സാമ്പത്തിക നില മോശമെന്ന് പാതി ഇന്ത്യക്കാര്‍

സാമ്പത്തിക നില മോശമെന്ന് പാതി ഇന്ത്യക്കാര്‍

തൊഴില്‍ മേഖലയിലും സ്ഥിതി വഷളായെന്ന് ആര്‍ബിഐ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയില്‍ പങ്കെടുത്ത 52.5% ആളുകള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍വേ. ആര്‍ബിഐയുടെ പുതിയ സാമ്പത്തിക നയ റിപ്പോര്‍ട്ടിലാണ് സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വഷളായെന്ന് കരുതുന്നത് സര്‍വേയില്‍ പങ്കെടുത്ത 47.9% ആളുകളാണ്. അതേസമയം ഈ സാഹചര്യം അടുത്ത വര്‍ഷം കൂടുതല്‍ മോശമാകുമെന്ന അഭിപ്രായം 31.8 ശതമാനത്തിനേ ഉള്ളൂ. സ്ഥിതിഗതികള്‍ വരും വര്‍ഷം മെച്ചപ്പെടുമെന്ന് 53.2% ആളുകള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

തൊഴില്‍ മേഖലയിലെ സാഹചര്യങ്ങള്‍ മോശമാവുന്നെന്ന് ആശങ്കപ്പെട്ടിരിക്കുന്നത് 52.5% ആളുകള്‍. അടുത്ത വര്‍ഷം തൊഴില്‍ സാഹചര്യം മോശമാവുമെന്ന് 33.4% ആളുകളും ഭയപ്പെടുന്നു. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് ആര്‍ബിഐ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ നടത്തിയത്.

ചെലവഴിക്കല്‍ ഉയര്‍ന്നെന്ന് 74.1% ആളുകളും വരും വര്‍ഷം ഇത് വീണ്ടും ഉയരുമെന്ന് 77% വ്യക്തികളും പ്രതികരിച്ചു. അവശ്യ സാധനങ്ങള്‍ക്കായുള്ള ചെലവഴിക്കല്‍ കൂടിയെന്ന് 83.8% ജനങ്ങള്‍ പറഞ്ഞു. രാജ്യത്ത് വില ഉയരുന്നെന്ന് 86.1% ആളുകളാണ് അഭിപ്രായപ്പെട്ടത്. അടുത്ത വര്‍ഷവും വില ഉയരുമെന്ന ആശങ്ക, 75.9% ആളുകള്‍ പങ്കുവെക്കുന്നു. പണപ്പെരുപ്പം വര്‍ധിച്ചെന്ന് 74.2% ആളുകള്‍ വിലയിരുത്തുന്നു.

പ്രതീക്ഷകള്‍

സമ്പദ് വ്യവസ്ഥയിലെ മാന്ദ്യ ആശങ്കകള്‍ക്കിടയിലും തങ്ങളുടെ വ്യക്തിപരമായ ഭാവിയെക്കുറിച്ച് കൂടുതല്‍ ആള്‍ക്കാര്‍ക്കും ശുഭപ്രതീക്ഷയാണ് ഉള്ളത്. തങ്ങളുടെ വരുമാനം ഉയര്‍ന്നെന്ന് പ്രതികരിച്ചത് 25% ആളുകളാണ്. അടുത്ത വര്‍ഷം വരുമാന വര്‍ധന ഉണ്ടാകുമെന്ന് 53% ആളുകള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. 26.7% ആളുകളാണ് വരുമാനം കുറഞ്ഞെന്ന് പ്രതികരിച്ചത്. അടുത്ത വര്‍ഷവും വരുമാനം താഴുമെന്ന ആശങ്ക 9.6 ശതമാനത്തിനേ ഉള്ളൂ. വരുമാനത്തില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്ന് 37.4% ആളുകള്‍ ചിന്തിക്കുന്നു.

Categories: Business & Economy, Slider