ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതു തന്ത്രങ്ങള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതു തന്ത്രങ്ങള്‍

അനുദിനം മാറ്റങ്ങള്‍ ദൃശ്യമാകുന്ന മേഖലയായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നൂതനമായ തന്ത്രങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. ബിസിനസ് വെബ്‌സൈറ്റിന്റെ ദൃശ്യത വര്‍ധിപ്പിക്കുന്നത് ഇതില്‍ നിര്‍ണായകമാണ് താനും. വെബ്‌സൈറ്റിന്റെ സ്വാധീനവും പ്രചാരവും ഉയര്‍ത്താനും ബിസിനസ് വര്‍ധിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഇവിടെ ആര് ആദ്യം പുതിയ തന്ത്രവുമായി വരുന്നുവോ അവര്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും ഒരു മേല്‍ക്കോയ്മ നിശ്ചയം.
നിങ്ങള്‍ക്ക് നേരത്തെതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അടിസ്ഥാനങ്ങളെക്കുറിച്ചു പരിചയപ്പെടുത്തിയത് കൊണ്ട് വീണ്ടും അതിലേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമില്ല എന്ന് കരുതുന്നു. നമുക്ക് വെബ്‌സൈറ്റ് നിയമങ്ങളില്‍ വന്ന പ്രധാന മാറ്റത്തില്‍ നിന്നുതന്നെ തുടങ്ങാം.

HTTP യില്‍ നിന്നും HTTPS ലേക്ക്

നിങ്ങളുടെ വെബ്‌സൈറ്റ് പേജുകള്‍ മുകളില്‍ പറഞ്ഞ ഏതിലാണ് ഉള്ളതെന്ന് നോക്കുക. സുരക്ഷിതത്വം ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിള്‍ നിഷ്‌കര്‍ഷിക്കുന്ന ഒന്നാണ് HTTPS. റാങ്കിംഗില്‍ മുന്നിലായിരുന്ന താങ്കളുടെ വെബ്‌സൈറ്റ് സെര്‍ച്ച് റിസല്‍റ്റില്‍ പുറകിലേക്ക് പോകുന്നുണ്ടെങ്കില്‍ ആദ്യം നോക്കേണ്ടത് ഇതാണ്. HTTPS സൈറ്റ് ആണെങ്കില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനുള്ള പഴുതുകള്‍ ഒരു പരിധി വരെ അടഞ്ഞിരിക്കും എന്നതാണ് പ്രത്യേകത. ഈ അടുത്തകാലത്ത് എന്റെ ഒരു ഉപഭോക്താവ് HTTP യും HTTPS ഉം തമ്മിലുള്ള വിലയുടെ വ്യത്യാസത്തിന്റെ പേരില്‍ ആദ്യത്തേത് മതി എന്ന് തീരുമാനിക്കുകയുണ്ടായി.

HTTP വെബ്‌സൈറ്റ് ചെയ്തിട്ട് പ്രയോജനം ഇല്ല, എത്രതന്നെ സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്ഇഒ, വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക് വര്‍ധിപ്പിക്കാന്‍ അതിന്റെ ദൃശ്യത വര്‍ധിപ്പിക്കുന്ന പരിപാടി) ചെയ്താലും നിങ്ങളുടെ ബിസിനസ് മുന്‍പന്തിയില്‍ വരില്ല എന്ന് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്യുന്നവര്‍ എങ്കിലും പറയണം. പലരും അത് പറയാറില്ല. പിന്നെ എസ്ഇഒ ചെയ്യാന്‍ കരാര്‍ എടുക്കുന്നവരോ അല്ലെങ്കില്‍ കമ്പനി വികസിക്കുമ്പോള്‍ പുതിയതായി ജോലിക്ക് വരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വ്യക്തിയോ ആയിരിക്കും ഇത് പറയുക. അപ്പോള്‍ പൈസ ചെലവാക്കി വെബ്‌സൈറ്റ് ചെയ്താല്‍ത്തന്നെ ശുദ്ധ അസംബന്ധം എന്ന് കരുതേണ്ടിവരും. കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും HTTP വെബ്‌സൈറ്റ് HTTPS ആക്കി മാറ്റുവാന്‍ താഴെ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ ചെയ്യുക.

1. എസ്എസ്എല്‍ സര്‍ട്ടിഫിക്കറ്റ്ശരിയാക്കുക
2. എസ്എസ്എല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുക
3. എല്ലാ വെബ്‌സൈറ്റ് ലിങ്കുകളും HTTPS ലേക്ക് മാറ്റുക
4. HTTP യില്‍ നിന്നും HTTPS ലേക്ക് 301 റീഡയറക്റ്റ് ലിങ്കുകള്‍ സെറ്റ് ചെയ്യുക

അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളും പറയാന്‍ എളുപ്പമാണെങ്കിലും വെബ്‌സൈറ്റിനെക്കുറിച്ചു വശമുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും അഭികാമ്യം. ഇതില്‍ നാലാമത്തെ വിഷയം വളരെ പ്രധാനമാണ്.

റെസ്‌പോണ്‍സീവ് വെബ് ഡിസൈന്‍

കമ്പ്യൂട്ടറുകളുടെ മുന്നില്‍ ഇരുന്നുകൊണ്ട് വെബ്‌സൈറ്റ് നോക്കുന്ന കാലം പോയി. ഇപ്പോള്‍ എല്ലാവരും മൊബീല്‍ ഫോണിലൂടെയാണ് കാര്യങ്ങള്‍ കണ്ടറിയുന്നത്. അപ്പോള്‍ നിങ്ങളുടെ വെബ്‌സൈറ്റ് റെസ്‌പോണ്‍സീവ് ആണോ എന്ന് മനസ്സിലാക്കുക. വെബ് ഡിസൈന്‍ പ്രതികരണം മനസ്സിലാക്കുവാന്‍ www.responsivedesignchecker.com എന്ന സൈറ്റില്‍ ഇത് സൗജന്യമായി പരീക്ഷിക്കാവുന്നതാണ്. ഇനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും ശക്തമായ ഒരു കഥാപാത്രത്തെ അടുത്ത ആഴ്ച പരിചയപ്പെടാം.

(കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും ബിസിനസ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9495854409)

Categories: FK Special, Slider