തടാകങ്ങളുടെ അംബാസഡര്‍

തടാകങ്ങളുടെ അംബാസഡര്‍

മാലിന്യം കുന്നുകൂടി, വരണ്ടുണങ്ങിയ തടാകങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് ബെംഗളുരു സ്വദേശി ആനന്ദ് മല്ലികാവഡ്. 2025 ഓടുകൂടി ബെംഗളുരു നഗരത്തിലെ 45 തടാകങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കി തിരികെ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം

ഉദ്യാനങ്ങളുടെ നഗരമെന്നറിയപ്പെട്ടിരുന്ന ബെംഗളുരുവിലെ പച്ചപ്പും തടാകങ്ങളും ആരെയും മോഹിപ്പിക്കുന്ന കാലാവസ്ഥയും നഗരത്തിന് വേറിട്ടൊരു മുഖം സമ്മാനിച്ചിരുന്നു. കാലക്രമേണ വികസനത്തിന്റെ വരവ് നഗരത്തിന് ഐടി മുഖം നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അവിടേക്ക് ചേക്കേറിത്തുടങ്ങി, ഫഌറ്റുകളും വില്ലകളും അപ്പാര്‍ട്ടുമെന്റുകളും കൂണുപോലെ മുളച്ചുപൊന്തി. നഗരത്തിന്റെ തിരക്ക് ഏറിയപ്പോള്‍ നഷ്ടമായത് ആ നാടിന്റെ ജീവസുറ്റ ജലാശയങ്ങളാണ്. തടാകങ്ങളില്‍ ഏറിയ പങ്കും മാലിന്യക്കൂമ്പാരങ്ങളായി മാറി, നീരുറ വറ്റി തടാകങ്ങള്‍ വരണ്ടുണങ്ങി കളിസ്ഥലമായി. ഇവിടെ ഒരു തടാകമുണ്ടായിരുന്നുവെന്ന് പുതുതലമുറയ്ക്ക് ചിത്രങ്ങളിലൂടെ കാണിച്ചു കൊടുക്കേണ്ട അവസ്ഥ. സര്‍ക്കാരിന്റെ അനാസ്ഥ ആ നാടിന്റെ വിളിപ്പേരില്ലാതാക്കി എന്നു വേണം പറയാന്‍. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് കെംപഗൗഡ ബെംഗളുരു സ്ഥാപിച്ചപ്പോള്‍ ,ഒട്ടനവധി ജലാശയങ്ങളെ കോര്‍ത്തിണക്കിയാണ് അത് രൂപപ്പെടുത്തിയത്. ഒരു കാലത്ത് തടാകങ്ങളുടെ നഗരമെന്ന വിളിപ്പേരു പോലും ബെംഗളുരുവിന് സ്വന്തമായിരുന്നു. 1960ല്‍ 262 ജലാശയങ്ങളുണ്ടായിരുന്ന നഗരത്തില്‍ ഇന്ന് അവയുടെ എണ്ണം വെറും 81 ആയി ചുരുങ്ങി. ഇതില്‍ 34 എണ്ണം മാത്രമാണ് നിലവില്‍ ജീവസുറ്റ തടാകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകുക.

ബെംഗളുരുവിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച ഏതൊരാളെയും നൊമ്പരപ്പെടുത്തുന്ന കാഴ്്ചയാകും തടാകങ്ങളുടെ അവസ്ഥ നേരിട്ടു കാണുമ്പോഴുണ്ടുകുക. തടാകങ്ങളുടെ ആ ഭയാനകമായ മുഖം മുപ്പത്തിയെട്ടുകാരനായ ആനന്ദ് മല്ലിഗാവഡിന്റെ ജീവിതത്തില്‍ പുതിയൊരു ലക്ഷ്യമുണ്ടാക്കുകയായിരുന്നു. ഒരു പുതിയ മിഷന്‍, നാടിന്റെ ജീവസായ തടാകങ്ങളെ സംരക്ഷിക്കാനുള്ള, പുനര്‍ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ഇന്ന് ആനന്ദിന്റെ ലക്ഷ്യം ഒന്നു മാത്രമാണ്, 2025 ഓടുകൂടി നഗരത്തിലെ 45 തടാകങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കി തിരികെ എത്തിക്കുക, അതിനായുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ അദ്ദേഹം. തടാകങ്ങള്‍ പുനര്‍ജീവിപ്പിക്കാനുള്ള പരിപാടി തുടങ്ങിക്കഴിഞ്ഞു. മാസങ്ങളോളം നീണ്ട ഗവേഷണ, നിരീക്ഷണ, പഠനങ്ങള്‍ക്കു ശേഷമാണ് ഈ യുവാവ് തന്റെ ഉദ്യമത്തിന് തുടക്കമിട്ടത്.

തുടക്കം 36 ഏക്കര്‍ ജലാശയം വീണ്ടെടുത്ത്

”ആദ്യം ആ സ്ഥലം കണ്ടപ്പോള്‍ ഭയാനകമായിരുന്നു അവസ്ഥ. ഒരിക്കല്‍ ഒരു നാടിന്റെ ജീവസായ തടാകം വരണ്ടുണങ്ങി കുട്ടികളുടെ കളിസ്ഥലമായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് ആ പ്രദേശത്തെ മാലിന്യം മുഴുവന്‍ തള്ളുന്ന സ്ഥലവും കാണാനിടയായി. അവിടെ നിന്നും ആ വരണ്ട ഭൂപ്രദേശത്തെ ഞങ്ങള്‍ ഒരു മരുപ്പച്ചയാക്കി മാറ്റി”, തടാകങ്ങളുടെ സംരക്ഷണത്തിലൂടെ തടാകങ്ങളുടെ അംബാസഡര്‍ എന്ന വിളിപ്പേര് നേടിയ ആനന്ദിന്റെ വാക്കുകളാണിത്.

ടെക്കികള്‍ തിങ്ങി നിറഞ്ഞ നഗരത്തില്‍ തടാകങ്ങളെ വീണ്ടെടുക്കാന്‍ ആനന്ദ് അവരുടെ തന്നെ സഹായം തേടി. മികച്ച പുനരുദ്ധാരണ രീതികളാണ് ആനന്ദ് തടാകങ്ങള്‍ക്കായി തയാറാക്കിയത്. പ്രദേശവാസികള്‍ക്കൊപ്പം ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ഏതാനും ടെക്കികളെയും ഉദ്യമത്തില്‍ പങ്കാളികളാക്കി. തടാകങ്ങള്‍ക്ക് പുനര്‍ ജീവന്‍ നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ തുടക്കം 36 ഏക്കര്‍ വരുന്ന ജലാശയത്തെ വീണ്ടെടുത്തുകൊണ്ടാണ് ആനന്ദ് ഭംഗിയാക്കിയത്. അതും വെറും 45 ദിവസങ്ങള്‍ കൊണ്ട്. 2017 ഏപ്രില്‍ 20ന് പണി തുടങ്ങി. സന്‍സേര ഫൗണ്ടേഷന്‍ നല്‍കിയ ഒരു കോടി 17 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി ചെലവാക്കിയത്. അക്കാലത്ത് സന്‍സേരയിലെ സിഎസ്ആര്‍ മേധാവി ആയിരുന്നു ആനന്ദ്. ഒരു പ്രദേശത്തെ ജലാശയം പുനര്‍നിര്‍മിക്കാന്‍ ഒരാള്‍ മുന്നിട്ടിറങ്ങണം, എന്നാല്‍ ആ പ്രദേശവാസികളുടെ പിന്തുണയും സഹകരമവുമില്ലാതെ ആ പരിശ്രമത്തിന് സ്ഥായിയായ നിലനില്‍പ്പ് ഉണ്ടാകില്ലെന്ന് മനസിലാക്കിയാവണം ആനന്ദ് അവിടുത്തെ പ്രാദേശിക ജനങ്ങളുടെ പിന്തുണ തേടുന്നതിനൊപ്പം മികച്ച രീതിയിലുള്ള ബോധവല്‍ക്കരണത്തിനും മുന്‍കൈയെടുത്തത്. പ്രദേശത്തെ മുതിര്‍ന്ന പൗരനായ ബി മുത്തുരാമനൊപ്പം നാനൂറോളം വീടുകള്‍ കയറിയിറങ്ങി ആനന്ദും സംഘവും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തി. തടാകങ്ങളുടെ ആവശ്യകതയും അവ നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തവും ഓരോരുത്തരേയും പറഞ്ഞു മനസിലാക്കി. ആളുകളുടെ സഹകരണവും മികച്ചതായതിനാല്‍ അവര്‍ ആനന്ദിനൊപ്പം ചേര്‍ന്ന് മണിക്കൂറുകളോളം തടാക നിര്‍മാണത്തില്‍ പങ്കാളികളാകുകയും ചെയ്തു.

ടാറ്റ സ്റ്റീല്‍ മുന്‍ വൈസ് ചെയര്‍മാനായ ബി മുത്തുരാരം 2009ലാണ് തടാകത്തിന് എതിര്‍വശത്തായി വീട് പണിതത്. എന്നാല്‍ 2014ല്‍ തടാകത്തിന്റെ മനോഹാരിതയില്‍ വീട്ടില്‍ താമസിക്കാനെത്തിയപ്പോള്‍ വരണ്ടുണങ്ങിയ തടാകം നൊമ്പരക്കാഴ്ചയായി. മുത്തുരാരം ആനന്ദിനെ സമീപിച്ചതോടെ അദ്ദേഹം ആ ജോലി സന്തോഷത്തോടെ ഏറ്റെടുത്തു. ഒരു വ്യാവസായിക വിദഗ്ധന്റെയോ ആര്‍ക്കിടെക്റ്റിന്റെയോ സഹായമില്ലാതെ മെക്കാനിക്കല്‍ എന്‍ജിനിയറായ ആനന്ദ് നാല് ലക്ഷം ക്യുബിക് മീറ്റര്‍ ചെളിയാണ് തടാകത്തില്‍ നിന്നും നീക്കം ചെയ്തത്. ഈ ചെളി കൊണ്ട് തടാകത്തില്‍ തന്നെ 110 ഡയമീറ്റര്‍ വിസ്തൃതിയിലുള്ള അഞ്ച് ഉപദ്വീപുകളും അവര്‍ നിര്‍മിച്ചു. ഇന്നിത് പക്ഷികള്‍ക്ക് ചേക്കേറാനുള്ള ഇടമായി മാറിയിരിക്കുന്നു. തണലേകുന്ന വൃക്ഷങ്ങളും പുഷ്്പങ്ങളും കൊണ്ട് സമൃദ്ധമാണ് ഇന്ന് ഈ തടാകത്തിനു ചുറ്റുമുള്ള പ്രദേശം.

18,000 വൃക്ഷത്തൈകളും 22 വ്യത്യസ്ത വിഭാഗത്തിലുള്ള മൂവായിരത്തോളം പഴവര്‍ഗ വൃക്ഷങ്ങളും മൂവായിരത്തില്‍ പരം വിവിധ സസ്യങ്ങളും 2000 ആയുര്‍വേദ സസ്യങ്ങളും ചേര്‍ന്ന ആവാസവ്യവസ്്ഥയാണ് ഇന്ന് ഈ തടാകത്തിന് പുതു ജീവന്‍ നല്‍കിയിരിക്കുന്നത്. അടുത്തതായി ഒരു ലക്ഷം ക്യുബിക് മീറ്റര്‍ ചെളി തടാകത്തില്‍ നിന്നും നീക്കം ചെയ്ത് അവിടെ വെള്ളം നിറയ്ക്കുന്ന ഘട്ടം കൂടി ബാക്കിയുണ്ട്. തടാകത്തിനു ചുറ്റുമായി 25,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിബിഡ വനം സൃഷ്ടിക്കാനും ആനന്ദും സംഘവും മുന്‍കെയെടുത്തു. അയ്യായിരത്തോളം സസ്യങ്ങള്‍ 1500 വോളന്റിയര്‍മാരുടെ സഹായത്തോടെ വെറും ഒന്നേമുക്കാല്‍ മണിക്കൂറിലാണ് പൂര്‍ത്തിയാക്കിയതെന്നും ആനന്ദ് പറയുന്നു. മണ്ണൊലിപ്പ് തടയുന്ന വൃക്ഷങ്ങളും പ്രകൃതിദത്ത പുല്ലുകളും കൊണ്ട് തടാകത്തിനു പരിസരമെല്ലാം സമൃദ്ധമാക്കിയിട്ടുമുണ്ട്.

തടാകത്തിനു ചുറ്റുമുള്ള സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ അധികവും കര്‍ഷകരായതിനാല്‍ , കൃഷിക്കായി നേരിട്ട് തടാകത്തില്‍ നിന്നും വെള്ളമെടുക്കുന്നതിനുള്ള അവസരം ഒഴിവാക്കാനായിരുന്നു ആനന്ദിന്റെ തീരുമാനം. മറിച്ച് ആ പ്രദേശത്ത് 186 ബോര്‍വെല്ലുകള്‍ സ്ഥാപിച്ച് അതുവഴി കൃഷിക്കായി ജലം കണ്ടെത്തി.

ജോലി ഉപേക്ഷിച്ച് തടാക സംരക്ഷണത്തിലേക്ക്

കൈലാസനഹള്ളി തടാകം പുനര്‍ ജീവിപ്പിച്ചതിനു ശേഷം തന്റെ ജീവിതം ഈ വഴിക്ക് തിരിച്ചു വിടാനായിരുന്നു ആനന്ദിന്റെ തീരുമാനം. തുടര്‍ന്ന് സന്‍സേരയിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഇതിനായി സമര്‍പ്പിച്ചു. പിന്നീട് ഏറ്റെടുത്തത് ബൊമ്മസാന്ദ്രയ്്ക്കടുത്തുള്ള വൈഭവസാന്ദ്ര തടാകമായിരുന്നു. 2018 ഏപ്രിലില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയായി. ഒമ്പത് ഏക്കര്‍ വിസ്തൃതിയിലുളള പ്രദേശം 50 ആടി ആഴത്തിലുള്ള തടാകമാക്കി മാറ്റാന്‍ ആനന്ദിന് കഴിഞ്ഞു. അതിനു ശേഷം ഏറ്റെടുത്തത് 16 ഏക്കറിലുള്ള കൊനസാന്ദ്ര തടാകമായിരുന്നു. രാസവസ്തുക്കളുടെ സാന്നിധ്യത്തില്‍ പതഞ്ഞു പൊന്തിയൊഴുകിയ ബെലന്ദൂര്‍ തടാകത്തേക്കാള്‍ ഭയാനകമായിരുന്നു ഈ തടാകത്തിന്റെ അവസ്ഥ. സമീപ പ്രദേശങ്ങളിലെ വ്യാവസായിക, ഫാര്‍മ കമ്പനികളില്‍ നിന്നുള്ള മാലിന്യമായിരുന്നു തടാകത്തെ ഏറ്റവും കൂടുതല്‍ നാശോന്‍മുഖമാക്കിയത്. ഹൈകാള്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പിന്തുണയോടെ 81 ലക്ഷം രൂപ ചെലവിലാണ് ഈ തടാകം പുനര്‍ ജീവിപ്പിച്ചത്. 2018 നവംബര്‍ തുടങ്ങി തടാകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. തന്റെ ലക്ഷ്യമായ 45 തടാകങ്ങളില്‍ അടുത്തതായി ഗവി, നഞ്ചാപുര തടാകങ്ങളാണ് ലിസ്റ്റിലുള്ളത്.

പ്രകൃതിയ സംരക്ഷിക്കാന്‍ പണം മാത്രമല്ല ആവശ്യമായിട്ടുള്ളത്. ക്ഷമയോടെ അതു നേടിയെടുക്കുന്നതിനുള്ള കഴിവും വേണം. രാജ്യത്തെ ഏറ്റവും മികച്ച ഈര്‍പ്പം നിറഞ്ഞ നഗരമായി ബെംഗളുരു അറിയപ്പെടണമെന്നതാണ് ആനന്ദിന്റെ ആഗ്രഹം. നഞ്ചാപുര തടാകത്തില്‍ ഒരു പക്ഷിസങ്കേതമുണ്ടാക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK Special
Tags: Pond