ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയുമായി സഹകരിക്കില്ലെന്ന് പേപ്പല്‍

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയുമായി സഹകരിക്കില്ലെന്ന് പേപ്പല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി സംരംഭമായ ലിബ്രയുമായി സഹകരിക്കുന്ന കമ്പനികളുടെ കൂട്ടുകെട്ടില്‍നിന്നും പിന്മാറിയതായി പേയ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേപ്പല്‍ വെള്ളിയാഴ്ച അറിയിച്ചു. പിന്മാറാനുള്ള കാരണമെന്താണെന്നു പേപ്പല്‍ അറിയിച്ചില്ല. ഈ വര്‍ഷം ജൂണിലായിരുന്നു ഫേസ്ബുക്ക് ഡിജിറ്റല്‍ കറന്‍സിയായ ലിബ്ര, ഡിജിറ്റല്‍ വാലറ്റായ കാലിബ്ര എന്നിവയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

2020-ല്‍ പുറത്തിറക്കാനാണു ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നതും. എന്നാല്‍ യുഎസില്‍ റെഗുലേറ്റര്‍മാര്‍ ഇതിനെതിരേ രംഗത്തുവന്നതും, യൂറോപ്പില്‍ ലിബ്രയെ തടയുമെന്ന് ഫ്രാന്‍സും, ജര്‍മനിയും അറിയിച്ചിരുന്നു. ഇതിനു ശേഷം ഇപ്പോള്‍ പേപ്പലും ലിബ്രയുമായി സഹകരിക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചത് ഫേസ്ബുക്കിനു തിരിച്ചടിയായിരിക്കുകയാണ്. ലിബ്ര എന്ന ആശയം വികസിപ്പിക്കാന്‍ ലിബ്ര അസോസിയേഷനുമായി 28 കമ്പനികളുടെ ഒരു കൂട്ടായ്മ സഹകരിക്കുന്നുണ്ട്. അവയിലൊന്നാണു പേപ്പല്‍. വിസ, മാസ്റ്റര്‍ കാര്‍ഡ്, യൂബര്‍, ചാരിറ്റി സംഘടനയായ മേഴ്‌സ് കോര്‍പ്‌സ് എന്നിവയും ലിബ്ര അസോസിയേഷനുമായി സഹകരിക്കുന്ന പ്രമുഖ സ്ഥാപനങ്ങളാണ്. മെസഞ്ചര്‍, വാട്‌സ് ആപ്പ് പോലുള്ള ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായി ട്രേഡ് ചെയ്യാന്‍ സാധിക്കുന്നൊരു ക്രിപ്‌റ്റോകറന്‍സിയായി പ്രവര്‍ത്തിക്കാന്‍ തക്കവിധമുള്ളതായിട്ടാണ് ലിബ്രയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനു പുറമേ അന്താരാഷ്ട്ര തലത്തിലുള്ള കൈമാറ്റത്തിനായും ഉപയോഗിക്കാന്‍ ലിബ്രയെ പ്രാപ്തമാക്കുക എന്നതും ഫേസ്ബുക്കിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ ലിബ്രയ്‌ക്കെതിരേ റെഗുലേറ്റര്‍മാരില്‍നിന്നുള്ള എതിര്‍പ്പ് ഉയരുന്നതു കൂടാതെ പദ്ധതിയുമായി സഹകരിച്ചിരുന്നവരും പിന്മാറുകയാണ്.

Comments

comments

Categories: World
Tags: PayPal