സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കെതിരേ റഷ്യയില്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ പ്രചാരണം

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കെതിരേ റഷ്യയില്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ പ്രചാരണം

റഷ്യയില്‍ ഒരു പ്രചാരണത്തിനു സമീപകാലത്തു വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ച് എല്ലാം നന്നായിരിക്കുന്നു എന്നു അര്‍ഥം വരുന്ന ഇംഗ്ലീഷ് വാചകം ഹാഷ്ടാഗ് ആക്കിയാണ് ഓണ്‍ലൈനില്‍ പ്രചാരണം നടക്കുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും സമൂഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരെ സൗന്ദര്യത്തിന്റെ അളവുകോള്‍ കൊണ്ട് അളക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരേയാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്.

#AllIsFineWithMe (എന്നെ സംബന്ധിച്ച് എല്ലാം നന്നായിരിക്കുന്നു) എന്ന ഹാഷ്ടാഗില്‍ റഷ്യയില്‍ ഫെമിനിസത്തിന്റെ ഒരു പുതിയ തരംഗം തീര്‍ക്കുകയാണ് ആയിരക്കണക്കിനു വരുന്ന സ്ത്രീകള്‍. മുഖക്കുരു, മുടി കൊഴിച്ചില്‍, തടി കൂടിയതു കാരണം ഉണ്ടാകുന്ന നീര്‍ച്ചുഴി (cellulite) എന്നിവ പ്രദര്‍ശിപ്പിക്കുന്ന സെല്‍ഫികള്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഈ സ്ത്രീകള്‍. ഇതിലൂടെ ആത്മവിശ്വാസക്കുറവുള്ള സ്ത്രീകളില്‍ അവ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് ‘ഓള്‍ ഈസ് ഫൈന്‍ വിത്ത് മീ’ എന്ന മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇവര്‍ നവമാധ്യമങ്ങളില്‍ ഓള്‍ ഈസ് ഫൈന്‍ വിത്ത് മീ എന്ന ഹാഷ്ടാഗോടു കൂടിയാണു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. വിശപ്പില്ലായ്മ (anorexia) എന്ന അവസ്ഥയുമായി മല്ലിട്ട നതാലിയ സെംലിയാനുഖിന എന്ന ഒരു റഷ്യന്‍ കൗമാരക്കാരിയാണ് ഓള്‍ ഈസ് ഫൈന്‍ വിത്ത് മീ പ്രചാരണത്തിനു തുടക്കമിട്ടത്. @Tysya എന്ന പേരുള്ള ഇവരുടെ 1.2 മില്യന്‍ ഫോളോവേഴ്‌സുണ്ടായിരുന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഓള്‍ ഈസ് ഫൈന്‍ വിത്ത് മീ എന്ന ഹാഷ്ടാഗില്‍ എല്ലാവരും മേക്കപ്പില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഇങ്ങനെ ആഹ്വാനം ചെയ്യാനുമുണ്ടായിരുന്നു കാരണം. ഇന്നു സോഷ്യല്‍ മീഡിയ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയൊരു പങ്കാണല്ലോ വഹിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും എല്ലാം തികഞ്ഞവരായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. മികച്ച വ്യക്തിത്വം സൃഷ്ടിക്കാന്‍ പലരും വെമ്പല്‍ കൊള്ളുന്നുമുണ്ട്. ഭൂരിഭാഗം പേരുടെയും ഊതിവീര്‍പ്പിച്ച ഐഡന്റിറ്റിയാണെന്നതും പലരും അറിയുന്നില്ല. എല്ലാം തികഞ്ഞവരായി കാണപ്പെടുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ സ്ത്രീകളിലും പെണ്‍കുട്ടികളിലും വലിയ തോതില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം യാഥാര്‍ഥ്യബോധമില്ലാത്ത സമ്മര്‍ദ്ദങ്ങള്‍ക്കെതിരേ അല്ലെങ്കില്‍ അതില്‍നിന്നും പിന്നോട്ടു പോകുന്നതിനു വേണ്ടി സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രേരിപ്പിക്കുന്നതാണു ഓസ് ഈസ് ഫൈന്‍ വിത്ത് മീ എന്ന ദൗത്യം.

റഷ്യ ഇപ്പോഴും പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുന്നൊരു രാജ്യമാണ്. അവിടെയുള്ളവര്‍ ശരീരബോധമുള്ളവരുമാണ്. സൗന്ദര്യത്തിന്റെ അളവുകോല്‍ വച്ച് ഓരോ വ്യക്തികളെയും അളക്കുകയും ചെയ്യുന്നു. ആകര്‍ഷണീയമായ ശരീരമില്ലാത്തവരെ അഥവാ ശാരീരികമായി പരിപൂര്‍ണരല്ലാത്തവരെ പരിഹസിക്കുന്ന ബോഡി ഷേമിംഗ് (body shaming) അരങ്ങേറുന്നതും റഷ്യയില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഒരു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി തടിയുള്ളതും, മുഖക്കുരു ഉള്ളതുമാണെങ്കില്‍ അവള്‍ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു. തടി കുറയ്ക്കണമെന്നു നിര്‍ബന്ധിക്കുന്നവരും മുഖക്കുരു ഒഴിവാക്കാന്‍ സൗന്ദര്യ വര്‍ധകവസ്തുക്കള്‍ ഉപയോഗിക്കണമെന്നു നിര്‍ബന്ധിക്കുന്നവരുമായിരിക്കും അവള്‍ക്കു ചുറ്റുമുള്ളത്. ഇത് അവളില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.

റഷ്യയില്‍ ഇന്നും സ്ത്രീകള്‍ക്കു പുരുഷന്മാരെ ആകര്‍ഷിക്കാനായി വസ്ത്രം ധരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത് ഉയര്‍ത്തിക്കാണിക്കുന്നത് ലിംഗപരമായി വേര്‍തിരിവ് കാണിക്കുന്ന പഴയ രീതി നിലനില്‍ക്കുന്നുണ്ടെന്നാണ്. അതോടൊപ്പം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന യാഥാസ്ഥിതികതയും എടുത്തുകാണിക്കുന്നു ഇത്തരം സാഹചര്യങ്ങള്‍. ഇത്തരം പ്രവണതകള്‍ക്കെതിരേ രംഗത്തുവരുന്നതിനു വേണ്ടിയാണ് നതാലിയ എന്ന കൗമാരക്കാരി ശ്രമിച്ചത്. നതാലിയയുടെ ശ്രമങ്ങള്‍ക്കു വമ്പിച്ച പിന്തുണ ലഭിക്കുകയും ചെയ്തു. വടുക്കള്‍ (scars), പൊള്ളല്‍ (burns) മറ്റ് വൈകല്യങ്ങള്‍ എന്നിവയുള്ള മോഡലുകള്‍ അവതരിപ്പിച്ച വീഡിയോ പ്രചാരണത്തിന്റെ ഭാഗമായി 2500-ാളം ആളുകള്‍ ഓള്‍ ഈസ് ഫൈന്‍ വിത്ത് മീ എന്ന ഹാഷ്ടാഗോടു കൂടി ഉപയോഗിക്കുകയുണ്ടായി. ഇവയ്ക്ക് ഒരു മില്യനിലേറെ വ്യൂസ് ലഭിക്കുകയും ചെയ്തു. അതേസമയം ചിലര്‍ ഈ പ്രചാരണത്തിനു പിന്തുണ നല്‍കാന്‍ തയാറായിട്ടില്ല. അനാരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ ഇടയാകുമെന്നാണ് ഇവരുടെ അഭിപ്രായം.

ദക്ഷിണ കൊറിയയിലും പ്രതിഷേധ പ്രകടനം

ദക്ഷിണ കൊറിയയിലും ഏകദേശം ഒരു വര്‍ഷം മുന്‍പ് എസ്‌കേപ് ദ കോര്‍സെറ്റ് (escape the corset) എന്ന പേരിലൊരു മുന്നേറ്റം നടക്കുകയുണ്ടായി. സൗന്ദര്യത്തെക്കുറിച്ചുള്ള രാജ്യത്തെ കര്‍ശനവും എന്നാല്‍ യാഥാര്‍ഥ്യബോധമില്ലാത്തതുമായ മാനദണ്ഡങ്ങളില്‍ പ്രതിഷേധിക്കാനാണ് ഈ മുന്നേറ്റത്തിന് രൂപം കൊടുത്തത്. അതോടൊപ്പം പുരുഷാധിപത്യ മൂല്യങ്ങള്‍ക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മുന്നേറ്റം. കൂടുതല്‍ സമത്വം ആവശ്യപ്പെട്ടും ലൈംഗികാതിക്രമത്തിനെതിരേ പോരാടുന്നതിനും ഈ മുന്നേറ്റത്തെ ഉപയോഗിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ അവരുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അഥവാ മേക്കപ്പ് നശിപ്പിക്കുകയും മുടി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോര്‍സെറ്റ് എന്നാല്‍ അകത്ത് ധരിക്കുന്ന വസ്ത്രമെന്നാണ് അര്‍ഥം. എസ്‌കേപ് ഫ്രം കോര്‍സെറ്റ് എന്നായിരുന്നു പ്രചാരണത്തിനു പേരിട്ടത്. ഇവിടെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ മേക്കപ്പിനെ കോര്‍സെറ്റുമായി താരതമ്യപ്പെടുത്തുകയായിരുന്നു. കാരണം മേക്കപ്പും, അകത്ത് ധരിക്കുന്ന വസ്ത്രവും സ്ത്രീകളെ സംബന്ധിച്ച് നിര്‍ബന്ധപൂര്‍വ്വം ധരിക്കേണ്ടതാണ്, ഇടേണ്ടതാണ്. പുരുഷാധിപത്യ മൂല്യങ്ങള്‍ ആഴത്തില്‍ വേരൂന്നിയ ഒരു സമൂഹമാണു ദക്ഷിണ കൊറിയയിലേത്. അവിടെ സ്ത്രീകള്‍ക്കു കരിയറിലും വ്യക്തി ബന്ധങ്ങളിലും വിജയിക്കണമെങ്കില്‍ കുറ്റമറ്റ സൗന്ദര്യം ആവശ്യമാണെന്നു വന്നിരിക്കുകയാണ്. ഓരോ സ്ത്രീക്കും അല്ലെങ്കില്‍ പെണ്‍കുട്ടിക്കും ഓരോ ദിവസവും മേക്കപ്പിടാന്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതൊക്കെ അവരില്‍ വലിയ സമ്മര്‍ദ്ദങ്ങളാണ് സൃഷ്ടിക്കുന്നത്. ദക്ഷിണ കൊറിയ വലിയ സൗന്ദര്യ വ്യവസായമുള്ള രാജ്യം കൂടിയാണ്. 2017ല്‍ ഈ വ്യവസായം 10 ബില്യന്‍ ഡോളറിന്റേതായിരുന്നു. സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ഈ രാജ്യത്ത് സര്‍വസാധാരണമാണ്. ഇവിടെയുള്ള യുവതികളില്‍ മൂന്നിലൊരു വിഭാഗവും പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയമാകാറുണ്ട്. ആഗോള പ്ലാസ്റ്റിക് സര്‍ജറിയുടെ തലസ്ഥാനമാണു ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍.

Comments

comments

Categories: Top Stories