സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരേ രംഗത്ത്

സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരേ രംഗത്ത്

ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങള്‍ക്കെതിരേ ഹാരി രാജകുമാരനും ഭാര്യ മേഗനും നിയമ പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസിലാക്കുകയും അതിനോടുള്ള ആദരവ് നിലനിര്‍ത്തുകയും ചെയ്യുന്നതായി പറഞ്ഞ ഹാരി, മാധ്യമങ്ങള്‍ അനന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ വ്യക്തികള്‍ക്കെതിരേ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. ഹാരിയുടെ അമ്മയായ ഡയാനയോട് പെരുമാറിയതു പോലെ തന്നെ ഭാര്യയായ മേഗനോടും പെരുമാറുകയാണെന്നും ആരോപിച്ചു

സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനായി, ഫോണ്‍ ഹാക്ക് ചെയ്തുവെന്നും വോയ്‌സ് മെയ്ല്‍ ചോര്‍ത്തിയെടുത്തെന്നും ആരോപിച്ചു ഹാരി രാജകുമാരന്‍ പ്രമുഖ ബ്രിട്ടീഷ് ടാബ്ലോയ്ഡുകളായ ദ സണ്‍, ഡെയ്‌ലി മിറര്‍ എന്നിവയുടെ ഉടമകള്‍ക്കെതിരേ ഹര്‍ജി സമര്‍പ്പിച്ചു. സസെക്‌സിലെ പ്രഭു കൂടിയായ ഹാരി രാജകുമാരനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നു ബെക്കിംഗ്ഹാം കൊട്ടാര അധികൃതര്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു, പകര്‍പ്പവകാശം, 2018-ലെ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ ലംഘിച്ചുവെന്നാരോപിച്ചു സസെക്‌സിലെ പ്രഭുപത്‌നിയായ മേഗന്‍ കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബര്‍ 29) ഡെയ്‌ലി മെയ്ല്‍, മെയ്ല്‍ എന്നിവയുടെ പ്രസാദകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡുകളായ ദ സണ്‍, ഡെയ്‌ലി മിറര്‍ എന്നിവയുടെ ഉടമകള്‍ക്കെതിരേ മേഗന്റെ ഭര്‍ത്താവ് ഹാരി രാജകുമാരന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മാധ്യമങ്ങളുമായി സ്വരചേര്‍ച്ചയില്ലാത്തതെന്നോ അപൂര്‍ണ്ണമായതെന്നോ വിളിക്കാവുന്ന ബന്ധത്തിന്റെ ചരിത്രം പറയാനുണ്ട് ബ്രിട്ടനിലെ രാജകുടുംബങ്ങള്‍ക്ക്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരേ കോടതിയില്‍ രാജകുടുംബാംഗങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അതിന് ഏറ്റവും പുതിയ തെളിവാണ്. 2012-ല്‍ മാറുമറക്കാത്ത വസ്ത്രമണിഞ്ഞു സൂര്യസ്‌നാനം നടത്തുന്ന വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ട്ടണിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിനു ഫ്രഞ്ച് മാസികയ്‌ക്കെതിരേ നിയമനടപടി രാജകുടുംബം സ്വീകരിച്ചിരുന്നു. ഹാരിയുടെ മൂത്ത സഹോദരനാണു വില്യം. പകര്‍പ്പവകാശം ലംഘിച്ചതിനു സണ്‍ എന്ന മാധ്യമത്തിനെതിരേ നേരത്തേ എലിസബത്ത് രാജ്ഞി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പണ്ട് ഡയാന രാജകുമാരി ഡെയ്‌ലി മിററിനെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളുമായുള്ള ഡയാനയുടെ ബന്ധം സങ്കീര്‍ണ്ണവും ദാരുണവുമായിരുന്നെന്നു നോട്ടിംഗ്ഹാം ട്രെന്റ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകന്‍ സൈമണ്‍ ക്രോസ് പറയുന്നു. ഡയാന രാജകുമാരിയെ ബ്രിട്ടീഷ് ടാബ്ലോയ്ഡ് സംസ്‌കാരത്തിന്റെ ഇരയായിട്ടാണു പൊതുവേ വിശേഷിപ്പിക്കുന്നതെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ക്കായി അവര്‍ ടാബ്ലോയ്ഡുകളെ ഉപയോഗിച്ചിരുന്നു എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

നല്ല കാര്യത്തിനു വേണ്ടിയാണെങ്കില്‍ പോലും മാധ്യമങ്ങള്‍ക്കെതിരേ ഇതുപോലെ ശക്തമായി രംഗത്തുവരാന്‍ ഇതുവരെ ഒരു രാജകുടുംബാംഗവും തയാറായിട്ടില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഹാരി അതിന് തയാറായിരിക്കുന്നു. എന്തായിരിക്കാം ഹാരിയെ അതിന് പ്രേരിപ്പിച്ചത് ? ഒരു പക്ഷേ ഹാരിക്ക് അദ്ദേഹത്തിന്റെ അമ്മയെ നഷ്ടപ്പെട്ടതിലുള്ള വേദനയാകാം.
ഹാരിയും ഭാര്യ മേഗനും ഉള്‍പ്പെടുന്ന രാജകുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിയമപരമായി മാധ്യമങ്ങള്‍ക്കെതിരേ നടത്തിയിരിക്കുന്ന ആക്രമണം ശ്രദ്ധേയമാകുന്നത് ഹാരി ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്ന 500 വാക്കുകളുള്ള നിശിതവിമര്‍ശനമാണ്. പരുഷവും, വൈകാരികവും, കോപവും നിറഞ്ഞ വാക്കുകളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഹാരിയുടെ പരിധിയില്ലാത്ത ശബ്ദമായിരുന്നു അതില്‍ മുഴങ്ങി കേട്ടത്. ബ്രിട്ടന്റെ ടാബ്ലോയ്ഡുകള്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ അച്ചടിച്ച്, നിരന്തരമായ പ്രചാരണം നടത്തി, നുണയ്ക്കു ശേഷം കള്ളം എഴുതിപ്പിടിപ്പിച്ച് അവ കൊണ്ടു നടന്നു വില്‍ക്കുകയാണ്. ഇപ്പോള്‍ തന്റെ ഭാര്യയെയാണ് ഇത്തരത്തില്‍ അധിക്ഷേപിച്ചിരിക്കുന്നതെന്നും ഹാരി പറഞ്ഞു. പാപ്പരാസികളില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ 1997-ല്‍ പാരീസില്‍ വച്ച് കാര്‍ അപകടത്തില്‍ അമ്മ ഡയാന മരിച്ചതിനെക്കുറിച്ചും ഹാരി പരാമര്‍ശിക്കുകയുണ്ടായി. ‘ഞാന്‍ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന ആരെയെങ്കിലും വില്‍പ്പന ചരക്കാക്കി മാറ്റിയാല്‍ അവരെ സമൂഹം തുടര്‍ന്നുള്ള കാലങ്ങളില്‍ ഒരു യഥാര്‍ത്ഥ വ്യക്തിയായി പരിഗണിക്കപ്പെടുകയോ അല്ലെങ്കില്‍ കാണപ്പെടുകയോ ചെയ്യുന്നില്ല. ഇങ്ങനെ വരുമ്പോള്‍ എന്തുസംഭവിക്കുമെന്നും ഞാന്‍ കണ്ടു. എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’-ഹാരി എഴുതി.
2000-കളുടെ ആരംഭം മുതല്‍ ശബ്ദ സന്ദേശങ്ങള്‍ (വോയ്‌സ് മെയ്ല്‍) നിയമവിരുദ്ധമായി ചോര്‍ത്തിയിരുന്നുവെന്നാണു ഹാരി ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ, ആ കാലഘട്ടത്തിലെ ഫോണ്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധ്യതയേറിയിരിക്കുകയാണ്. ഹാരി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത് 1994 മുതല്‍ 2011 വരെയുള്ള കാര്യങ്ങളാണെന്നതാണു സൂചന. നിരവധി പേര്‍ ഇരകളായിരുന്നു സംഭവമായിരുന്നു ഫോണ്‍ ഹാക്കിംഗ്. 2011ല്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ബ്രിട്ടന്റെ ടാബ്ലോയ്ഡ് പൂട്ടിപ്പോയതും അതിന്റെ എഡിറ്ററെ ശിക്ഷിച്ചതും, ബ്രിട്ടനിലെ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് നിയന്ത്രിക്കുന്ന നിയമങ്ങളില്‍ വലിയ മാറ്റം വരുത്തുകയും ചെയ്തിരുന്നു ഫോണ്‍ ഹാക്കിംഗ് അഴിമതി. ഇപ്പോള്‍ ഹാരി സമര്‍പ്പിച്ച ഹര്‍ജിയിലൂടെ വെയില്‍സ് രാജകുമാരിയും ഹാരിയുടെ അമ്മയുമായ ഡയാന രാജകുമാരിയുടെ ശബ്ദ സന്ദേശവും ടാബ്ലോയ്ഡുകള്‍ ചോര്‍ത്തിയിരുന്നോ എന്ന കാര്യം സ്ഥാപിച്ചെടുക്കാന്‍ ഹാരിയുടെ അഭിഭാഷകര്‍ ശ്രമം നടത്തിയേക്കുമെന്നു സൂചനയുണ്ട്. സ്‌കൂള്‍ റിപ്പോര്‍ട്ടുകള്‍, സാമ്പത്തിക പ്രസ്താവനകള്‍, ആരോഗ്യ സംബന്ധിയായ രേഖകള്‍ എന്നിവ പോലുള്ള രാജകുടുംബാംഗങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ടാബ്ലോയ്ഡുകള്‍ സ്വീകരിച്ചിരുന്നോ എന്നും, സ്വീകരിച്ചിരുന്നെങ്കില്‍ അതിന്റെ തെളിവുകളും ഹാരി സമര്‍പ്പിച്ച ഹര്‍ജിയിലൂടെ ശേഖരിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

ബ്രിട്ടനെ ഞെട്ടിച്ച ഫോണ്‍ ഹാക്കിംഗ് അഴിമതി

ഡിഫോള്‍ട്ട് ഫാക്ടറി സെറ്റ് പിന്‍ നമ്പര്‍ ഉപയോഗിച്ചു മാധ്യമപ്രവര്‍ത്തകര്‍ സെലിബ്രിറ്റികളുടെ വോയ്‌സ് മെയ്ല്‍ ഹാക്കു ചെയ്യുകയും തുടര്‍ന്നു ഹാക്കിംഗിലൂടെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചു വാര്‍ത്തകള്‍ എഴുതുകയും ചെയ്യുന്ന ഫോണ്‍ ഹാക്കിംഗ് അഴിമതി ബ്രിട്ടനില്‍ വന്‍ വിവാദമായ സംഭവമായിരുന്നു. 2007ല്‍ അന്നത്തെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന മാധ്യമത്തിലെ എഡിറ്റര്‍ ക്ലൈവ് ഗുഡ്മാനെയും സ്വകാര്യ ഏജന്‍സിയിലെ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്ലെന്‍ മള്‍കെയറിനെയും ഇത്തരത്തില്‍ വോയ്‌സ് മെയ്ല്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ശിക്ഷിക്കുകയുണ്ടായി.ഇവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിരുന്നു. 2011ല്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 2011ല്‍ നടന്ന വിചാരണയില്‍ വില്യം, ഭാര്യ കേറ്റ്, ഹാരി എന്നിവര്‍ ഇരകളാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇരകള്‍ക്ക് ഒത്തുതീര്‍പ്പിനും, നിയമപരമായ ചെലവുകള്‍ക്കുമായി പത്ര സ്ഥാപനങ്ങള്‍ ഏകദേശം 500 മില്യന്‍ ഡോളറും നല്‍കുകയുണ്ടായി.

മാധ്യമങ്ങള്‍ ഏറ്റവുമധികം വേട്ടയാടിയ രാജകുടുംബാംഗങ്ങള്‍

ആധുനികയുഗത്തില്‍ മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട രാജകുടുംബാംഗങ്ങള്‍ ഒരു പക്ഷേ ഹാരിയും, വില്യമും അവരുടെ മാതാവ് ഡയാനയുമായിരിക്കും. 1980-ല്‍ ചാള്‍സ് രാജകുമാരനുമായുള്ള ഡയാന സ്‌പെന്‍സറിന്റെ ബന്ധം പരസ്യമായപ്പോള്‍, പാപ്പരാസികളെ (പ്രമുഖരായ ആളുകളുടെ ചിത്രം കിട്ടുന്നതിന് അവരെ പിന്തുടരുകയും അവരുടെ ചിത്രമെടുക്കുകയും ചെയ്യുന്ന പ്രസ് ഫോട്ടോഗ്രാഫര്‍) ഉപയോഗിച്ച് ടാബ്ലോയ്ഡുകള്‍ ചിത്രങ്ങളെടുക്കുകയും, ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമായി മത്സരിക്കുകയും ചെയ്തു. ചാള്‍സ് രാജകുമാരനും ഡയാന സ്‌പെന്‍സറും വിവാഹിതരായതോടെ (ആഗോളതലത്തില്‍ ഏകദേശം 750 ദശലക്ഷം ആളുകളാണു വിവാഹചടങ്ങ് വീക്ഷിച്ചത്) ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളോടുള്ള ആസക്തി പെട്ടെന്നു തന്നെ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാമകറാക്കണ്ണുകള്‍ ഒപ്പിയെടുത്തത് ഡയാനയുടെ ചിത്രമാണ്. ഡയാനയുടെ ചിത്രങ്ങള്‍ ആരും കൊതിക്കുന്നതായി മാറി. അതു പോലെ ചെലവേറിയതും. അവരുടെ ഒരു നല്ല ക്യാമറാ ഷോട്ടിനായി പാപ്പരാസികള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ലക്ഷക്കണക്കിനു ഡോളര്‍ വരെ വാഗ്ദാനം ചെയ്തു. ചാള്‍സ്-ഡയാന വിവാഹം കഴിഞ്ഞ് ഒരു ദശാബ്ദത്തിനു ശേഷം വിവാഹമോചനത്തിലെത്തി. എന്നിട്ടും ഡയാന രാജകുമാരി അനന്തമായ മാധ്യമശ്രദ്ധ നേടിയിരുന്നു. 1997 ഓഗസ്റ്റില്‍, ഫ്രാന്‍സിലെ ഒരു ഹോട്ടലില്‍ വച്ചു കാമുകനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഫ്രഞ്ച് പാപ്പരാസികള്‍ പിന്തുടര്‍ന്ന്. തുടര്‍ന്നു പാപ്പരാസികളുടെ കണ്ണില്‍നിന്നും രക്ഷപ്പെടാനായി ശ്രമിച്ചപ്പോള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ടു ഡയാന കൊല്ലപ്പെടുകയായിരുന്നു. ഡയാനയുടെ ശവസംസ്‌കാര ചടങ്ങില്‍, സഹോദരന്‍ ചാള്‍സ് സ്‌പെന്‍സര്‍ പറഞ്ഞത് ‘ ആധുനിക യുഗത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തിയാണു ഡയാനയെന്നായിരുന്നു’. ഡയാനയുടെ മരണശേഷം, പൊതുജനവികാരം ടാബ്ലോയ്ഡുകള്‍ക്കു നേരേ തിരിഞ്ഞു.

പാപ്പരാസി ഫോട്ടോകള്‍ നിരോധിക്കുമെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയ്ല്‍ പ്രതിജ്ഞയെടുത്തു. അതോടൊപ്പം ഉപദ്രവ വിരുദ്ധ നിയമവും നിലവില്‍ വരികയുണ്ടായി. മിക്ക യൂറോപ്യന്‍ പ്രസിദ്ധീകരണങ്ങളും പ്രഫഷണല്‍ മാനദണ്ഡങ്ങളുടെ ചട്ടക്കൂടെന്നു സങ്കല്‍പ്പിക്കുന്ന ദ എഡിറ്റേഴ്‌സ് കോഡ് ഓഫ് പ്രാക്ടീസ് പരിഷ്‌കരിക്കുകയും ചെയ്തു. ഡയാനയുടെ കുട്ടികളായ ഹാരി, വില്യം എന്നിവരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കയ്ക്കു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി കൂടിയാണ് ഇതു പരിഷ്‌കരിച്ചത്. എന്നിരുന്നാലും, ഹാരിയും വില്യമും പ്രായപൂര്‍ത്തിയായതോടെ മാധ്യമങ്ങള്‍ അവരെയും വേട്ടയാടാന്‍ തുടങ്ങി. നാസി വസ്ത്രം ധരിച്ചും, ഒരു വാരാന്ത്യത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടതുമടക്കമുള്ള ഹാരിയുടെ ചിത്രങ്ങള്‍ ടാബ്ലോയ്ഡുകളില്‍ പ്രസിദ്ധീകരിച്ചു. ഇതിലൂടെ രാജകുമാരന്മാര്‍ക്കു ടാബ്ലോയ്ഡുകള്‍ക്കു മേല്‍ യഥാര്‍ഥ വിരോധം സൃഷ്ടിച്ചു. ഹാരിയുടെ ഭാര്യയായ മേഗനാകട്ടെ, വംശത്തിന്റെ പേരില്‍ ബ്രിട്ടീഷ് പത്രങ്ങളില്‍നിന്നും നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെയായിരിക്കണം ഹാരിയെ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കു നേരേ തിരിയാന്‍ കാരണമാക്കിത്തീര്‍ത്ത ഘടകങ്ങള്‍. ഹാരി ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ നിരന്തരം സ്‌കൂപ്പിനായി ശ്രമിക്കുന്ന മാധ്യമങ്ങളെ രണ്ടു തവണ ചിന്തിപ്പിക്കുമെന്നത് ഉറപ്പ്. ഹാരി രാജകുമാരനും മേഗനും അവരുടെ സ്വകാര്യതയുടെ ലംഘനങ്ങളെ നിശബ്ദമായി അവഗണിക്കാന്‍ തയാറല്ലെന്നു കൂടി ഈ സംഭവം തെളിയിക്കുകയാണ്.

Comments

comments

Categories: Top Stories