സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും മൈക്രോസോഫ്റ്റ്

ഫോണ്‍ സോഫ്റ്റ്‌വെയറുമായി 2000-ത്തിന്റെ ആരംഭത്തില്‍ തന്നെ ആപ്പിളിനെക്കാളും ഗൂഗിളിനെക്കാളും മുന്‍പ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രവേശിച്ചവരാണു മൈക്രോസോഫ്റ്റ്. പക്ഷേ, സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റ് വിപണിയിലോ, സോഫ്റ്റ്‌വെയര്‍ വിപണിയിലോ അവര്‍ക്കു വിജയിക്കാന്‍ സാധിച്ചില്ല. പിന്നീട് നോക്കിയയെ ഏറ്റെടുത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്വാധീനം നേടാന്‍ ശ്രമിച്ചെങ്കിലും അത് ദുരന്തമായി മാറി. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വലിയൊരു ഗാംബിളാണ് അവര്‍ നടത്തുന്നത്. സത്യ നദെല്ലയുടെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റിന് ഇപ്രാവിശ്യം വിജയിക്കാന്‍ സാധിക്കുമോ?

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍നിന്നും പിന്മാറി മൂന്ന് വര്‍ഷത്തിനു ശേഷം മൈക്രോസോഫ്റ്റ് ബുധനാഴ്ച (2-10-19) ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ സര്‍ഫസ് ഡ്യുവോ (Surface Duo), സര്‍ഫസ് നിയോ (Surface Neo) എന്നീ കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍ അനാവരണം ചെയ്തു. രണ്ട് ഡിവൈസുകളും 2020-ലായിരിക്കും വിപണിയില്‍ ലഭ്യമാവുക.

രണ്ട് സ്‌ക്രീനുള്ള കൈയ്യില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടിംഗ് ഉപകരണമാണു സര്‍ഫസ് ഡ്യുവോ. 5.6 അഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഉപകരണം വികസിപ്പിക്കുമ്പോള്‍ 8.3 ഇഞ്ച് ആയി മാറും. ആന്‍ഡ്രോയ്ഡിന്റേതാണ് ഒഎസ്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഈ ഡിവൈസില്‍ ഉപയോഗിക്കുന്നത്. ഈ പുതിയ ഒഎസ് ആകട്ടെ, വിന്‍ഡോസിന്റെ 10X ഒഎസ് പോലെ സമാനതകള്‍ ഉള്ളവയുമാണ്. എന്നാല്‍ സര്‍ഫസ് നിയോ വിന്‍ഡോസ്10 (Windows 10X) ലായിരിക്കും പ്രവര്‍ത്തിക്കുന്നത്. സര്‍ഫസ് ഡ്യുവോയെക്കാള്‍ അല്‍പം വലുതാണ് സര്‍ഫസ് നിയോ. 9 ഇഞ്ച് ഡിസ്‌പ്ലേയാണ് സര്‍ഫസ് നിയോയുടേത്. മൈക്രോസോഫ്റ്റ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്ന പുതിയ ഡിവൈസുകള്‍ പോലെ സമാനമായത് കഴിഞ്ഞ ദിവസം സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ഈ പുതിയ കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍ സാംസങ് ഗ്യാലക്‌സിയില്‍നിന്നും ഡിസൈനിന്റെ കാര്യത്തില്‍ അല്‍പം വ്യത്യാസമുള്ളതാണ്. ഗൂഗിളുമായി സഹകരിച്ചാണു മൈക്രോസോഫ്റ്റ് സര്‍ഫസ് ഡ്യുവോ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്നുള്ള ആപ്പുകള്‍ ഈ ഡിവൈസില്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയും. ഉപകരണങ്ങളിലെ ‘പുതിയ വിഭാഗം’ (a ‘new category’ of device) എന്നാണു സര്‍ഫസ് ഡ്യുവോയെ മൈക്രോസോഫ്റ്റ് വിശേഷിപ്പിക്കുന്നത്. ടെലിഫോണ്‍ കോള്‍ ചെയ്യുവാനും, ടെക്സ്റ്റ് സന്ദേശം അയയ്ക്കുവാനും, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനായി രൂപകല്‍പ്പന ചെയ്ത ആപ്പുകള്‍ എല്ലാം ഈ ഡിവൈസില്‍ പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കും. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ഏകദേശം 2.8 ദശലക്ഷം ആപ്പുകള്‍ ലഭ്യമാണെന്നാണ് ആപ്പ് ബ്രെയ്ന്‍ എന്ന കമ്പനി പറയുന്നത്. സര്‍ഫസ് ഡ്യുവോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നാണു മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. സെന്‍സറുകളില്‍ ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോമ്പസ്/ മാഗ്നെറ്റോമീറ്റര്‍, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചേഴ്‌സ് ഉണ്ടെങ്കിലും സര്‍ഫസ് ഡ്യുവോയും, സര്‍ഫസ് നിയോയും ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണല്ല. ഇവ ഒരു ബുക്ക് പോലെ മടക്കാന്‍ സാധിക്കുന്ന ഉപകരണമാണ്. ഇനി മടക്കാതിരുന്നാലോ. 5.6 ഇഞ്ച് സ്‌ക്രീനുള്ള ഒരു സ്മാര്‍ട്ട്‌ഫോണാക്കി മാറ്റുവാനും സാധിക്കും. ഈ ഡിവൈസിലെ രണ്ട് സ്‌ക്രീനുകളിലും ഒരേ സമയം ഒരു ആപ്പോ, ഒന്നിലധികം ആപ്പുകളോ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.അതു പോലെ ഒരു സ്‌ക്രീനിനെ കീ ബോര്‍ഡ് ആയി ഉപയോഗിക്കുവാനും സാധിക്കും.

ഫോണ്‍ ഹാര്‍ഡ്‌വെയറിലേക്കുള്ള മൈക്രോസോഫ്റ്റിന്റെ ഈ തിരിച്ചുവരവ് ആശ്ചര്യപ്പെടുത്തുന്നതാണ്. ഈപ്രാവിശ്യം വിജയം കൈവരിക്കണമെങ്കില്‍ അതു വിപണനം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും. ഫോണ്‍ വിപണിയില്‍ സ്ഥാനം ഉറപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ബിസിനസ് ലാഭകരമായി മുന്നോട്ടു കൊണ്ടുപോകുന്നത് പ്രധാനമായും മൂന്നു കമ്പനികള്‍ മാത്രമാണ്. അവ ആപ്പിള്‍, സാംസങ്, വാവേയ് എന്നിവയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു കയറ്റി അയച്ച സ്മാര്‍ട്ട്‌ഫോണുകളുടെ 22 ശതമാനം സാംസങ് നിര്‍മിച്ചവയാണ്. 17 ശതമാനം വാവേയും, 11 ശതമാനം ആപ്പിളിന്റേതുമാണ്. മറ്റു കമ്പനികള്‍ക്കൊന്നും 10 ശതമാനത്തിലെത്താന്‍ സാധിച്ചില്ല. ചൈനീസ് കമ്പനികളായ ഷാവോമിയും, ഒപ്പോയും പത്ത് ശതമാനത്തിന്റെ അടുത്ത് എത്തിയിരുന്നെങ്കിലും പത്ത് ശതമാനത്തിനു മുകളിലേക്കു പോയില്ല. സ്ട്രാറ്റജി അനലിറ്റിക്‌സിന്റേതാണ് ഈ കണക്കുകള്‍. ഈ സാഹചര്യത്തിലാണു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കു മൈക്രോസോഫ്റ്റ് എത്തുന്നത്. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്ന സര്‍ഫസ് ലാപ്‌ടോപ്പും ടാബ്‌ലെറ്റുകളും പൊതുവേ ലക്ഷ്യമിടുന്നത് ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റിലെ ഉയര്‍ന്ന വിഭാഗക്കാരെയാണ്. ഉയര്‍ന്ന വിഭാഗക്കാരെന്നു പറയുമ്പോള്‍ കോര്‍പറേറ്റ് യൂസേഴ്‌സും (സംരംഭകരും, ബിസിനസ് പ്രഫഷണല്‍സും ഉള്‍പ്പെടുന്നവര്‍), ഗാഡ്‌ജെറ്റുകളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരും (gadget enthusiasts) ഉള്‍പ്പെടും. ഇവര്‍ എപ്പോഴും പുതിയ ടെക്‌നോളജിയില്‍ അല്ലെങ്കില്‍ സാങ്കേതികവിദ്യയില്‍ ആവേശം കൊള്ളുന്നവരായിരിക്കും. പുതിയ ടെക്‌നോളജി സൃഷ്ടിക്കുക, വാങ്ങുക, പരിശോധിക്കുക, വിലയിരുത്തുക, അവലോകനം ചെയ്യുക എന്നിവയ്ക്കായിരിക്കും അവര്‍ തങ്ങളുടെ സമയം ഗണ്യമായി ചെലവഴിക്കുന്നത്. പറഞ്ഞു വന്നത് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ലാപ്പ്‌ടോപ്പുകളെക്കുറിച്ചും ടാബ്‌ലെറ്റുകളെക്കുറിച്ചുമാണ്. ഇവ വാങ്ങുന്നവര്‍ കോര്‍പറേറ്റ് യൂസേഴ്‌സും, ഗാഡ്‌ജെറ്റുകളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഇവര്‍ ഷാര്‍പ്പായിട്ടുള്ള ഡിസൈനുകള്‍ക്കു മൂല്യം കല്‍പ്പിക്കുന്നവരും, ഒരു ഉപകരണത്തില്‍ തന്നെ ജോലി സംബന്ധമായതും, വ്യക്തിഗതമായ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും. ലാപ്‌ടോപ്പും, ടാബ്‌ലെറ്റും ഉള്‍പ്പെടുന്ന സര്‍ഫസ് ഹാര്‍ഡ്‌വെയര്‍ ബിസിനസിനായി മൈക്രോസോഫ്റ്റിന് ഒരു തന്ത്രമുണ്ട്. ആ തന്ത്രമാകട്ടെ ഒരിക്കലും ഏറ്റവും വലിയ ലാപ്‌ടോപ്പ് അല്ലെങ്കില്‍ ടാബ്‌ലെറ്റ് വില്‍പ്പനക്കാരില്‍ ഒരാളായി മാറുക എന്നതുമല്ല. ഇപ്പോള്‍ ചോദ്യമുയര്‍ന്നിരിക്കുന്നത് ഈ തന്ത്രം സര്‍ഫസ് ഹാര്‍ഡ്‌വെയര്‍ ബിസിനസിലേക്കു മൈക്രോസോഫ്റ്റ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഡ്യുവോ എന്ന ഉപകരണത്തിന്റെ വിപണനത്തിനും സ്വീകരിക്കുമോ എന്നതാണ്. അതോ, മൊബൈല്‍ ലോകത്ത് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു കാണിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഉപകരണമായിരിക്കുമോ സര്‍ഫസ് ഡ്യുവോ ? അതുമല്ലെങ്കില്‍ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കു ഗുരുതരമായ വെല്ലുവിളി ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ടോ ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ 2020 വരെ കാത്തിരിക്കേണ്ടി വരും. കാരണം സര്‍ഫസ് ഡ്യുവോയും സര്‍ഫസ് നിയോയും 2020 ഡിസംബറോടെ മാത്രമായിരിക്കും വിപണിയിലിറങ്ങുക എന്നാണു മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

ഏതായാലും, സര്‍ഫസ് ഡ്യുവോ, നിയോ എന്നിവയിലൂടെയുള്ള മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം തന്ത്രപരമായും, ചരിത്രപരമായ പശ്ചാത്തലത്തിലും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സത്യ നദെല്ലയുടെ മുന്‍ഗാമിയായിരുന്ന സ്റ്റീവ് ബാല്‍മറെ സംബന്ധിച്ചു ഫോണ്‍ വിപണി ദുരന്തമായി ഭവിച്ചിരുന്നു. വളര്‍ന്നുവരുന്ന വിപണിയില്‍ സ്വാധീനം നേടാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി 2013ല്‍ നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് ബിസിനസ് 9.5 ബില്യന്‍ ഡോളറിനു ബാല്‍മര്‍ സ്വന്തമാക്കിയത് ദുരന്തമായി മാറിയിരുന്നു. ഇതേ തുടര്‍ന്നു ഹാന്‍ഡ്‌സെറ്റ് വിപണിയില്‍നിന്നും മൈക്രോസോഫ്റ്റ് മെല്ലെ പിന്മാറുകയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടും സര്‍ഫസ് ഫോണുമായി മൈക്രോസോഫ്റ്റ് വിപണിയിലേക്ക് എത്തുകയാണ്. നോക്കിയ പോലുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി നടത്തിയ വലിയ കരാറിനെ അപേക്ഷിച്ച് ഒരു സര്‍ഫസ് ഫോണ്‍ ഡിസൈന്‍ ചെയ്യുന്നതും അതിനുള്ള വിപണി കണ്ടെത്താന്‍ ശ്രമിക്കുക എന്നതും ചെറിയ നിക്ഷേപം മാത്രം ആവശ്യമുള്ള ഒന്നാണ്. പക്ഷേ, ഇതും പരാജയപ്പെട്ടാല്‍ അത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് കഠിന വേദനയുണ്ടാക്കുന്ന ഒന്നായിരിക്കും. മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ തിരിച്ചുവരവിനു കാരണക്കാരനായ വ്യക്തിയെന്നു പേരെടുത്ത നദെല്ലയുടെ പ്രശസ്തിക്കു കളങ്കമേല്‍പ്പിക്കുകയും ചെയ്യും. ഏതൊക്കെ ബിസിനസുകളാണു പിന്തുടരേണ്ടതെന്നും ഏതൊക്കെയാണു തിരസ്‌കരിക്കേണ്ടതെന്നും നന്നായി അറിയുന്ന ഒരാളായിട്ടാണു നദെല്ലയെ ലോകം കണക്കാക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇനിയൊരു തിരിച്ചടിയുണ്ടായാല്‍ നദെല്ലയുടെ ഇൗ സല്‍പ്പേര് അതോടെ നഷ്ടമാവുകയും ചെയ്യും.

Comments

comments

Categories: Top Stories

Related Articles