എം മോഡലുകള്‍ പുറത്തിറക്കാന്‍ ബിഎംഡബ്ല്യു മോട്ടോറാഡ്

എം മോഡലുകള്‍ പുറത്തിറക്കാന്‍ ബിഎംഡബ്ല്യു മോട്ടോറാഡ്

ബിഎംഡബ്ല്യു എം കാറുകള്‍ പോലെ എം മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് ആലോചിക്കുന്നു

മ്യൂണിക്ക്: ബിഎംഡബ്ല്യു ‘എം’ ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ പോലെ ‘എം’ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച സൂചന നല്‍കി പുതിയ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ബിഎംഡബ്ല്യു സമര്‍പ്പിച്ചു. ഹൈ-പെര്‍ഫോമന്‍സ് ബിഎംഡബ്ല്യു കാറുകള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് ബിഎംഡബ്ല്യു എം. മോട്ടോര്‍സ്‌പോര്‍ട്ട് എന്നതിന്റെ ചുരുക്കമാണ് എം. നിലവിലെ ചില മോഡലുകളുടെ എം പതിപ്പുകളായിരിക്കും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. സാധാരണ ബിഎംഡബ്ല്യു ബൈക്കുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകളും ഹൈ-ടെക് ഇലക്ട്രോണിക്‌സും നല്‍കും.

എം 1000 ആര്‍ആര്‍, എം 1000 എക്‌സ്ആര്‍, എം 1250 ജിഎസ് എന്നീ മൂന്ന് പുതിയ പേരുകളാണ് ട്രേഡ്മാര്‍ക്ക് അപേക്ഷകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവിലെ മോഡലുകളില്‍ എം പാക്കേജ് നല്‍കുകയാണോ അതോ എം സീരീസില്‍ പൂര്‍ണമായും പുതിയ ബൈക്കുകള്‍ വികസിപ്പിക്കുകയാണോ എന്ന കാര്യം ട്രേഡ്മാര്‍ക്ക് അപേക്ഷകളില്‍ വ്യക്തമല്ല. നിലവില്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ കൂടെ ‘എം’ പാക്കേജ് ഓപ്ഷണലായി ലഭിക്കും. കാര്‍ബണ്‍ ഫൈബര്‍ ചക്രങ്ങള്‍, ബിഎംഡബ്ല്യു മോട്ടോര്‍സ്‌പോര്‍ട്ട് ലിവറി തുടങ്ങിയവയാണ് എം പാക്കേജില്‍ ഉള്‍പ്പെടുന്നത്.

നിലവില്‍ മൂന്ന് തരം മോട്ടോര്‍സൈക്കിളുകളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് വിപണിയിലെത്തിക്കുന്നത്. ബിഎംഡബ്ല്യു ജി 310 ആര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് പോലുള്ള സിംഗിള്‍ സിലിണ്ടര്‍ ബൈക്കുകള്‍ ‘ജി’ മോഡലുകളാണ്. ഇന്‍-ലൈന്‍ മള്‍ട്ടി സിലിണ്ടര്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന മോഡലുകള്‍ എസ്, കെ സീരീസുകളായി ജി കാറ്റഗറിയില്‍തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബോക്‌സര്‍ ട്വിന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മോഡലുകള്‍ ആര്‍ എന്ന പേരിലാണ് വരുന്നത്. ബിഎംഡബ്ല്യു എഫ് 750 ജിഎസ്, ബിഎംഡബ്ല്യു എഫ് 850 ജിഎസ് തുടങ്ങിയ പാരലല്‍ ട്വിന്‍ എന്‍ജിന്‍ മോഡലുകള്‍ എഫ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു. ബൈക്കുകളുടെ പേരിലെ അവസാന അക്ഷരങ്ങള്‍ മറ്റൊരു തരംതിരിക്കലാണ്. എസ് 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിളിലെ ആര്‍ എന്നാല്‍ റേസിംഗ് എന്നാണ് ഉദ്ദേശിക്കുന്നത്. അഡ്വഞ്ചര്‍, ഓള്‍ ടെറെയ്ന്‍ ബൈക്കുകളാണ് ജിഎസ്.

Comments

comments

Categories: Auto
Tags: BMW M