സ്റ്റാര്‍ട്ടപ്: നിക്ഷേപത്തിലും എണ്ണത്തിലും കേരളത്തില്‍ വന്‍ വളര്‍ച്ച

സ്റ്റാര്‍ട്ടപ്: നിക്ഷേപത്തിലും എണ്ണത്തിലും കേരളത്തില്‍ വന്‍ വളര്‍ച്ച
  • പ്രതിവര്‍ഷം ശരാശരി 17 ശതമാനം വളര്‍ച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2200 കടന്നു
  • ഈ വര്‍ഷം കേരളത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു
  • വരുന്ന 5 വര്‍ഷത്തേക്ക് സ്റ്റാര്‍ട്ടപ് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് 1,000 കോടി രൂപ

കൊച്ചി: കേരളത്തില്‍ ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ച. ഇതുവരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 17 ശതമാനം വളര്‍ച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2200 കടന്നപ്പോള്‍ ഈ വര്‍ഷം മാത്രം ഇതുവരെ 35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം കേരളത്തിലേയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ നിക്ഷേപം നേടിയെടുക്കുന്ന മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാര്‍ട്ടപ് മിഷനു(കെഎസ് യുഎം) വേണ്ടി ടൈ കേരള, ഇന്‍ക്42 എന്നിവ ചേര്‍ന്ന് തയാറാക്കിയ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം2019 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കൊച്ചിയില്‍ നടക്കുന്ന ടൈക്കോണ്‍ കേരള സമ്മേളനത്തില്‍വച്ച് റിപ്പോര്‍ട്ട് കെഎസ് യുഎം സിഇഒ ഡോ. സജിഗോപിനാഥിന്റെ സാന്നിധ്യത്തില്‍ സാമ്പത്തിക വിദഗ്ധന്‍ സുബ്രഹ്മണ്യസ്വാമി എംപി പ്രകാശനം ചെയ്തു.

കേരളത്തില്‍ ആകെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 13 ശതമാനവും ഈ വര്‍ഷം ആദ്യത്തെ മൂന്നു പാദങ്ങളിലായാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഈ രണ്ടു ജില്ലകളിലൂമായി കേരളത്തിലെ 59 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്, കൊച്ചിയില്‍ 36 ശതമാനവും തിരുവനന്തപുരത്ത് 23 ശതമാനവും.

നിക്ഷേപം കൊണ്ടുവരുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത പല മേഖലകളെയും കടത്തിവെട്ടി. ഇതുവരെ 602 കോടി രൂപയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2018നെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ 18 ശതമാനം വളര്‍ച്ചയാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 13 ഇടപാടുകളിലൂടെ 311 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഇക്കൊല്ലം സെപ്റ്റംബര്‍ വരെ നേടിയെടുത്തത്. 47 സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിനു പുറത്തുനിന്നാണ് നിക്ഷേപം കൈവരിച്ചത്.

ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ് മേഖലയില്‍ 511 ഇടപാടുകളിലൂടെ 6374 കോടി രൂപയുടെ നിക്ഷേപം ലഭിച്ചപ്പോള്‍ ഇതില്‍ കേരളത്തിന്റെ പങ്ക് 311 കോടി രൂപയാണ്. ഈ നിരക്കില്‍ മുന്നോട്ടു പോയാല്‍ കേരളം അധികം വൈകാതെ ഇന്ത്യയില്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ് നിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാകും. കഴിഞ്ഞ ആറു മാസത്തില്‍ 200 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ടത്.

ഭൂമിക്ക് വിലയേറിയ കേരളത്തില്‍ മൂന്നു ലക്ഷം ചതുരശ്രയടി ഇന്‍കുബേഷന്‍ സ്ഥലം മാത്രമാണ് ഇത്രയും സ്റ്റാര്‍ട്ടപ്പുകള്‍ ഉപയോഗിക്കുന്നത്. 30 ഇന്‍കുബേറ്ററും 200 ഇന്നവേഷന്‍ സെല്ലുകളും കേരളത്തിലുണ്ട്.

കേരളത്തിലെ 75 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഉല്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ബാക്കി സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 28 ശതമാനം ഐടികണ്‍സള്‍ട്ടിങ് മേഖലയിലാണ്. എട്ടു ശതമാനം ആരോഗ്യമേഖലയിലും ഏഴുശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്.

41 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ട് സ്ഥാപകരാണുള്ളത്. 39 ശതമാനവും ഒറ്റ സംരംഭകനില്‍നിന്നാണ് തുടങ്ങിയിരിക്കുന്നത്. പക്ഷേ സ്റ്റാര്‍ട്ടപ് സ്ഥാപകരില്‍ സ്ത്രീകള്‍ അഞ്ചു ശതമാനം മാത്രം.

അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സ്റ്റാര്‍ട്ടപ് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്.

അടുത്തിടെ ട്വിറ്റര്‍ സഹസ്ഥാപകന്‍ കേരള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് ശ്രദ്ധേയമായിരുന്നു. ഒരു ആഗോള സമൂഹ മാധ്യമത്തിന്‍ റെ സ്ഥാപകന്‍ ഇതാദ്യമായിട്ടായിരുന്നു കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം)ന്റെ മേല്‍ നോട്ടത്തിലുള്ളതും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്‌റ്റോണ്‍നിക്ഷേപം നടത്തുന്നത്.

കോവളത്തു നടന്ന ഹഡില്‍ കേരള2019 സ്റ്റാര്‍ട്ടപ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സാക്ഷിനിര്‍ത്തി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിസ്സ്‌റ്റോണ്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
സാങ്കേതികമേഖലയിലെ ആഗോള സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് പിണറായി വിജയന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍, മധ്യപൂര്‍വേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ബിസിനസ് പ്രവര്‍ത്തനങ്ങല്‍ കേരളത്തില്‍നിന്ന് ഏകോപിപ്പിക്കാന്‍ സാധിക്കും. ഇതിനായി നിക്ഷേപകര്‍ക്ക് നയപരമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ‘ഹഡില്‍ കേരള’യുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഉയര്‍ന്ന സാമ്പത്തിക സാമൂഹിക ചുറ്റുപാടും സാങ്കേതിക അവബോധവും കരുത്താര്‍ജ്ജിച്ച ജനസംഖ്യയുമുള്ള കേരളത്തില്‍, വികസിച്ചുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്ത സാധ്യതയുണ്ടെന്നും അവയ്ക്ക് എളുപ്പത്തില്‍ മറ്റു വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy