കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്യും

കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്യും

ഒക്‌റ്റോബര്‍ അവസാനത്തോടെ 2,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ വിളിച്ചു

ന്യൂഡെല്‍ഹി: കയറ്റുതി നിരോധിക്കുകയും സംഭരണ ശേഷി പരിമിതപ്പെടുത്തുകയും ചെയ്തിട്ടും ആഭ്യന്തര ലഭ്യതയിലുള്ള ക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്യും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ എംഎംടിസി ലിമിറ്റഡ് ഒക്‌റ്റോബര്‍ അവസാനത്തോടെ 2,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ വിളിച്ചു. ഒരു ടണ്‍ ഉള്ളിക്ക് പരമാവധി 352 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്്.

മഹാരാഷ്ട്ര അടക്കമുള്ള പ്രമുഖ ഉല്‍പ്പാദന സംസ്ഥാനങ്ങളിലെ അതിവൃഷ്ടി മൂലം കൃഷി നശിച്ചതാണ് രാജ്യത്തെ ഉള്ളി ക്ഷാമത്തിന് കാരണം. വിതരണം കുറഞ്ഞതോടെ കിലോക്ക് 80 രൂപയിലേക്ക് കുതിച്ച വില ഇതുവരെ കാര്യമായി താഴ്ന്നിട്ടില്ല. ഉള്ളിയുടെ കുറഞ്ഞ കയറ്റുമതി വില, ടണ്ണിന് 850 ഡോളറായി ഉയര്‍ത്തി നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ തുടക്കത്തില്‍ ചെയ്തത്. എന്നാല്‍ കയറ്റുമതി നിര്‍ബാധം തുടരുന്നെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി എ കെ ശ്രീവാസ്തവ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിദേശ വാണിജ്യ വിഭാഗം, കയറ്റുമതി പൂര്‍ണമായും നിരോധിക്കുകയായിരുന്നു.

കയറ്റുമതി നിരോധനം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കുന്ന സ്ഥിതിയിലേക്കും എത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡെല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇതു സംബന്ധിച്ച അസന്തുഷ്ടി മറച്ചുവെച്ചില്ല. മുന്‍കൂട്ടി അറിയിക്കാതെ കയറ്റുമതി നിര്‍ത്തിയത് നന്നായില്ല എന്നായിരുന്നു ഹസീനയുടെ വിമര്‍ശനം. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഉള്ളി കയറ്റുമതി 10.7% ഇടിഞ്ഞ് 154.5 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളാണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്തത്. 2018-19 കാലയളവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്നും 1.1 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.

Categories: FK News, Slider
Tags: Onion price