വായ്പാ ആവശ്യകത ഉയര്‍ത്തി ഉത്സവകാലം

വായ്പാ ആവശ്യകത ഉയര്‍ത്തി ഉത്സവകാലം
  • ഉപഭോക്തൃ ആവശ്യകത ഉയര്‍ന്നെന്നതിന് തെളിവ് ഷോപ്പിംഗ് സെന്ററുകള്‍
  • ഇത്തവണയും ആവശ്യകത ഉയരുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍
  • നിഷ്‌ക്രിയ ആസ്തി ആശങ്ക വേണ്ട, ചിലര്‍ സാഹചര്യങ്ങളെ പെരുപ്പിച്ചു കാട്ടുന്നു

പരമ്പരാഗതമായി ഉത്വകാലമായ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വായ്പാ
ആവശ്യകത ഏറ്റവും ഉയര്‍ന്നു നില്‍ക്കാറുണ്ട്. ഇപ്പോഴത്തെ ഉത്സവകാലത്തിന് മുന്നോടിയായും പ്രതീക്ഷകള്‍ സജീവമാണ്. ചില്ലറ വായ്പാ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്

-രജ്‌നീഷ് കുമാര്‍, എസ്ബിഐ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതോടെ മാന്ദ്യത്തിന് വിരാമം. ഉപഭോക്തൃ ആവശ്യകതയിലെ മുരടിപ്പ് ഉത്സവകാല ആരംഭത്തോടെ തന്നെ അപ്രത്യക്ഷമായെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു. ഉപഭോക്തൃ ആവശ്യകത ഉയരുന്നതോടെ വായ്പാ ആവശ്യകതയും ഉയരുമെന്നാണ് പ്രതീക്ഷയെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഉത്സവ സീസണ്‍ പരമ്പരാഗതമായി തന്നെ ആവശ്യകത ഉയര്‍ത്താറുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രജ്‌നീഷ് കുമാറിന്റെ വാക്കുകള്‍ ശരിവെച്ച് സെപ്റ്റംബറില്‍ വാഹന വിപണിയിലടക്കം ഉണര്‍വ് ദൃശ്യമായിട്ടുണ്ട്. കമ്പനികള്‍ മികച്ച ഓഫറുകള്‍ അവതരിപ്പിച്ചതും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ നികുതി ഇളവുകളുമാണ് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

ചില്ലറ വായ്പകളുടെ ആവശ്യകത മെല്ലെ മെല്ലെ ഉയരുന്നുണ്ടെന്നും നിലവില്‍ മാന്ദ്യം കോര്‍പ്പറേറ്റ് വായ്പാ രംഗത്തേക്ക് മാത്രമായി ചുരുങ്ങിയെന്നും എസ്ബിഐ ചെയര്‍മാന്‍ വ്യക്തമാക്കി. ഷോപ്പിംഗ് സെന്ററുകളിലെ വില്‍പ്പനയുടെ പ്രാഥമിക കണക്കുകള്‍ ഉപഭോക്തൃ ആവശ്യകതയിലെ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്. ഇത് വൈകാതെ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും. എസ്ബിഐയുടെ പുതിയ ഡെബിറ്റ് കാര്‍ഡ് ഫിനാന്‍സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിപണിയിലെ അനുകൂല ട്രെന്‍ഡിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

പലിശ നിരക്ക്

റിപ്പോ നിരക്ക് വീണ്ടും താഴ്ത്തിയ റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ തീരുമാനത്തെ എസ്ബിഐ ചെയര്‍മാന്‍ സ്വാഗതം ചെയ്തു. ഇത് ഉപഭോക്താക്കളുടെ പലിശ ഭാരം കുറയാന്‍ ഇടയാക്കും. റിപ്പോ നിരക്കിനെ ഭവന, ചെറുകിട-സൂക്ഷ്മ, ചില്ലറ വായ്പകളുമായി നേരിട്ട് ബന്ധിപ്പിച്ച ആദ്യത്തെ ബാങ്ക് എസ്ബിഐയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഇക്കാര്യം ആര്‍ബിഐ നിര്‍ബന്ധിതമാക്കുകയും ചെയ്തു. ഇത് പലിശാ ഇളവുകള്‍ കൂടുതല്‍ വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ സഹായിക്കുന്നതാണ്.

പതിറ്റാണ്ടുകള്‍ക്കിടയിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആറു വര്‍ഷത്തെ താഴ്ന്ന നിലയായ അഞ്ച് ശതമാനത്തിലേക്ക് ജിഡിപി ഇടിഞ്ഞിരുന്നു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചും കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരികയാണ്.

എന്‍പിഎ പ്രശ്‌നമല്ല

നിഷ്‌ക്രിയ ആസ്തികള്‍ വീണ്ടും ആശങ്കയുയര്‍ത്തുന്ന വാദം എസ്ബിഐ മേധാവി തള്ളി. സാഹചര്യത്തെ ചിലര്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും പറയുംപോലെ മോശമല്ല സാഹചര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2020 മാര്‍ച്ച് മാസത്തോടെ നിഷ്‌ക്രിയ ആസ്തികള്‍ എട്ട് ശതമാനത്തിലേക്ക് താഴുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പ്രവചിക്കുന്നു

Categories: FK News, Slider