ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുതിയ ഉയരത്തില്‍

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുതിയ ഉയരത്തില്‍

വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയാണ് ബംഗ്ലാദേശിന്റേത്. ഇന്ത്യക്ക് മുന്നില്‍ അവര്‍ തുറക്കുന്നത് മികച്ച അവസരങ്ങളുമാണ്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഏഴ് കരാറുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച്ച നടത്തുകയും മൂന്ന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ലിക്ക്വിഫൈഡ് പെട്രോളിയം ഗ്യാസ് ബംഗ്ലാദേശില്‍ നിന്ന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ ഇതിലുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശുമായുള്ള ബന്ധം മുന്‍ഗണനാടിസ്ഥാനത്തിലുള്ളതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടല്‍ സുരക്ഷ, സൈനിക ഇതര ആണവോര്‍ജം, വ്യാപാരം തുടങ്ങിയ മേഖലകളിലായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ മികച്ച ബന്ധമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദൃശ്യമാകുന്നത്. ഇക്കാര്യം തന്റെ നാലുദിന ഇന്ത്യ സന്ദര്‍ശനവേളയില്‍ കഴിഞ്ഞ ദിവസം ഷേഖ് ഹസീന പരാമര്‍ശിക്കുകയുമുണ്ടായി.

ഇന്ത്യയിലും ബംഗ്ലാദേശിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആദ്യമായാണ് ഷേഖ് ഹസീന ഡെല്‍ഹിയിലെത്തുന്നത്. അയല്‍ക്കാര്‍ ആദ്യം വിദേശ നയത്തിന്റെ ഭാഗമായും തന്ത്രപരമായ മറ്റ് കാരണങ്ങളാലും ബംഗ്ലാദേശുമായുള്ള ബന്ധം കരുത്തുറ്റതാക്കണമെന്നാണ് മോദി കരുതുന്നത്. വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇക്കാര്യം മനസില്‍ വെച്ചാണ് കരുക്കള്‍ നീക്കുന്നതും.

അതിവേഗത്തില്‍ വളരാന്‍ കൊതിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ തുറന്നിടുന്നത് മികച്ച അവസരങ്ങളാണ്. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള ഇടമായി മാറുന്നതിന് ബംഗ്ലാദേശ് കാര്യമായി ശ്രമിക്കുന്നുണ്ട്. ഇത് ഇന്ത്യയില്‍ നിന്ന് അവിടേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതിന് സഹായകമായേക്കും. ഉല്‍പ്പാദനം, അടിസ്ഥാനസൗകര്യം പോലുള്ള മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരങ്ങളാണ് ബംഗ്ലാദേശ് ഒരുക്കുന്നതെന്ന് ഡെലോയ്റ്റ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ ബംഗ്ലാദേശ് തയാറാണെന്ന മട്ടിലാണ് കാര്യങ്ങള്‍. വലിയ നിക്ഷേപം തന്നെ അവര്‍ ഇവിടെനിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാന്‍ ഇന്ത്യക്ക് സാധിക്കണം.

ബംഗ്ലാദേശിലെ വളര്‍ന്നു വരുന്ന മധ്യവര്‍ഗജനതയും വരുമാനത്തിലെ വര്‍ധനയുമെല്ലാം ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച സാധ്യതകളാണ് നല്‍കുന്നത്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഊര്‍ജം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാര്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. എട്ട് ശതമാനം നിരക്കിലാണ് ബംഗ്ലാദേശ് പ്രതിവര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുന്നത്. 2009ന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടായ വിപുലീകരണം 188 ശതമാനത്തിന്റേതെന്നും കണക്കുകള്‍. ആളോഹരി വരുമാനം ഇപ്പോള്‍ 2000 ഡോളറിനടുത്തെത്തി. ഇന്ത്യയിലേക്കുള്ള അവരുടെ കയറ്റുമതിയാകട്ടെ 2019ല്‍ ഒരു ബില്യണ്‍ ഡോളര്‍ പിന്നിട്ടു. 52 ശതമാനമാണ് പ്രതിവര്‍ഷ വളര്‍ച്ച. 2021 ആകുമ്പോഴേക്കും ബംഗ്ലാദേശിനെ ഒരു വികസ്വര രാജ്യമാക്കി മാറ്റാനാണ് ഷേഖ് ഹസീന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് ഈ അവസരം മുതലെടുത്ത് ബംഗ്ലാദേശുമായുള്ള സാമ്പത്തിക സഹകരണം പരമാവധി മെച്ചപ്പെടുത്താവുന്നതാണ്. 2008ല്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം പരമാവധി മെച്ചപ്പെടുത്താനാണ് ഷേഖ് ഹസീന ശ്രമിക്കുന്നതെന്നതും സ്വാഗതാര്‍ഹമാണ്. എന്‍ആര്‍സി പോലുള്ള പ്രശ്‌നങ്ങള്‍ ബന്ധം വഷളാകുന്നതിലേക്ക് നയിക്കാന്‍ സാധ്യത കുറവാണ്.

Categories: Editorial, Slider