലൂടെ ഇന്ത്യയിലെ മാനേജ്‌മെന്റ് വൈദഗ്ധ്യവും സാങ്കേതികവിദ്യകളും സംയോജിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബൊപ്പാരൈ പറഞ്ഞു. ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഡീലര്‍മാരുടെ ലാഭം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായും ഗുര്‍പ്രതാപ് ബൊപ്പാരൈ കൂട്ടിച്ചേര്‍ത്തു.

സ്‌കോഡ നയിക്കുന്ന ഇന്ത്യ 2.0 പ്രോജക്റ്റിന് നിലമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവിധ കമ്പനികള്‍ ലയിപ്പിച്ചിരിക്കുന്നത്. പ്രോജക്റ്റിന്റെ ഭാഗമായി ഫോക്‌സ്‌വാഗണും സ്‌കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി-എ0 പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ പതിപ്പായ ‘എംക്യുബി-എ0 ഇന്‍’ അടിസ്ഥാനമാക്കി ഈ വാഹനങ്ങള്‍ വിപണിയിലെത്തിക്കും. ലയനശേഷമുള്ള ആദ്യ മോഡലുകള്‍ സ്‌കോഡയുടെയും ഫോക്‌സ്‌വാഗണിന്റെയും മിഡ്‌സൈസ് എസ്‌യുവികളായിരിക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ രണ്ട് മോഡലുകളുടെയും കണ്‍സെപ്റ്റ് രൂപം പ്രദര്‍ശിപ്പിക്കും. പിന്നീട് രണ്ട് ബ്രാന്‍ഡുകളും ഇതേ പ്ലാറ്റ്‌ഫോമില്‍ ഓരോ സെഡാന്‍ പുറത്തിറക്കും. 2025 ഓടെ ഇന്ത്യയില്‍ രണ്ട് ബ്രാന്‍ഡുകളുടെയും വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയുടെ ലക്ഷ്യം.

Comments

comments

Categories: Auto
Tags: Volkswagen