വിപണി മാന്ദ്യം: ഷെയര്‍ഖാന്‍ 400 ജോലിക്കാരെ പുറത്താക്കുന്നു

വിപണി മാന്ദ്യം: ഷെയര്‍ഖാന്‍ 400 ജോലിക്കാരെ പുറത്താക്കുന്നു
  • വരും ആഴ്ചകളില്‍ കൂടുതലാളുകള്‍ക്ക് ജോലി നഷ്ടമാകും
  •  സെയ്ല്‍സ്, സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ കൂടുതല്‍ തൊഴില്‍ നഷ്ടം

മുംബൈ: ബിഎന്‍പി പാരിബാസിന്റെ റിട്ടെയ്ല്‍ ബ്രോക്കിംഗ് ശാഖയായ ഷെയര്‍ഖാന്‍ 400 ജോലിക്കാരോട് കമ്പനി വിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രോക്കിംഗ് മേഖല ഓണ്‍ലൈനിലേക്ക് മാറിയതും വരുമാനം കുറഞ്ഞതുമാണ് സ്റ്റാഫുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കമ്പനി തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.

നിലവില്‍ 400 ജോലിക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വരും ആഴ്ചകളില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകാനാണ് സാധ്യതയെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. സെയ്ല്‍സ്, സപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളിലെ ജോലിക്കാര്‍ക്കാണ് അധികവും ജോലി നഷ്ടമാകുക. എന്നാല്‍ 350 പേരുടെ ജോലിയാണ് നഷ്ടമാകുകയെന്ന് ഇതേക്കുറിച്ച് കമ്പനി വക്താവ് ഔദ്യോഗികമായി പ്രതികരിക്കുകയുണ്ടായി. ഉപഭോക്താക്കളുടെ താല്‍പ്പര്യ പ്രകാരം കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് കമ്പനി ശ്രമിക്കുകയാണെന്നും കമ്പനിയുടെ പുനര്‍രൂപീകരണത്തിന്റെ ഭാഗമായി വരും മാസങ്ങള്‍ക്കുള്ളില്‍ 350 സഹപ്രവര്‍ത്തകരുടെ ജോലിയെ അത് സാരമായി ബാധിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ചോദ്യത്തിന് കമ്പനി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഏകദേശം മൂവായിരത്തോളെ ആളുകള്‍ ഷെയര്‍ഖാനില്‍ ജോലിക്കാരായുണ്ടെന്നാണ് സൂചന.

പരമ്പരാഗത ബ്രോക്കര്‍ മാത്യക ലാഭകരമാകില്ല എന്ന പൊതുവായ വിലയിരുത്തലാണ് ഫ്രാഞ്ചൈസി മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങാനിടയാക്കുന്നത്. 2016ലാണ് ഫ്രഞ്ച് കമ്പനിയായ ബിഎന്‍പി ഷെയര്‍ഖാനെ ഏറ്റെടുത്തത്. വിപണിയില്‍ ചെലവ് കൂടുന്നതും വരുമാനം കുറയുന്നതും ഇത്തരം സ്ഥാപനങ്ങള്‍ ചുരുങ്ങാനിടയാക്കുമെന്ന് വിപണിയിലെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ടെക്‌നിക്കല്‍ മേഖലയിലാണ് ചെലവ് അധികവുമുണ്ടാകുക. കഴിഞ്ഞ കുറച്ചു പാദങ്ങളിലായി സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ അധികവും വിപണിയില്‍ മാന്ദ്യം നേരിടുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Share khan