മഞ്ഞുരുക്കാന്‍ മാമല്ലപുരം

മഞ്ഞുരുക്കാന്‍ മാമല്ലപുരം

തമിഴ്‌നാട്ടിലെ മാമല്ലപുരമെന്ന പുരാതന പട്ടണം, വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ പ്രൗഢിയോടെ അതിഥികളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങും. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളുടെ തലവന്‍മാര്‍ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ഇവിടെ ഒരുമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടത്തുന്ന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയില്‍ അതിര്‍ത്തി തര്‍ക്കം മുതല്‍ ഉഭയകക്ഷി വ്യാപാരം വരെ വിവിധ വിഷയങ്ങളാവും ചര്‍ച്ചയാവുക

തമിഴില്‍ മാമല്ലപുരം, മലയാളികള്‍ക്ക് മഹാബലിപുരം…ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരം ചേര്‍ന്ന് കിടക്കുന്ന ഈ പുരാതന നഗരം ഇപ്പോള്‍ വീണ്ടും ലോക ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്ത ദിവസങ്ങളില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി ഈ പൈതൃക നഗരത്തിലെത്തുന്നു എന്നതു തന്നെയാണ് കാരണം.

പല്ലവ രാജവംശം ഏഴാമത്തെയും എട്ടാമത്തെയും നൂറ്റാണ്ടുകളില്‍ പടുത്തുയര്‍ത്തിയ ഈ പുരാതന നഗരം, ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇടമാണ്. കടലോരം ചേര്‍ന്ന് ഒറ്റക്കല്ലില്‍ പണിതിട്ടുള്ള അമ്പലവും അര്‍ജുനന്റെ രഥവും ശ്രീകൃഷ്ണന്റെ വെണ്ണക്കല്ലും ഒക്കെയുള്ള ശില്‍പ്പകലയുടെ ഉദാത്തമായ ഈ നഗരത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ യുനെസ്‌കോ പൈതൃക നഗര പദവി നല്‍കിയിരുന്നു.

തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. കാഞ്ചീപുരം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന രാജവംശമാണ് പല്ലവന്മാരുടേത്. ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജാവായ നരസിംഹ വര്‍മ്മന്‍ ഒന്നാമനാണ് മാമല്ലപുരം എന്ന നഗരം സൃഷ്ടിച്ചത്. കല്ലില്‍ കടഞ്ഞെടുത്ത നിരവധി ശില്‍പകലാ വിരുതുകളും പണികഴിപ്പിച്ചത് നരസിംഹവര്‍മ്മന്റെ കാലത്ത് തന്നെയാണ്.

1279 ല്‍ പാണ്ഡ്യ രാജവംശം പല്ലവന്മാരെ കീഴടക്കുന്നതുവരെ പ്രതാപകാലം മഹാബലിപുരത്തിന്റെ കൂടെയായിരുന്നു. കാഞ്ചീപുരം അഥവാ ആയിരം അമ്പലങ്ങളുടെ നാട് ആസ്ഥാനമായി ഭരിച്ച പല്ലവന്മാര്‍ ഒരു വേള തങ്ങളുടെ അതിര്‍ത്തി കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. മഹാബലിപുരം തുറമുഖം വഴിയാണ് ഇന്തോനേഷ്യയിലെ ബാലിയിലും ജാവയിലുമൊക്കെ പല്ലവന്മാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്.

ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടോടെ പല്ലവന്മാര്‍ ശ്രീലങ്ക മുഴുവനും കീഴടക്കി. നരസിംഹ വര്‍മ്മന്‍ ഒന്നാമന്‍ രാജാവും പരമേശ്വരന്‍ രാജാവും വാസ്തുവിദ്യാ രംഗത്തും ഭരണ രംഗത്തും പല്ലവ വംശത്തെ അതിന്റെ ഔന്നത്യത്തില്‍ എത്തിച്ചു. പിന്നീട് വന്ന നരസിംഹ വര്‍മ്മന്‍ രണ്ടാമന്‍ രാജാവാണ് പ്രസിദ്ധമായ കറുകത്തമ്മന്‍ ക്ഷേത്രം പണികഴിപ്പിച്ചത്. ചൈനീസ് സഞ്ചാരിയായ ഹുയാംഗ്‌സാംഗ് കാഞ്ചീപുരവും മഹാബലീശ്വരവും ഒക്കെ സന്ദര്‍ശിക്കുകയും തന്റെ ഡയറിയില്‍ യാത്രാനുഭവം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈയെ പോണ്ടിച്ചേരിയുമായി ബന്ധിപ്പിക്കുന്ന ഇസിആര്‍ റോഡിന് അഭിമുഖമായി തന്നെയാണ് മഹാബലിപുരവും. കൃത്യമായി പറഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമായ മദ്രാസില്‍ നിന്ന് 60 കിലോമീറ്റര്‍ കിഴക്കും ഫ്രഞ്ച് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന പോണ്ടിച്ചേരിയില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുമായിട്ടാണ് നഗരം സ്ഥിതി ചെയ്യുന്നത്. പഞ്ചരഥവും ഗുഹാക്ഷേത്രവുമൊക്കെയുളള മഹാബലിപുരത്തേക്ക് ലോകത്തെ പ്രധാനപ്പെട്ട രണ്ട് നേതാക്കളും എത്തുന്നതോടെ രാജകീയപ്രൗഢി നഗരത്തിന് ഒരിക്കല്‍ കൂടി വന്ന് ചേരുമെന്നത്് ഉറപ്പാണ്.

സമുദ്രവും കടന്ന് രാജ്യാതിര്‍ത്തി ദക്ഷിണ-പൂര്‍വ ഏഷ്യയിലേക്ക് വ്യാപിപ്പിച്ച പല്ലവന്മാര്‍ക്ക് മഹാബലിപുരം നല്ലൊരു പൈതൃക തുറമുഖം കൂടിയായിരുന്നു. ഐശ്വര്യദായകമായ മഹാബലിപുരം പൈതൃക നഗരിയില്‍ നിന്ന് ഇന്ത്യക്കും ചൈനക്കുമിടയില്‍ അടിഞ്ഞുകൂടിയ മഞ്ഞുരുക്കാനുള്ള പ്രസ്താവന ഇരുനേതാക്കളും നല്‍കുകയാണെങ്കില്‍ ചരിത്രം ഒരിക്കല്‍ കൂടി മഹാബലിപുരത്തെ രേഖപ്പെടുത്തും.

പല്ലവന്മാര്‍ നാലാം നൂറ്റാണ്ടില്‍ അധികാരത്തിലെത്തിയപ്പോഴാണ് കാഞ്ചീപുരം ആസ്ഥാനമായി മാറിയത്. പ്രാചീന ഭാഷയായ സംസ്‌കൃതത്തിന് മേല്‍ തമിഴ് പ്രതിഷ്ഠിക്കപ്പെട്ടതും പല്ലവന്മാരുടെ കാലത്ത് തന്നെയാണ്. പല്ലവന്മാരുടെ വാസ്തുവിദ്യാ ശൈലികള്‍ ചൈനക്കാരെയും സ്വാധീനിച്ചിട്ടുണ്ട്. ചൈനക്കാരുമായി കടല്‍ വഴി വ്യാപാരബന്ധവും പല്ലവന്മാര്‍ക്കുണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായ മഹാബലിപുരം എന്ന പൈതൃക പട്ടണം തന്നെ ഇരു നേതാക്കള്‍ക്കും ആതിഥ്യം നല്‍കുമ്പോള്‍ ചരിത്രം വഴിമാറുക തന്നെയാണ്. സമാനതകളില്ലാത്ത ശില്‍പകലാ വിരുതിന്റെ നഗരത്തില്‍ നിന്ന് മോദിയും ഷി ജിന്‍പിംഗും കൈകൊടുക്കുമ്പോള്‍ സമാധാന ഉടമ്പടി കൊത്തിവെക്കാന്‍ ശില്‍പ്പികളും മഹാബലിപുരത്ത് കാത്ത് നില്‍ക്കുന്നു.

Categories: FK Special, Slider