ഫാഷനും പാഷനും ഇഴചേര്‍ത്ത സംരംഭക

ഫാഷനും പാഷനും ഇഴചേര്‍ത്ത സംരംഭക

സറീന ബൊട്ടീക്ക്, അല്‍പം ഫാഷന്‍ ഭ്രമം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഈ പേര് കേള്‍ക്കാതെ പോകാനിടയില്ല. തലസ്ഥാന നഗരിയുടെ അഭിമാനമായി വൈവിധ്യമാര്‍ന്ന ഡിസൈനര്‍ വസ്ത്രശേഖരവുമായി തലയുയര്‍ത്തി നില്‍ക്കുന്ന സറീന ഫാഷന്‍ പ്രേമികളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. ഡിസൈനര്‍ ബൊട്ടീക്കുകള്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കാലഘട്ടത്തില്‍ മലയാളികള്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങളുടെ വമ്പിച്ച ശേഖരം സമ്മാനിച്ചുകൊണ്ടാണ് സറീന പ്രവര്‍ത്തനമാരംഭിച്ചത്. 1988 ല്‍ ബോഡി ടൂണ്‍സ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം പിന്നീട് ബൊട്ടീക്ക് യുഗത്തിന് ആരംഭം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് വേരുറപ്പിക്കുകയായിരുന്നു. സില്‍ക്ക്, കൈത്തറി വസ്ത്രങ്ങളില്‍ വ്യത്യസ്തതയാര്‍ന്ന ഡിസൈനുകള്‍ പരീക്ഷിച്ചു കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്റെ അമരത്ത് ഷീല ജെയിംസ് എന്ന സംരംഭകയായിരുന്നു. പ്രഗല്ഭമായ ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച ഷീലയുടെ മനസ്സില്‍ മുഴുവന്‍ ഫാഷന്റെ ലോകമായിരുന്നു. വസ്ത്ര നിര്‍മാണരംഗത്തോടുള്ള പാഷന്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ ചെന്നൈ ആസ്ഥാനമായി ഒരു ബൊട്ടീക്കിന് തുടക്കം കുറിച്ചു. പിന്നീട് കേരളത്തിലെ സാധ്യതകള്‍ മനസിലാക്കി കേരളത്തിലേക്ക് ചുവടുമാറി. ഇന്ന് കേരളത്തില്‍ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബൊട്ടീക്ക് സംസ്‌കാരത്തിന്റെ തുടക്കക്കാരിയാണ് ഷീല ജെയിംസ്.

വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ ധരിക്കാനും ആര്‍ക്കുമില്ലാത്ത കളര്‍ കോമ്പിനേഷനുകള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. തന്റെ വസ്ത്രം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്ന സ്ത്രീകളുടെ ആ മനസാണ് ഷീല ജെയിംസ് എന്ന സംരംഭകയുടെ വിജയത്തിനാധാരം. വ്യത്യസ്തതയാര്‍ന്ന വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കിക്കൊണ്ടാണ് 1988 ഷീല ജെയിംസ് തന്റെ ബൊട്ടീക്കിന് തുടക്കമിട്ടത്. വസ്ത്ര ഡിസൈന്‍ രംഗത്ത് സ്ത്രീ സംരംഭക എന്ന രീതിയില്‍ കേരളത്തില്‍ ആദ്യമായി എത്തിയവരില്‍ ഒരാളാണ് ഷീല. വളരെ ചുരുങ്ങിയ സാമ്യം കൊണ്ട് കേരളത്തിലെ എണ്ണം പറഞ്ഞ വനിതാ സംരംഭകാരില്‍ ഒരാളായി ഷീല ജെയിംസ് മാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം ചെയ്യുന്ന തൊഴിലിനോടും തെരെഞ്ഞെടുത്ത മേഖലയോടും ഷീല അങ്ങേയറ്റം പാഷനേറ്റാണ് എന്നതാണ്. പ്രഗല്ഭമായ ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച ഷീല ജെയിംസ് ചെറുപ്പം മുതല്‍ക്കേ താന്‍ ആഗ്രഹിച്ച വഴിയില്‍ വിജയം കെട്ടിപ്പടുത്തവളായിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി ഷീല തുടക്കം കുറിച്ച സെറീന ബൊട്ടീക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളക്കരയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച, മുന്‍ മന്ത്രി ബേബി ജോണിന്റെ മകളായ ഷീല ജെയിംസ് സംരംഭകരംഗത്തേക്ക് വന്നത് തീര്‍ത്തും അവിചാരിതമായിട്ടായിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ചെന്നൈ നഗരത്തില്‍ ഷീല താമസമാക്കി. ഒരു വീട്ടമ്മയുടെ റോളില്‍ ജീവിതം സുഖകരമായി മുന്നോട്ട് പോകുമ്പോള്‍ ഒരിക്കല്‍ പോലും സംരംഭകരംഗത്തേക്ക് വരുന്നതിനെപ്പറ്റി ഷീല ചിന്തിച്ചിരുന്നില്ല. വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ തയ്ക്കാനും അണിയാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷീല വസ്ത്രങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സംരംഭകാവസരത്തെ തിരിച്ചറിഞ്ഞത് അല്‍പം വൈകിയാണ്. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ വീട്ടിലെ ജോലികള്‍ക്ക് ശേഷം ലഭിച്ച ഒഴിവ് സമയം ധാരാളം ലഭിച്ചു. ടിവികണ്ടും പുസ്തകം വായിച്ചും മാത്രം ഈ സമയം വിനിയോഗിക്കാതെ ഫലപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ക്കായി ചെലവഴിക്കണം എന്ന ചിന്തയുണ്ടാകുന്നത് അങ്ങനെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കൗതുകം എന്ന നിലക്കാണ് ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നത്. തുടക്കം എന്ന നിലക്ക് ഷീല ഒരു ചുരിദാര്‍ ആണ് ഡിസൈന്‍ ചെയ്തത്. ഇത് അടുത്ത സുഹൃത്തിന്റെ കടയില്‍ പ്രദര്‍ശിപ്പിക്കുകയും താമസിയാതെ വിറ്റ് പോകുകയും ചെയ്തു. ആരി വര്‍ക്ക് എംബ്രോയിഡറിയിലായിരുന്നു അതില്‍ ഷീല ചെയ്ത ഡിസൈന്‍. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. താമസിയാതെ ഷീലയുടെ ഡിസൈനുകള്‍ ചോദിച്ച് ആളുകളെത്താന്‍ തുടങ്ങി.

വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് തന്റെ പാഷന് പിന്നിലെ സംരംഭകവസരം ഷീല മനസിലാക്കിയത്. പിന്നീട്ട് ഒട്ടും വൈകിച്ചില്ല, മനസ്സിലുള്ള ഡിസൈനുകള്‍ വസ്ത്രങ്ങളിലേക്ക് പകര്‍ത്താന്‍ നെയ്ത്തുകാരെ നിയമിച്ചു. ചെന്നൈ ആസ്ഥാനമായി തുടക്കമിട്ട സ്ഥാപനം അത്യാവശ്യം നല്ല നിലക്ക് മുന്നോട്ട് പോകവെയാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് ചേര്‍ന്ന വിപണിയാണ് തിരുവനന്തപുരം എന്ന തിരിച്ചറിവുണ്ടാകുന്നത്. സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്ത് വരുമാനം നേടുന്നതിനുള്ള അവസരം ഷീല മനസറിഞ്ഞു സ്വീകരിച്ചു. അങ്ങനെ 1988ല്‍ ശാസ്തമംഗലത്ത് ബോഡിട്യൂണ്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു.ചെന്നൈ നഗരത്തില്‍ ഷീലയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കിയിരുന്നു പത്ത് ജോലിക്കാരെയും അവരുടെ കുടുംബത്തെയും അതെ പോലെ കേരളത്തിലേക്ക് പറിച്ചുനട്ടുകൊണ്ടാണ് ബോഡി ട്യൂണ്‍സിന് തുടക്കം കുറിച്ചത്.തുടക്കം എന്ന നിലക്ക് തന്റെ സ്ഥാപനത്തില്‍ കൂടുതലായും വിവാഹ വസ്ത്രങ്ങളാണ് ഷീല തയ്യാറാക്കിയത്. നല്ലത് വരെ ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത ജനങ്ങള്‍ ഷീലയുടെ ബൊട്ടീക്ക് ആശയത്തെ മനസുകൊണ്ട് സ്വീകരിച്ചു. കേരളത്തില്‍ തന്നെ ഒരു ബൊട്ടീക്ക് സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. 1990ല്‍ സില്‍വര്‍ ലൈന്‍ ഡിസൈനര്‍ ഹോം എന്ന സ്ഥാപനത്തിന് കൂടി തുടക്കമിട്ടു. പിനീടാണ് സെറീന എന്നപേരില്‍ ബൊട്ടീക്ക് ആരംഭിക്കുന്നത്.

”ചെന്നൈയില്‍ ഉണ്ടായിരുന്നപ്പോള്‍ നേരമ്പോക്ക് എന്ന നിലയിലാണ് ഞാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയത്. ഒരു സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരമായിരുന്നു തുടക്കം.ഇതിനു കിട്ടിയ മികച്ച പ്രതികരണം കൂടുതല്‍ കടകളില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എത്തിക്കാന്‍ ചോദനമായി. എന്റെ പാഷനെ പിന്തുടരാന് ഞാന്‍ കാണിച്ച മനസാണ് എന്റെ വിജയത്തിനാധാരം. ചുരിദാറുകള്‍ നഗരത്തില്‍ അത്രകണ്ട് പരിചിതമാകുന്നതിനു മുന്‍പ് തുടങ്ങിയ ബോഡി ടൂണ്‍സ് വിജയം കണ്ടതോടെ ഈ രംഗത്ത് തന്നെ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ബിസിനസില്‍ വലിയ അറിവുണ്ടായിട്ടൊന്നുമല്ല ഞാന്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത്. അച്ഛനില്‍ നിന്നും ഏറ്റെടുത്തതാണ് ഈ ബിസ്സനസ് പാരമ്പര്യം. ലിനന്‍ തുണികള്‍ക്കായി ഒരു കോട്ടന്‍ സ്റ്റുഡിയോ അച്ഛന്‍ ആരംഭിച്ചിരുന്നു. സീ ഫുഡ് എക്‌സ് പോര്‍ട്ട് ബിസ്സിനസ്സും അദ്ദേഹം നടത്തിയിരുന്നു. ബിസ്സിനസ്സ് രംഗത്ത് പ്രചോധനമായതും ആയതും അച്ഛന്‍ തന്നെയാണ്. ഞാന്‍ മുന്നോട്ട് വച്ച ആശയത്തിന് സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.” സെറീന ബൊട്ടീക്ക് ഉടമയായ ഷീല ജെയിംസ് പറയുന്നു.

ഇന്നവേഷന് പ്രാധാന്യം

2000 നു ശേഷം കേരളത്തില്‍ ബൊട്ടീക്ക് സംസ്‌കാരം വ്യാപകമായി. സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആഗ്രഹിച്ച് മുന്നോട്ട് വരുന്ന ഒട്ടുമിക്ക വനിതകളും വസ്ത്ര വ്യാപാരരംഗത്തേക്കാണ് കടന്നു വന്നത്.എന്നാല്‍ ഒരായിരം ബൊട്ടീക്കുകള്‍ പുതുതായി രൂപം കൊണ്ടിട്ടും സെറീനയുടെ സ്ഥാനം നഷ്ടമായില്ലെന്നു മാത്രമല്ല, ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. പരമ്പരാഗതമായ ഡിസൈനുകള്‍ക്ക് ഊന്നല്‍ നല്‍കിയതാണ് സെറീനയിലെ ഓരോ ഡിസൈനര്‍ വസ്ത്രങ്ങളും എന്നതാണ് ഇതിനുള്ള കാരണം.നെയ്ത്തുക്കാരില്‍ നിന്നും മറ്റു ഡിസൈനര്‍ മാരില്‍ നിന്നും നേരിട്ട് കൊണ്ടുവരുന്ന ഡിസൈനുകള്‍ സെറീനയുടെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയുടെ ഏത് പത്ത് നിന്നുമുള്ള ഡിസൈനുകള്‍ വേണമെങ്കിലും സെറീനയില്‍ ലഭ്യമാണ്. ഉത്തരേന്ത്യയിലെ മുഗള്‍, മധുബാനി, പരമ്പരാഗതമായ കാഞ്ചീപുരം, ബനാറസ്, ചന്ദേരി, സര്‍ദോസി, മിറര്‍,കാന്ത തുടങ്ങിയ എല്ലാ ഡിസൈനുകളുടെയും ഒരു വന്‍ ശേഖരം തന്നെ സെറീനയില്‍ ഒരുക്കിയിരിക്കുന്നു. ഹാന്‍ഡ് എംബ്രൊഡറിയും ബ്ലോക്ക് പ്രിന്റിങ്ങുമാണ് സെറീനയുടെ മറ്റൊരു പ്രത്യേകത. കേരളത്തിന്റെ തനതു വേഷമായ കസവ് സാരിയില്‍ സെറീന നടത്തിയ ബ്ലോക്ക് പ്രിന്റിംഗ് പരീക്ഷണം വലിയ വിജയമായിരുന്നു.കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പരീക്ഷിച്ച് വിജയിക്കാനും സെറീനയ്ക്ക് കഴിയുന്നു. ബംഗാള്‍ സില്‍ക്ക്, സൂപ്പര്‍ നെറ്റ് ആപ്ലിക് വര്‍ക്ക് സരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പരമ്പരാഗത ബനാറസ്, കാഞ്ചീപുരം നെയ്ത്തുക്കാര് ഡിസൈനുകളില്‍ കൂടുതല്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. പഴമയുടെ പ്രൌഡി നഷ്ടപെടാതെ പരമ്പരാഗത ഡിസൈനുകള്‍ ആധുനിക വനിതക്ക് ഇണങ്ങും വിധം മാറ്റി എടുക്കുകയാണ് സെറീന.ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വരുന്ന ഓരോ ചെറിയ മാറ്റത്തേയും സസൂക്ഷ്മം വീക്ഷിക്കാനും നടപ്പില്‍ വരുത്താനുമായി മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗവും സെറീനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

പാഷനാണ് പ്രധാനം

എന്ത് ബിസിനസ് തുടങ്ങുന്നുണ്ടെങ്കിലും പാഷനാണ് പ്രധാനമെന്ന് ഷീല പറയുന്നു. താന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ വിപണിയില്‍ സജീവമാകണമെന്ന എത്തണമെന്ന ആഗ്രഹമാണ് സെറീനയുടെ തുടക്കത്തിന് പിന്നില്‍ എന്ന് ഷീല പറയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തുന്നല്‍ക്കാര്‍ ഷീല െജയിംസിന്റെ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ സെറീനയ്ക്കായി ഒരുക്കുന്നു. ഒരു ഡിസൈനില്‍ ഒരു വസ്ത്രം മാത്രമാണ് ഇവിടെ നിര്‍മിക്കുന്നത്. അത്രക്ക് യുണീക്ക് ആണ് ഇവിടുത്തെ ഡിസൈനുകള്‍. യാത്രകളിലൂടെയാണ് മനസ്സിലുള്ള ഓരോ വസ്ത്രവും ഷീല കണ്ടെത്തുന്നത്. യാത്രകളില്‍ കാണുന്ന അപൂര്‍വ ഡിസൈനുകളും ഷീല സെറീനയിലെത്തിക്കും. ഒരിക്കലും ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പായാന്‍ തോന്നിയിട്ടില്ല എന്നതാണ് തന്റെ വിജയമെന്ന് ഷീല കൂട്ടിച്ചേര്‍ക്കുന്നു.

യുവസംരംഭകരോട് പറയാനുള്ളത്

വളരെ ചെറിയ ഒരു സ്ഥാപനത്തില്‍ നിന്നും ആരംഭിച്ച് ഗുണമേന്മയുള്ള ഉല്പന്നങ്ങളിലൂടെ ഫാഷന്‍ പ്രേമികളുടെ മനസ്സില്‍ ഇടം നേടാനും അതിലൂടെ മികച്ച ഒരു സംരംഭകയായി മാറാനും കഴിഞ്ഞ ഷീല ജെയിംസിന് വസ്ത്ര വ്യാപാരരംഗത്തെ പുതിയ സംരംഭകരോട് പറയാനുള്ളത് ഇത്രമാത്രം.”യഥാര്‍ത്ഥ പാഷനുണ്ടെങ്കില്‍ മാത്രം ഈ രംഗത്തേക്ക് വരിക. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ശോഭിക്കാന്‍ കഴിയുന്ന ഒരു മേഖലയാണെന്നു കരുതി മാത്രം ബിസിനസിലേക്ക് ഇറങ്ങരുത്. ഉപഭോക്താക്കളെ ദൈവങ്ങളായി കാണണം. ധനമുണ്ടാക്കാകണം എന്ന ചിന്തയില്‍ മാത്രം ബിസിനസിലേക്കിറങ്ങരുത്. ഏത് ബിസിനസ് ആയാലും അതിനു അതിന്റെതായ ഒരു മൊറാലിറ്റിയുണ്ട്. തുടക്കം ഇപ്പോഴും ചെറുതായിരിക്കണം. വിപണി നന്നായി പഠിച്ച ശേഷം ചെറിയ നിക്ഷേപത്തില്‍ സംരംഭമാരംഭിക്കം.” തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഷീല ജെയിംസ് പറഞ്ഞു നിര്‍ത്തുന്നു.

Categories: FK Special, Slider