കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തട്ടെ

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തട്ടെ

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സ്വാഗതാര്‍ഹമാണ്

രാജ്യം സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന വേളയില്‍ കൂടുതല്‍ നിക്ഷേപം പുറത്തുനിന്നെത്തിക്കാന്‍ ശ്രമിക്കുകയെന്നത് പരമപ്രധാനമാണ്. സംസ്ഥാനങ്ങള്‍ ഇതിനായി അവരുടേതായ രീതിയില്‍ ശ്രമം നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ പ്രവാസി മലയാളി ബിസിനസുകാരുടെ ശക്തമായ സാന്നിധ്യം ഇതിന് അനുഗുണമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിന് സാധിക്കും. ഈ ദിശയിലുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്.

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ദുബായില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സംരംഭകരുടെ യോഗത്തില്‍ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനമാണ് ലഭിച്ചത്. ആഗോള തുറമുഖ വ്യവസായരംഗത്തെ പ്രമുഖരായ ഡിപി വേള്‍ഡ് 3500 കോടി രൂപ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ ആര്‍പി ഗ്രൂപ്പ് 1000 കോടിയാണ് നിക്ഷേപിക്കാമെന്നേറ്റത്. പ്രമുഖ സംരംഭകന്‍ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് 1500 കോടി രൂപയും ഗള്‍ഫിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ 500 കോടി രൂപയും നിക്ഷേപിക്കും. മറ്റു ചെറുകിട സംരംഭകര്‍ ചേര്‍ന്ന് 3500 കോടി രൂപയാണ് നിക്ഷേപിക്കുക.

ഡിപി വേള്‍ഡ് ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് രംഗങ്ങളിലും ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും ലുലു റീറ്റെയ്ല്‍ മേഖലയിലും ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ബിസിനസ് സൗഹൃദമാണ് ഇവിടുത്തെ അവസ്ഥയെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമം തുടര്‍ച്ചയായി ഉണ്ടാകണം.

കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അപാരമാണെന്ന കാര്യം നിസ്തര്‍ക്കമാണ്. അതിനുള്ള സാഹചര്യങ്ങളിലാണ് പലപ്പോഴും പ്രശ്‌നം പറ്റുന്നത്. അതിന് നമ്മുടെ മനോഭാവമാണ് പ്രശ്‌നം. സേവനമേഖലയിലും ടെക് മേഖലയിലും കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളില്‍ മുതല്‍മുടക്കിയാല്‍ മികച്ച നേട്ടമുണ്ടാക്കാവുന്ന സംസ്ഥാനമാണ് കേരളം. ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം, ടൂറിസം, ഐറ്റി തുടങ്ങിയ മേഖലകളില്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത സാധ്യതകളാണ് കേരളത്തിലുള്ളത്. ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയെയും ആകര്‍ഷിക്കാവുന്നതാണ്. എന്നാല്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള കാലാവസ്ഥയാണ് സംസ്ഥാനത്തേതെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നമ്മള്‍ക്കാണ്. പലപ്പോഴും അതിന് സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്. ഇന്ത്യയിലാദ്യമായി ഒരു ഐറ്റി ടെക്‌നോപാര്‍ക്ക് നിലവില്‍ വന്ന സംസ്ഥാനം പിന്നീട് ഐറ്റി രംഗത്ത് പുറകോട്ട് പോയതിന്റെയും കാരണം അതുതന്നെ. ടെക്‌നോളജിയുടെ സാധ്യതകള്‍ പുതുതലങ്ങളിലെത്തുന്ന കാലത്ത് പരമാവധി നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് ബിസിനസുകള്‍ ശാക്തീകരിക്കപ്പെടണം. അതിന് ഉപകാരപ്രദമാകുന്നതാണ് മുഖ്യമന്ത്രി അടുത്തിടെ നടത്തിയതുപോലുള്ള നിക്ഷേപസംഗമങ്ങള്‍. ഏതെങ്കിലും തരത്തില്‍ ഒരു സംരംഭം പ്രവര്‍ത്തനക്ഷമമാക്കാം സാധിക്കുമോയെന്നതിനെകുറിച്ചാകണം സര്‍ക്കാര്‍ ചിന്തിക്കേണ്ടത്. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് സംരംഭത്തിന് അനുമതി നിഷേധിക്കുന്ന കഥകള്‍ അവസാനിക്കണം. കൂടുതല്‍ വനിതകളെയും യുവാക്കളെയും സംരംഭകരംഗത്തേക്ക് ആകര്‍ഷിക്കാനുള്ള നയങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ബിസിനസ് സൗഹൃദ ഇടമാണ് കേരളമെന്ന് കാണിക്കുന്നതില്‍ അതെല്ലാം വലിയ പങ്കുവഹിക്കും.

Categories: Editorial, Slider
Tags: investments