ചൈനയുടെ നഷ്ടം ഇന്ത്യക്ക് നേട്ടം: ക്രെഡിറ്റ് സ്യൂസ്

ചൈനയുടെ നഷ്ടം ഇന്ത്യക്ക് നേട്ടം: ക്രെഡിറ്റ് സ്യൂസ്
  • ചൈനയില്‍ നിന്നും പുറത്തു കടക്കാനൊരുങ്ങുന്നത് 100 ലേറെ കമ്പനികള്‍
  • ചൈനയുടെ 350-550 ബില്യണ്‍ ഡോളര്‍ കയറ്റുമതി നഷ്ടം ഇന്ത്യക്ക് നേട്ടമാവും
  • ചുങ്കപ്പോരിന് പുറമെ തൊഴിലാളി ക്ഷാമവും കമ്പനികളെ മാറിച്ചിന്തിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ചൈന-യുഎസ് വ്യാപാര യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഇന്ത്യ മാറിയേക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ആഗോള സാമ്പത്തിക സേവന കമ്പനിയായ ക്രെഡിറ്റ് സ്യൂസിന്റെ സര്‍വേ. ഒരു ട്രില്യണ്‍ ഡോളര്‍ ആഗോള വില്‍പ്പനയുള്ള 100 ലേറെ കമ്പനികള്‍ ചൈനയില്‍ നിന്ന് പുറത്ത് പോയേക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 350 മുതല്‍ 550 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമാവും ഈ നടപടി ചൈനയ്ക്ക് ഉണ്ടാക്കുക. ഇന്ത്യക്ക് പുറമെ വിയറ്റ്‌നാം, തായ്‌വാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കും ഉല്‍പ്പാദനം മാറ്റുന്നകാര്യം കമ്പനികള്‍ പരിഗണിച്ചു വരികയാണ്.

നികുതി തിരിച്ചടി

യുഎസ് ഏര്‍പ്പെടുത്തിട താരിഫ് വര്‍ധനയുടെ തിക്ത ഫലങ്ങള്‍ ചൈനീസ് സമ്പദ് വ്യവസ്ഥയും ഉല്‍പ്പാദന മേഖലയും അനുഭവിക്കാനൊരുങ്ങുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന 80% ഉല്‍പ്പന്നങ്ങളും ചുങ്ക വലയ്ക്കകത്ത് വന്നത് ഇപ്പോഴാണ്. വിലക്കയറ്റം, ഉപഭോക്തൃ ആവശ്യകതയിലെ മുരടിപ്പ്, ഉല്‍പ്പാദനക്കുറവ് എന്നിവ ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. വൈകാതെ തന്നെ യുഎസ് നികുതി നിരക്ക് വര്‍ധന 13% വിലക്കയറ്റം സൃഷ്ടിക്കുമെന്നും ഇത് ചൈനീസ് കയറ്റുമതിയെ മറ്റിടങ്ങളിലേക്ക് തിരിക്കുമെന്നും ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പലായനം തുടരും

ഇനി യുഎസ് ഇറക്കുമതി നികുതി പിന്‍വലിച്ചാല്‍ തന്നെ ചൈനയില്‍ നിന്നുള്ള ഈ പലായനം നിലയ്ക്കില്ലെന്ന് ക്രെഡിറ്റ് സ്യൂസ് നിരീക്ഷിക്കുന്നു. ഇതിന് പ്രധാന കാരണം തൊഴിലാളികളുടെ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവാണ്. 2030 ഓടെ അഞ്ച് കോടി തൊഴിലാളികളുടെ ക്ഷാമമാണ് ചൈനയിലെ ഉല്‍പ്പാദന മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഇത് ഉല്‍പ്പാദനത്തെ നഷ്ടത്തിലേക്ക് നയിക്കും.

മധ്യസ്ഥ ചര്‍ച്ചകള്‍

വ്യാപാരയുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള യുഎസ്-ചൈന മധ്യസ്ഥ ചര്‍ച്ചകളുടെ 13 ാം ഘട്ടം നടക്കാനിരിക്കുകയാണ്. ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹേ ഈ മാസം ഏഴിന് ശേഷം വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണിലേക്ക് പോകും. വ്യാപാര യുദ്ധത്തിന് ഉടന്‍ അന്ത്യമുണ്ടായേക്കില്ലെന്ന പ്രവചനങ്ങള്‍ക്കിടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൈനയ്ക്ക് ഏറെ ആശങ്കയുളവാക്കുന്നതാണ്.

തൊഴിലാളി ദാരിദ്ര്യം

ചൈനയെ ഏറ്റവും ആകര്‍ഷകമായ ഉല്‍പ്പാദന ഹബ്ബുകളിലൊന്നാക്കി മാറ്റിയതില്‍ തൊഴിലാളികളുടെ സമൃദ്ധമായ ലഭ്യതയും കുറഞ്ഞ കൂലിയും പ്രധാന ഘടകമായിരുന്നു. ഈ മേഖലകളിലെ പ്രവണതകളിലുണ്ടായ മാറ്റമാണ് ചൈന വിടാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 2015 ന് ശേഷം രണ്ട് കോടി തൊഴിലാളികളുടെ കുറവാണ് ഉല്‍പ്പാദന മേഖലയില്‍ ദൃശ്യമായത്. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ എണ്ണം 9-15 ദശലക്ഷം കൂടി കുറയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ തൊഴിലാളികളെയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളെയും വാഗ്ദാനം ചെയ്ത് സജീവമായി രംഗത്തുണ്ട്. ഇലക്ട്രോണിക്‌സ് സംരംഭങ്ങള്‍ക്കായി ഇന്ത്യയും പരുത്തി വസ്ത്ര മേഖലയ്ക്കായി ബംഗ്ലാദേശും വാതില്‍ തുറന്നിട്ടിരിക്കുന്നു. സിന്തറ്റിക് വസ്ത്ര ഉല്‍പ്പാദകര്‍ വിയറ്റ്‌നാമിനെയാണ് ലക്ഷ്യമിടുന്നത്.

  • വ്യാപാരയുദ്ധം പിന്‍വലിച്ചാലും ചൈനയില്‍ നിന്ന് ഉല്‍പ്പാദനം പറിച്ചുനടേണ്ട സാഹചര്യമാണുള്ളതെന്ന് നൂറോളം കമ്പനികള്‍ ക്രെഡിറ്റ് സ്യൂസിനോട്
  • തൊഴിലാളികളെ വന്‍തോതില്‍ ആവശ്യമുള്ള വസ്ത്ര നിര്‍മാണം, ഇലക്ട്രോണിക്‌സ്, ചെരിപ്പ്, കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍ കമ്പനികള്‍ കളം വിടും
  • ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ നികുതി ഇളവുകളുമായി കമ്പനികളെ ആകര്‍ഷിക്കുന്നു
  • 270 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ കയറ്റുമതി ഇന്ത്യ, വിയറ്റ്‌നാം, മെക്‌സിക്കോ എന്നിവിടങ്ങളിലേക്ക് നീങ്ങും
  • വസ്ത്ര വ്യവസായം ബംഗ്ലാദേശിലേക്കും വിയറ്റ്‌നാമിലേക്കും നീങ്ങിക്കഴിഞ്ഞു. ഇന്ത്യക്ക് ഇതിന്റെ നേട്ടം ലഭിച്ചില്ലെന്ന് ക്രെഡിറ്റ് സ്യൂസ്

Categories: FK News, Slider