ചീറിപ്പായാന്‍ ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍

ചീറിപ്പായാന്‍ ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 1.55 കോടി രൂപ

ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.55 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എം5 എന്ന സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഏകദേശം പത്ത് ലക്ഷം രൂപ കൂടുതല്‍. പൂര്‍ണമായി നിര്‍മിച്ചശേഷം സ്‌പോര്‍ട്‌സ് സെഡാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). ഇന്ത്യയില്‍ മെഴ്‌സേഡസ്-എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ് സെഡാന്‍, ഔഡി ആര്‍എസ്7 പെര്‍ഫോമന്‍സ് എന്നിവയാണ് എതിരാളികള്‍.

എം5 മോഡലുമായി വളരെ സാമ്യം തോന്നുമെങ്കിലും എം5 കോമ്പിറ്റിഷന്‍ കൂടുതല്‍ ശ്രേഷ്ഠമാണ്. റേഡിയേറ്റര്‍ ഗ്രില്‍, വിംഗ് മിററുകള്‍, റിയര്‍ ഏപ്രണ്‍, റിയര്‍ സ്‌പോയ്‌ലര്‍, സൈഡ് എയര്‍ വെന്റുകള്‍ എന്നിവയില്‍ ‘ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ഹൈ-ഗ്ലോസ് ബ്ലാക്ക്’ നിറം നല്‍കിയിരിക്കുന്നു. എയര്‍ വെന്റുകളിലും ‘കോമ്പിറ്റിഷന്‍’ ബാഡ്ജ് കാണാം. നല്ല ബലമുള്ള കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (സിഎഫ്ആര്‍പി) ഉപയോഗിച്ചുനിര്‍മിച്ചതാണ് റൂഫ്. ക്രോം പൂശിയ എക്‌സോസ്റ്റ് പൈപ്പുകളില്‍ ഇളം മഞ്ഞ നിറത്തിലുള്ള തിളക്കം കാണാം.

കാറിനകത്ത്, സ്‌പോര്‍ട്ട് സീറ്റുകളില്‍ തിളങ്ങുന്ന എം5 ലോഗോ നല്‍കിയിരിക്കുന്നു. ബിഎംഡബ്ല്യു എം ഡിസൈനിലുള്ളതാണ് കറുത്ത സീറ്റ് ബെല്‍റ്റുകള്‍. രണ്ട് സ്‌പോക്കുകളോടുകൂടിയ എം സ്റ്റിയറിംഗ് വീല്‍ സ്റ്റാന്‍ഡേഡ് കാറില്‍നിന്ന് കടമെടുത്തു. എന്നാല്‍, ചുവന്ന നിറത്തിലുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍ നല്‍കി. ബിഎംഡബ്ല്യു ജെസ്ചര്‍ കണ്‍ട്രോള്‍, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, വയര്‍ലെസ് ചാര്‍ജിംഗ്, ബിഎംഡബ്ല്യു ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട് എന്നിവ ഫീച്ചറുകളാണ്. 3ഡി നാവിഗേഷന്‍, ഉയര്‍ന്ന റെസലൂഷനോടുകൂടിയ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന ബിഎംഡബ്ല്യു ഐഡ്രൈവ് 7.0 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കിയിരിക്കുന്നു. ഹാര്‍മന്‍ കാര്‍ഡന്റെ 600 വാട്ട് സറൗണ്ട് സൗണ്ട് സിസ്റ്റം മറ്റൊരു പ്രധാന ഫീച്ചറാണ്. സ്പീക്കറുകളുടെ എണ്ണം പതിനാറ്.

സ്റ്റാന്‍ഡേഡ് എം5 പോലെ, എം5 കോമ്പിറ്റിഷന്‍ മോഡലിലും ഡിഎസ്‌സി (ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍) സഹിതം ‘എം എക്‌സ്‌ഡ്രൈവ്’ എന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കിയിരിക്കുന്നു. 4 ഡബ്ല്യുഡി, 4 ഡബ്ല്യുഡി സ്‌പോര്‍ട്ട്, 2 ഡബ്ല്യുഡി എന്നീ എക്‌സ്‌ഡ്രൈവ് മോഡുകള്‍ ഡ്രൈവര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും. പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും ഒരുപോലെ ലഭിക്കുന്നതിന് ബ്രേക്ക് എനര്‍ജി റീജനറേഷന്‍, ഓട്ടോമാറ്റിക് സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് ഫംഗ്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ‘ബിഎംഡബ്ല്യു എഫിഷ്യന്റ് ഡൈനാമിക്‌സ്’ നല്‍കി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (എഎസ്‌സി), എം ഡൈനാമിക് മോഡ് (എംഡിഎം) കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍ (ഡിബിസി), ഡ്രൈ ബേക്കിംഗ് ഫംഗ്ഷന്‍, ആക്റ്റിവ് എം ഡിഫ്രന്‍ഷ്യല്‍ എന്നിവ മറ്റ് സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. കൂടാതെ, എം എക്‌സോസ്റ്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.

ബിഎംഡബ്ല്യു എം5 എന്ന സ്റ്റാന്‍ഡേഡ് മോഡലിന് കരുത്തേകുന്ന അതേ 4.4 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് എം5 കോമ്പിറ്റിഷന്‍ മോഡലും ഉപയോഗിക്കുന്നത്. എന്നാല്‍ 6,000 ആര്‍പിഎമ്മില്‍ 616 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തു പരിഷ്‌കരിച്ചു. 8 സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ബിഎംഡബ്ല്യു എം5 കോമ്പിറ്റിഷന്‍ മോഡലിന് 3.3 സെക്കന്‍ഡ് മതി. എം5 എന്ന സ്റ്റാന്‍ഡേഡ് കാറിന് 3.9 സെക്കന്‍ഡ് വേണം.

Comments

comments

Categories: Auto