ഹ്യുണ്ടായ് പറക്കും കാര്‍ വിഭാഗം രൂപീകരിച്ചു

ഹ്യുണ്ടായ് പറക്കും കാര്‍ വിഭാഗം രൂപീകരിച്ചു

മുന്‍ നാസ എന്‍ജിനീയറെ മേധാവിയായി നിയമിച്ചു

സോള്‍: വമ്പന്‍ പ്രഖ്യാപനവുമായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് രംഗത്ത്. ‘അര്‍ബന്‍ എയര്‍ മൊബിലിറ്റി’ മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. അതായത്, ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് പറക്കും കാര്‍ ഡിവിഷന്‍ രൂപീകരിച്ചു. ഈ നീക്കം നടത്തുന്ന ആദ്യ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ്. പറക്കും കാര്‍ വിഭാഗത്തിന്റെ തലവനായി നാസയുടെ എയ്‌റോനോട്ടിക്‌സ് റിസര്‍ച്ച് മിഷന്‍ ഡയറക്ടറേറ്റ് മുന്‍ മേധാവി ഡോ. ജെയ്‌വോണ്‍ ഷിന്നിനെ നിയമിച്ചു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഒന്നര ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യം വരുന്നവിധം അര്‍ബന്‍ എയര്‍ മൊബിലിറ്റി ബിസിനസ് വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്മാര്‍ട്ട് എയര്‍ മൊബിലിറ്റി വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പുതിയ ഡിവിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. പറക്കും വാഹനങ്ങള്‍ക്കായി പുതിയ സംഘം പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും. ഏവിയേഷന്‍ സംബന്ധിച്ച ഗവേഷണ വികസനത്തില്‍ നാസയില്‍ മുപ്പത് വര്‍ഷത്തോളം പ്രവര്‍ത്തിച്ച തനിക്ക് ഹ്യുണ്ടായുമായി സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഡോ. ഷിന്‍ പറഞ്ഞു. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ അര്‍ബന്‍ എയര്‍ മൊബിലിറ്റി സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്യുണ്ടായുടെ കൂടി പറക്കും കാറുകള്‍ വരുന്നതോടെ നിരത്തുകളിലെ ഗതാഗതം അത്രയും കുറയും. ഭാവിയില്‍ ലോകത്തിലെ എല്ലാ നഗരങ്ങളിലും ഗതാഗതത്തിരക്കേറുന്നതോടെ, പറക്കും വാഹനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിക്കുമെന്നാണ് ഹ്യുണ്ടായ് വിശ്വസിക്കുന്നത്.

സ്വന്തമായി പറക്കും കാര്‍ വിഭാഗം രൂപീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് എങ്കിലും ദക്ഷിണ കൊറിയന്‍ കമ്പനി മാത്രമല്ല ഈ രംഗത്തുള്ളത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പറക്കും വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ടൊയോട്ട. ഈ വാഹനത്തിന്റെ പരീക്ഷണം നടന്നുവരികയാണ്. 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ദീപം തെളിയിക്കുന്നത് ഈ വാഹനത്തില്‍ വന്നുകൊണ്ടാകണമെന്ന് ടൊയോട്ട ആഗ്രഹിക്കുന്നു. കൂടാതെ, ടെറാഫ്യൂജിയ എന്ന പറക്കും കാര്‍ കമ്പനിയെ ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി ഈയിടെ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Auto