ചെന്നൈ പ്ലാന്റില്‍ 90 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ച് ഹ്യുണ്ടായ്

ചെന്നൈ പ്ലാന്റില്‍ 90 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ച് ഹ്യുണ്ടായ്

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 90 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ചുപുറത്തെത്തിച്ച കമ്പനിയായി മാറി

ചെന്നൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതിനിടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ചെന്നൈ പ്ലാന്റില്‍ ഇതുവരെയായി 90 ലക്ഷം വാഹനങ്ങളാണ് കമ്പനി നിര്‍മിച്ചത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 90 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ചുപുറത്തെത്തിച്ച വാഹന നിര്‍മാതാക്കളായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാറി. ഇതേ നാഴികക്കല്ല് മാരുതി സുസുകി താണ്ടിയത് 27 വര്‍ഷമെടുത്താണ്. 2010 ലായിരുന്നു മാരുതി സുസുകിയുടെ നേട്ടം.

1996 ലാണ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെത്തിയത്. സാന്‍ട്രോ പുറത്തിറക്കി 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ പത്ത് ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ പത്ത് ലക്ഷം വാഹനങ്ങള്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് ഓരോ പത്ത് ലക്ഷം വാഹനങ്ങളും ശരാശരി പതിനെട്ട് മാസമെടുത്താണ് നിര്‍മിച്ചുപുറത്തിറക്കിയത്. 2018 ജൂണിലാണ് 80 ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനം ചെന്നൈ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചത്. 2010 നുശേഷം പ്രതിവര്‍ഷം ശരാശരി നാലര ലക്ഷം വാഹനങ്ങള്‍ വില്‍ക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്കു കഴിയുന്നു.

ഇന്ത്യയില്‍ മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം വിപണി വിഹിതം ഹ്യുണ്ടായുടെ പേരിലാണ്. നിലവില്‍ 493 ഡീലര്‍മാരും 1309 സര്‍വീസ് പോയന്റുകളുമാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടേതായി പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം ഏഴ് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നതാണ് ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റ്. ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന കൂടാതെ കയറ്റുമതിയും ചെയ്യുന്നു.

Comments

comments

Categories: Auto
Tags: Hyundai