പണമുണ്ടാക്കാന്‍ പഠിപ്പിച്ച് നേടുന്നത് പ്രതിമാസം 68 ലക്ഷം രൂപ

പണമുണ്ടാക്കാന്‍ പഠിപ്പിച്ച് നേടുന്നത് പ്രതിമാസം 68 ലക്ഷം രൂപ

കൗതുകത്തിന് തുടങ്ങിയ യൂടൂബ് ചാനലില്‍ നിന്നും അമേരിക്കന്‍ സ്വദേശിയായ ഗ്രഹാം സ്റ്റീഫന്‍ നേടുന്നത് 68 ലക്ഷം രൂപയുടെ പ്രതിമാസ വരുമാനമാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും ആര്‍ക്കും പരീക്ഷിച്ചു വിജയിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ഗ്രഹാം സ്റ്റീഫന്‍ ധനസമ്പാദനത്തിനായി മുന്നോട്ട് വയ്ക്കുന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് മാത്രമായിരുന്ന ഗ്രഹാം 2016 ല്‍ യൂട്യൂബിന്റെ സാധ്യതകള്‍ മനസിലാക്കി തന്റെ പേരില്‍ ഒരു ചാനല്‍ തുടങ്ങിയതിലൂടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. ഗ്രഹാം സ്റ്റീഫന്‍ എന്ന് പേരിട്ട യൂട്യൂബ് ചാനല്‍ വഴി ഗ്രഹാം പറഞ്ഞതൊക്കെയും എങ്ങനെ ധനം സമ്പാദിക്കാം എന്നതിനെപ്പറ്റിയാണ്. ആളുകള്‍ ഏറ്റവും കൂടുതലായി അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ധനം സമ്പാദിക്കുന്നതിനുള്ള എളുപ്പവഴികള്‍. തനിക്കറിയാവുന്ന വഴികള്‍ ഗ്രഹാം വ്‌ലോഗിന്റെ രൂപത്തില്‍ ജനങ്ങളെ അറിയിച്ചു. വീഡിയോക്ക് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ യൂട്യൂബില്‍ നിന്നുമുള്ള വരുമാനവും വര്‍ധിച്ചു. നിലവില്‍ ഒരു മാസം 100,000 ഡോളര്‍ വരെയാണ് ഈ 28 കാരനായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് തന്റെ യുട്യൂബ് ചാനലില്‍ നിന്ന് നേടുന്ന വരുമാനം.തനിക്ക് സാധിച്ചെങ്കില്‍ എല്ലാവര്‍ക്കുമിത് കഴിയുമെന്നാണ് ഗ്രഹാം സ്റ്റീഫന്‍ പറയുന്നത്. സ്വയം പരീക്ഷിച്ചു വിജയിച്ച വിജയ തന്ത്രങ്ങള്‍ മാത്രമാണ് ഗ്രഹാം സ്റ്റീഫന്‍ പങ്കുവയ്ക്കുന്നത് എന്നതിനാല്‍ കാഴ്ചക്കാര്‍ ദിനം പ്രതിവര്‍ധിച്ച് വരുന്നു. നിലവില്‍ 1.07 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണ് ഗ്രഹാം സ്റ്റീഫന്റെ ചാനലിനുള്ളത്.

പണം സമ്പാദിക്കണം, ധനികരാകണം ഈ രണ്ടാഗ്രഹങ്ങളും മനസ്സില്‍ സൂക്ഷിക്കാത്തവര്‍ ഉണ്ടായിരിക്കുകയില്ല. ചെലവ് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ മാസവരുമാനം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല. എണ്ണി ചുട്ട അപ്പം എന്ന പോലെ ലഭിക്കുന്ന കൃത്യമായ വരുമാനംകൊണ്ട് എല്ലാ മാസവും ഒരേ പോലെ ജീവിക്കാം എന്നതില്‍ കവിഞ്ഞുള്ള ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തീകരിക്കാനാവില്ല. ജീവിതത്തില്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍ അധികവരുമാനം കൂടിയേ തീരൂ. അതിനുള്ള മാര്‍ഗം തേടിയലയുകയാണ് ഇന്നത്തെ തലമുറ.ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് വ്യത്യസ്തങ്ങളായ വരുമാനമാര്‍ഗങ്ങളും ഉണ്ടാകുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വരുമാനമാര്‍ഗമാണ് യുട്യൂബ് വ്‌ലോഗുകള്‍. ഇന്റര്‍നെറ്റ് സാര്‍വത്രികമായ ഈ കാലത്ത് ഇപ്പോള്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് വീഡിയോ കണ്ടന്റുകളാണ്. എത്രയധികം ആളുകള്‍ വീഡിയോ കാണുന്നുവോ അത്രത്തോളം കൂടുതല്‍ വരുമാനം ലഭിക്കുന്നു. അതിനാല്‍ തന്നെ വ്‌ലോഗിങ്ങുമായി യുട്യൂബില്‍ സജീവമായിരിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.

ധനസമ്പാദനത്തിലെ മാറി മാറി വരുന്ന ഈ ട്രെന്‍ഡ് മനസിലാക്കി അവസരം മുതലെടുത്ത വ്യക്തിയാണ് ഗ്രഹാം സ്റ്റീഫന്‍. 28 വയസ്സ് മാത്രമാണ് കക്ഷിയുടെ പ്രായമെങ്കിലും ഇന്ന് ഇന്റര്‍നെറ്റ് ലോകം ഏറ്റവും കൂടുതല്‍ തിരയുന്ന വ്‌ലോഗ്ഗറാണ് ഗ്രഹാം സ്റ്റീഫന്‍.ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആയി കരിയര്‍ ആരംഭിച്ച ഗ്രഹാം തീര്‍ത്തും ആകസ്മികമായാണ് വ്‌ളോഗിംഗ് ലോകത്തേക്കെത്തുന്നത്. റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലയളവിലാണ് ആളുകള്‍ക്ക് ധനസമ്പാദനത്തിനോടും ധനസമ്പാദന മാര്‍ഗങ്ങളോടുമുള്ള താല്‍പര്യം ഗ്രഹാം സ്റ്റീഫന്‍ മനസിലാകുന്നത്. എങ്ങനെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാം എന്നതിനെപ്പറ്റി ചിന്തിക്കുന്നവരാണ് ഇന്നത്തെതലമുറയെന്ന് ഗ്രഹാം മനസിലാക്കി. ആയിടക്കാണ് യൂട്യൂബ് ചാനലുകളും ചാനല്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനവും തരംഗമാകുന്നത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് തനിക്കും ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചു കൂടാ എന്ന ചിന്തയായി. അങ്ങനെയാണ് 2016 ല്‍ തന്റെ സ്വന്തം പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. കാമറയെ നേരിട്ടുള്ള മുന്‍പരിചയമോ ഒരു പരിപാടി അവതരിപ്പിച്ചുള്ള അനുഭവസമ്പത്തോ ഒന്നും ഇല്ലാതെയായിരുന്നു ഗ്രഹാം തന്റെ ചാനലില്‍ ആദ്യ വ്‌ലോഗ് ചെയ്തത്.

അനുഭവങ്ങളില്‍ നിന്നും വന്ന വീഡിയോകള്‍

എങ്ങനെ എളുപ്പത്തില്‍ ധനം സമ്പാദിക്കാം എന്നതായിരുന്നു ഗ്രഹാമിന്റെ വീഡിയോകളുടെ പ്രധാന പ്രതിപാദ്യം.സ്വയം പരീക്ഷിച്ചു വിജയിച്ച വിജയ തന്ത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.’എങ്ങനെ ഞാന്‍ 30 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം വ്യൂസ്’ നേടി എന്ന വീഡിയോ വൈറലായത് വളരെ വേഗത്തിലാണ്. വീഡിയോകള്‍ ചെയ്യുന്നതിനായി അമിതമായ പണച്ചെലവോ സ്റ്റുഡിയോ സെറ്റപ്പൊ ഒന്നുമുണ്ടായിരുന്നില്ല.പല വീഡിയോകളും വീടിനുള്ളില്‍ വച്ചും സമീപ പ്രദേശങ്ങളില്‍ വച്ചുമാണ് ഷൂട്ട് ചെയ്തത്. വീഡിയോകളാണ് ഇവയില്‍ പ്രധാനം. ‘എങ്ങനെ ഞാന്‍ 30 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം വ്യൂസ്’ നേടി എന്ന വീഡിയോ തന്റെ അടുക്കളയില്‍ വെച്ചാണ് ഗ്രഹാം ചിത്രീകരിച്ചിരിക്കുന്നത്. എന്താണ് തന്റെ വീഡിയോ ക്ലിക്ക് ആകാന്‍ കാരണം, എന്തൊക്കെ അബദ്ധങ്ങള്‍ ഒഴിവാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി മറ്റുള്ളവരുമായി പങ്കുവെക്കുന്ന വീഡിയോ ആണിത്. അവതരണത്തിലെ ഈ ലാഘവത്വം കൊണ്ടാണ് പ്രസ്തുത വീഡിയോ ശ്രദ്ധേയമായത്.

പിന്നീടങ്ങോട്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു സ്റ്റീഫന്റെ യുട്യൂബ് ചാനലിന്റെ വളര്‍ച്ച.നിക്ഷേപങ്ങള്‍, സാമ്പത്തിക സ്വാതന്ത്ര്യം, ഏര്‍ലി റിട്ടയര്‍മെന്റ്, പണം സമ്പാദിക്കല്‍, ക്രെഡിറ്റ്, പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് സ്റ്റീഫന്റെ പ്രധാന യൂട്യൂബ് വിഷയങ്ങള്‍. പഠനശേഷം ഒരു ജോലി നേടി പയ്യെ നിക്ഷേപാവസരങ്ങള്‍ അന്വേഷിച്ച് തുടങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മികച്ച ഭാവിക്കായുള്ള വഴികാട്ടിയാണ് സ്റ്റീഫന്റെ യുട്യൂബ് ചാനല്‍. താന്‍ പരീക്ഷിച്ച് വിജയിച്ച കാര്യങ്ങള്‍ വളരെ ലഘുവായും മനസിലാകുന്ന ഭാഷയിലും പറയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.കഴിഞ്ഞ നവംബറില്‍ ചെയ്ത ഒരു വീഡിയോ ആണ് സ്റ്റീഫന്റെ ആദ്യത്തെ വൈറല്‍ ഹിറ്റ്. ജെ.പി. മോര്‍ഗന്‍ റിസര്‍വ് ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചായിരുന്നു ആ വീഡിയോ. 1.2 മില്യണ്‍ വ്യൂസ് കിട്ടിയ ഈ വിഡിയോയില്‍ നിന്ന് 7,293 ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) നേടിയെന്ന് സ്റ്റീഫന്‍ പറയുന്നു. കാഴ്ചക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് വരുമാനവും വര്‍ധിക്കുന്നത്.അതിനാല്‍ തന്റെ ചാനലിന് വേണ്ടി അല്‍പസ്വല്‍പം പ്രമോഷണല്‍ നടപടികളും സ്റ്റീഫന്‍ നടപ്പാക്കി വരുന്നു. 2018 ല്‍ ആകെ സ്റ്റീഫന്‍ നേടിയത് 253,318.02 ഡോളര്‍ (ഏകദേശം 1.74 കോടി രൂപ). ഇതില്‍ പരസ്യ വരുമാനം, പ്രോഗ്രാം സെയ്ല്‍സ്, സ്പീക്കിംഗ് എന്‍ഗേജ്‌മെന്റ്‌സ്, ആമസോണ്‍ അഫിലിയേറ്റ്‌സ്, സ്‌പോണ്‍സര്‍ഷിപ് എന്നിവ ഉള്‍പ്പെടും.

റിയല്‍ എസ്റ്റേറ്റ് എന്നും പ്രിയപ്പെട്ട ഫീല്‍ഡ്

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായ ഗ്രഹാം സ്റ്റീഫന്റെ പ്രഥമ കരിയര്‍ ഇപ്പോഴും റിയല്‍ എസ്റ്റേറ്റ് തന്നെയാണ്. ഏറെ ആഗ്രഹത്തോടെയാണ് ഇഇഇ മേഖലയിലേക്ക് കടന്നതെന്നതിനാല്‍ എന്നും ഒരു റിയല്‍ എസ്റ്റേറ് ഏജന്റായി തുടരാനാണ് അദ്ദേഹത്തിനിഷ്ടം. എന്നാല്‍ അതോടൊപ്പം യുട്യൂബ് വ്‌ലോഗര്‍മാരിലെ കേമനാകുക എന്ന ആഗ്രഹവും മറച്ചു വക്കുന്നില്ല. മികച്ച യൂട്യൂബര്‍മാരെക്കുറിച്ച് കണ്ടും കേട്ടുമാണ് ഗ്രഹാം സ്റ്റീഫന്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പണത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് താന്‍ ചാനല്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.കേവലം മൂന്നു വര്‍ഷം കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന നേട്ടമാണ് ഗ്രഹാം സ്റ്റീഫന്‍ എന്ന ചാനല്‍ നേടിയിരിക്കുന്നത്.

10 മില്യണ്‍ വ്യൂസ് നേടുന്ന വീഡിയോകള്‍ ഉണ്ടാക്കണന്ന സ്‌റ്റെഫന്റെ ആഗ്രഹമാണ് വരുമാനവര്‍ധനവിന് വഴിതെളിച്ചത്. ആദ്യമായി 10 മില്യണ്‍ വ്യൂസ് കിട്ടിയ വീഡിയോക്ക് ശേഷമുള്ള വീഡിയോയ്ക്ക് കിട്ടിയത്; 10.3 മില്യണ്‍ വ്യൂസ്, 69 മില്യണ്‍ മിനിറ്റ് വാച്ച് ടൈം. അതും 30 ദിവസം കൊണ്ട്. ഒരു മിനിറ്റിന് 1 സെന്റ് എന്ന കണക്കിനാണ് സ്റ്റീഫന്‍ പണം നേടിയത്. കണ്ടു നില്‍ക്കുന്ന ആര്‍ക്കും അഭിമാനകരമാകുന്ന നേട്ടമായിരുന്നു അത്.

ശ്രദ്ധിക്കാനേറെയുണ്ട് യുട്യൂബില്‍

യുട്യൂബില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ ഇട്ടതുകൊണ്ട് മാത്രം വരുമാനം ലഭിക്കില്ല. ആദ്യത്തെ ദിവസം ലഭിക്കുന്ന ട്രാഫിക്കും വരുമാനവുമാവില്ല അടുത്ത ദിവസം ലഭിക്കണമെന്നില്ല. ചാനല്‍ ലോഞ്ച് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 80 വീഡിയോകള്‍ സ്റ്റീഫന്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു. ഒരു ദിവസം ഇതില്‍ നിന്ന് 200 ഡോളര്‍ (മാസം 6000 ഡോളര്‍ അതായത് ഏകദേശം 4 ലക്ഷം രൂപ) ആണ് വരുമാനമായി ലഭിച്ചത്. അവതരണത്തിലെ വ്യത്യസ്തതയും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകതയും കൊണ്ട് സാധാരണ യൂട്യൂബ് ചാനലുകള്‍ ഉണ്ടാക്കുന്നതിലേറെ പണം തന്റെ ചാനല്‍ ഉണ്ടാക്കുന്നുണ്ടെന്ന് സ്റ്റീഫന്‍ സമ്മതിക്കുന്നു. വല്ലപ്പോഴുമൊരിക്കല്‍ ഒരു വീഡിയോ ചെയ്യുകയെന്നതല്ല ഗ്രഹാം സ്റ്റീഫന്റെ ശൈലി. എന്ത് വിലകൊടുത്തും കൃത്യമായ ഇടവേളകളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. അത് തന്നെയാണ് ഒരു യുട്യൂബ് ചാനലിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.

ഏതെങ്കിലും ഒരു വീഡിയോ വൈറലായി അല്‍പം വരുമാനം ലഭിച്ചത്, ഇനി വിശ്രമിക്കാം എന്ന രീതി പാടില്ല. ഉടന്‍തന്നെ അടുത്ത വീഡിയോ പോസ്റ്റ് ചെയ്യണം. ഒരു തവണ വ്യൂവര്‍ഷിപ് ഉയര്‍ന്നാല്‍ അടുത്ത വീഡിയോ ഹിറ്റ് ആകാന്‍ സാധ്യത കൂടുതലാണ് എന്ന് മനസിലാക്കുക. അതുപോലെ തന്നെ നിങ്ങളുടെ, ഒരു വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ ലഭിക്കുന്ന വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടാകും.

കൃത്യതയോടെ വീഡിയോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വരുമാനവും വര്‍ധിച്ചു.നല്ല കണ്ടന്റ്, വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ സ്ഥിരത ,സബ്‌സ്‌ക്രൈബേഴ്‌സിനോട് ബഹുമാനം എന്നിവയാണ് പ്രധാനമായും ശ്രദ്ധിച്ചത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വീഡിയോകള്‍ ചെയ്തതോടെ വരുമാനവും വര്‍ധിച്ചു. കഴിഞ്ഞ നവംബറിന് മുന്‍പ് ദിവസം 300 ഡോളര്‍ കിട്ടിയിരുന്ന സ്ഥാനത്ത്, അതിനുശേഷം 2000 ഡോളര്‍ ആണ് വരുമാനം ലഭിച്ചത്. ചെയ്യുന്ന വേദികള്‍ വഴി കാഴ്ചക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാകണം എന്നാണ് ഗ്രഹാം സ്റ്റീഫന്‍ പറയുന്നത്.

കോളെജ് വിദ്യാഭ്യാസമില്ലാതെ, 13 വയസില്‍ ജോലിതേടിയിറങ്ങിറങ്ങിയ വ്യക്തിയാണ് ഗ്രഹാം സ്റ്റീഫന്‍. ആദ്യത്തെ ജോലി ഒരു അക്വേറിയം കടയിലായിരുന്നു ആദ്യ ജോലി. പുതിയതായി കടയില്‍ എത്തിക്കുന്ന അക്വേറിയങ്ങളുടെ ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് വെബ്‌സൈറ്റില്‍ ഇടുക. ഒരു ഫോട്ടോയ്ക്ക് 1 ഡോളര്‍ വെച്ച് കിട്ടുമായിരുന്നു. അങ്ങനെ ദിവസം 100 ഡോളര്‍ വരെ ഉണ്ടാക്കിയിരുന്നു. പിന്നീട് ഈ ജോലി നഷ്ടമായി. 16 മത്തെ വയസില്‍ റോക്ക് ബാന്‍ഡില്‍ ഡ്രമ്മര്‍ ആയി ചേര്‍ന്നു. അവിടെയും അധികം തുടര്‍ന്ന് പോയില്ല.18 വയസില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്. 27 മത്തെ വയസില്‍ 120 മില്യണ്‍ ഡോളറിന്റെ ഡീലുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ വിജയം.

Categories: FK Special, Slider

Related Articles