അര്‍ബനൈറ്റ് ബ്രാന്‍ഡ് ഈ മാസം പതിനാറിന്

അര്‍ബനൈറ്റ് ബ്രാന്‍ഡ് ഈ മാസം പതിനാറിന്

ബജാജ് ഓട്ടോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡാണ് അര്‍ബനൈറ്റ്

ന്യൂഡെല്‍ഹി: ബജാജ് ഓട്ടോയുടെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ അര്‍ബനൈറ്റ് ഈ മാസം 16 ന് അവതരിപ്പിക്കും. ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡാണ് അര്‍ബനൈറ്റ്. ബജാജ് ഓട്ടോയുടെ കീഴിലെ പുതിയ വിഭാഗമായിരിക്കും അര്‍ബനൈറ്റ് ബ്രാന്‍ഡ്. ഈ ബ്രാന്‍ഡില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ചടങ്ങില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ്, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം.

ബജാജ് അര്‍ബനൈറ്റ് സ്‌കൂട്ടര്‍ പരീക്ഷണ ഓട്ടം നടത്തുന്നത് പലതവണ കണ്ടെത്തിയിരുന്നു. റെട്രോ ഡിസൈനിലുള്ളതാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് സൂചന. വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, വളഞ്ഞ ബോഡി പാനലുകള്‍, അലോയ് വീലുകള്‍, സിംഗിള്‍ സൈഡ് സസ്‌പെന്‍ഷന്‍ സജ്ജീകരണം എന്നിവ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇലക്ട്രിക് സ്‌കൂട്ടറിന് ചേതക് എന്ന പഴയ പേര് വീണ്ടും നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം.

പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും അര്‍ബനൈറ്റ് സ്‌കൂട്ടര്‍. ഒക്കിനാവ, ഹീറോ ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ആംപിയര്‍, ട്വന്റി ടു മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കും എതിരാളികള്‍. നിക്ഷേപം, മറ്റ് ഉല്‍പ്പന്നങ്ങള്‍, വിപണിയില്‍ അവതരിപ്പിക്കുന്ന സമയക്രമം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഒക്‌റ്റോബര്‍ 16 ന് അറിയാം.

Comments

comments

Categories: Auto
Tags: Urbanite