യുകെയില്‍ വന്യജീവികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

യുകെയില്‍ വന്യജീവികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലണ്ടന്‍: യുകെയില്‍ സസ്തനികളില്‍ (mammal species) നാലിലൊന്നു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാട്ടുപൂച്ച, ഗ്രേറ്റര്‍ മൗസ് ഇയേര്‍ഡ് ബാറ്റ് എന്നി വവ്വാല്‍ തുടങ്ങിയവ വംശനാശത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ ഏഴ് വന്യജീവി ഇനങ്ങളിലൊന്നു വംശനാശ ഭീഷണി നേരിടുന്നു. പഠനത്തിനു വിധേയമായ 41 ശതമാനം ജീവിവര്‍ഗങ്ങളുടെയും എണ്ണത്തില്‍ 1970 മുതല്‍ വന്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 7,000-ത്തോളം ജീവിവര്‍ഗങ്ങളില്‍നിന്നുള്ള ഡാറ്റ പരിശോധിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

വന്യജീവികളെ കുറിച്ചു പഠിക്കുന്ന സര്‍ക്കാര്‍ വകുപ്പ് ഉള്‍പ്പെടെയുള്ള 70-ാളം സംഘടനകളില്‍നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ട് തയാറാക്കാനായി ശേഖരിച്ചു. യുകെയുടെ ഭാഗമായ സ്‌കോട്ട്‌ലാന്‍ഡിലെ കണക്കും റിപ്പോര്‍ട്ടിലുണ്ട്. അവിടെയും വന്യജീവികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി, പ്ലാസ്റ്റിക്, വളം എന്നിവയില്‍നിന്നുള്ള മലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് വന്യജീവികളുടെ എണ്ണത്തില്‍ കുറവ് വരാനുണ്ടായ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ നഷ്ടം വന്യജീവികളുടെ ആഗോളതലത്തിലുള്ള ഉന്മൂലനത്തെ കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ഇത് ഭൂമിയിലെ ആറാമത്തെ കൂട്ട വംശനാശത്തിന്റെ തുടക്കമാണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വന്യജീവികളുടെ എണ്ണത്തിലുള്ള ഇടിവിലൂടെ വായു, ജലം, ഭക്ഷണം എന്നിവയ്ക്കായി മനുഷ്യന്‍ ആശ്രയിക്കുന്ന നാച്വറല്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തെ (ജീവനെ സംരക്ഷിച്ചു നിര്‍ത്തുന്ന പ്രകൃതിദത്ത സംവിധാനങ്ങള്‍) ദുര്‍ബലപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: World
Tags: Wild animals