ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ വേരിയന്റ് പുറത്തിറക്കി

ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ വേരിയന്റ് പുറത്തിറക്കി

ജി എംടി എന്ന പുതിയ ബേസ് വേരിയന്റാണ് വിപണിയിലെത്തിച്ചത്. 6.98 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി എംടി (മാന്വല്‍ ട്രാന്‍സ്മിഷന്‍) എന്ന പുതിയ ബേസ് വേരിയന്റാണ് പുറത്തിറക്കിയത്. 6.98 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ ജി എംടി എന്ന ബേസ് വേരിയന്റില്‍നിന്ന് വ്യത്യസ്തമായി പുതിയ വേരിയന്റില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിട്ടില്ല. മാത്രമല്ല, 24,000 രൂപ വില കുറവുമാണ്. ജി എംടി, ജി എംടി (സ്മാര്‍ട്ട് ഹൈബ്രിഡ്) എന്നീ രണ്ട് ബേസ് വേരിയന്റുകളും വിപണിയില്‍ തുടരും. രണ്ട് വേരിയന്റുകളിലെയും ഫീച്ചറുകള്‍ സമാനമാണ്. വി എംടി, ജി സിവിടി, വി സിവിടി എന്നിവയാണ് മറ്റ് മൂന്ന് വേരിയന്റുകള്‍.

1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് ജി എംടി എന്ന പുതിയ ബേസ് വേരിയന്റിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാണ്. 6,000 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം 1,197 സിസി 4 സിലിണ്ടര്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് വേര്‍ഷനിലേതിനേക്കാള്‍ 6 ബിഎച്ച്പി കുറവ്. അതേസമയം, ടോര്‍ക്ക് ഒരുപോലെയാണ്. 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലികള്‍ ചെയ്യുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടില്ലാത്തതിനാല്‍ ഇന്ധനക്ഷമത 21.01 കിലോമീറ്റര്‍ മാത്രമാണ്.

എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി കോംബിനേഷന്‍ ടെയ്ല്‍ലാംപുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോം ഗ്രില്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് കമാന്‍ഡ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്. സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിട്ടില്ല എന്നതിനാല്‍ ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമല്ല.

മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് ടൊയോട്ട ഗ്ലാന്‍സ. ടൊയോട്ട-സുസുകി സഖ്യത്തില്‍ പിറവിയെടുത്ത ആദ്യ ഉല്‍പ്പന്നമാണ് ഗ്ലാന്‍സ. ഈ വര്‍ഷം ജൂണിലാണ് കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 എന്നിവയാണ് പ്രധാന എതിരാളികള്‍. നിലവില്‍ 6.98 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇതിനകം 11,000 ല്‍ കൂടുതല്‍ യൂണിറ്റ് ഗ്ലാന്‍സ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. നിലവില്‍, ഇന്നോവ ക്രിസ്റ്റ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റുപോകുന്ന ടൊയോട്ട മോഡലാണ് ഗ്ലാന്‍സ.

Comments

comments

Categories: Auto