ടിക് ടോക്കിനെ നേരിടാന്‍ ഗൂഗിള്‍ ഫയര്‍വര്‍ക്കിനെ നോട്ടമിടുന്നു

ടിക് ടോക്കിനെ നേരിടാന്‍ ഗൂഗിള്‍ ഫയര്‍വര്‍ക്കിനെ നോട്ടമിടുന്നു

കാലിഫോര്‍ണിയ: ഹ്രസ്വ ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാനും അവ ഷെയര്‍ ചെയ്യാനും അഥവാ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പ് ആയ ഫയര്‍വര്‍ക്കിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി പ്രതിമാസം 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വീഡിയോ ആപ്പ് ആയ ടിക് ടോക്കിനോടു മല്‍സരിക്കാന്‍ ഈ ഏറ്റെടുക്കല്‍ ഗൂഗിളിനെ സഹായിക്കുമെന്നാണു കരുതുന്നത്.

ഗൂഗിളിനെ പോലെ ചൈനയിലെ ട്വിറ്ററെന്ന് അറിയപ്പെടുന്ന വെയ്‌ബോയും ഫയര്‍വര്‍ക്കിനെ ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സൃഷ്ടിക്കാനും അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കളെ ടിക് ടോക്ക് അനുവദിക്കുന്നതു പോലെ സമാനമായിട്ടാണു ഫയര്‍വര്‍ക്കും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ടിക് ടോക്ക് കൗമാരക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മറിച്ച് ഫയര്‍വര്‍ക്കാവട്ടെ, മുതിര്‍ന്ന പ്രായക്കാരെയാണ് ലക്ഷ്യമിടുന്നത്. സ്‌നാപ്ചാറ്റ്, ലിങ്ക്ഡിന്‍ എന്നീ സോഷ്യല്‍ മീഡിയ കമ്പനികളില്‍ ജോലി ചെയ്തിരുന്ന മുന്‍ജീവനക്കാരാണു ഫയര്‍വര്‍ക്ക് ആപ്പ് സൃഷ്ടിച്ചത്. ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണു ടിക് ടോക്ക്. കാലിഫോര്‍ണിയയിലെ റെഡ്‌വുഡ് സിറ്റിയിലാണു ഫയര്‍വര്‍ക്കിന്റെ ആസ്ഥാനകേന്ദ്രം. ഈ വര്‍ഷം ആദ്യം നടന്ന ധനസമാഹരണ യജ്ഞത്തില്‍ ഫയര്‍വര്‍ക്കിന്റെ മൂല്യം 100 മില്യന്‍ ഡോളറായി മാറിയിരുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ദശലക്ഷക്കണക്കിനു പേര്‍ ഫയര്‍വര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നാണു കമ്പനി പറയുന്നത്. ടിക് ടോക്കിന്റെ ജനപ്രീതിയും സോഷ്യല്‍ വീഡിയോ ഇടം വിപ്ലവകരമായ വിധം വികസിച്ചതുമാണ് ഇപ്പോള്‍ ഫയര്‍ വര്‍ക്കിനെ ഏറ്റെടുക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒരു ബില്യനിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പ് ആണ് ടിക് ടോക്. ഇതിന് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യത രണ്ട് ബില്യനിലേറെ യൂസര്‍മാരുള്ള യു ട്യൂബിനു ഭീഷണിയാകുമെന്നു കരുതുന്നുണ്ട്. ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും, വാട്‌സ് ആപ്പുമൊക്കെ ടിക് ടോക്കിന്റെ ജനപ്രീതിയില്‍ ഭയക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം ടിക് ടോക്കിനെ നേരിടാന്‍ ഫേസ്ബുക്ക് ലസോ എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ആപ്പിന് യുഎസില്‍ ടിക് ടോക്കിന്റെ വളര്‍ച്ചയെ തടയാന്‍ സാധിച്ചിട്ടില്ല.

Comments

comments

Categories: Tech
Tags: fire work, Tiktok