നെക്‌സോണ്‍ ഇലക്ട്രിക് കാറിന്റെ ആദ്യ ഡ്രൈവര്‍ മിലിന്ദ് സോമന്‍ !

നെക്‌സോണ്‍ ഇലക്ട്രിക് കാറിന്റെ ആദ്യ ഡ്രൈവര്‍ മിലിന്ദ് സോമന്‍ !

നെക്‌സോണ്‍ ഇവിയുടെയും ‘സിപ്‌ട്രോണ്‍’ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുടെയും പ്രചാരണാര്‍ത്ഥം ബോളിവുഡ് നടനും ടാറ്റ മോട്ടോഴ്‌സും കരാര്‍ ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: ടാറ്റ നെക്‌സോണ്‍ ഇവി ആദ്യം ഓടിക്കാനുള്ള ഭാഗ്യം ലഭിച്ചത് മിലിന്ദ് സോമന്. നടന്‍ മിലിന്ദ് സോമനും ഭാര്യ അങ്കിത കൊന്‍വറുമാണ് നെക്‌സോണ്‍ ഇലക്ട്രിക് കാര്‍ ആദ്യം ഡ്രൈവ് ചെയ്യുന്നത്. നെക്‌സോണ്‍ ഇവിയുടെയും സിപ്‌ട്രോണ്‍ എന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുടെയും പ്രചാരണാര്‍ത്ഥം ബോളിവുഡ് നടനുമായി ടാറ്റ മോട്ടോഴ്‌സ് കരാര്‍ ഒപ്പുവെച്ചു. ‘ദ അള്‍ട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവ്’ എന്ന കാംപെയ്‌നിന്റെ ഭാഗമായാണ് മിലിന്ദ് സോമന്‍ ടാറ്റയുമായി സഹകരിക്കുന്നത്.

നെക്‌സോണ്‍ ഇവിയുടെ ശേഷി പരിശോധിക്കുന്നതിന് മിലിന്ദും അങ്കിതയും ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളിലൂടെ ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവി ഡ്രൈവ് ചെയ്യും. സെലിബ്രിറ്റി ദമ്പതിമാര്‍ മനാലി മുതല്‍ ലേ വരെ നെക്‌സോണ്‍ ഇലക്ട്രിക് കാര്‍ ഡ്രൈവ് ചെയ്യുന്നതാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ട ആദ്യ വീഡിയോയില്‍ കാണുന്നത്. എല്ലാത്തരം താപനിലകളും ഭൂപ്രദേശങ്ങളും ഉയരവും ടാറ്റ നെക്‌സോണ്‍ ഇവി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പരീക്ഷിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മനാലി-ലേ പാതയില്‍ ഡ്രൈവ് ചെയ്യുന്ന ആദ്യ ഇലക്ട്രിക് കാറാണ് നെക്‌സോണ്‍ ഇവി എന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു.

സിപ്‌ട്രോണ്‍ എന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ടെക്‌നോളജി ടാറ്റ മോട്ടോഴ്‌സ് ഈയിടെ അവതരിപ്പിച്ചിരുന്നു. സിപ്‌ട്രോണ്‍ ഉപയോഗിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ നെക്‌സോണ്‍ ഇവി ആയിരിക്കുമെന്നും കമ്പനി പിന്നീട് പ്രഖ്യാപിച്ചു. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നെക്‌സോണ്‍ ഇവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. സിപ്‌ട്രോണ്‍ ഉപയോഗിക്കുന്ന എല്ലാ കാറുകള്‍ക്കും 250 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ഉണ്ടായിരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു.

Comments

comments

Categories: Auto