ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങള്‍; ലോകബാങ്ക് പട്ടികയില്‍ അഞ്ച് ജിസിസി രാഷ്ട്രങ്ങള്‍

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങള്‍; ലോകബാങ്ക് പട്ടികയില്‍ അഞ്ച് ജിസിസി രാഷ്ട്രങ്ങള്‍
  • പ്രധാനപട്ടികയില്‍ യുഎഇ 11ാം സ്ഥാനത്ത്;
  • പുരോഗതി നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും

കുവൈറ്റ്: ലോകബാങ്കിന്റെ 2020ലെ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇടം നേടി. ഈ വിഭാഗത്തില്‍ ഏറ്റവുമധികം പുരോഗതി കൈവരിച്ച ഇരുപത് രാജ്യങ്ങളുടെ പട്ടികയിലാണ് ഈ രാജ്യങ്ങള്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം മുന്‍വര്‍ഷത്തെ പ്രധാന പട്ടികയില്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11ാം റാങ്ക് കരസ്ഥമാക്കിയ യുഎഇ ഈ വര്‍ഷവും അറബ് മേഖലയില്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. ആഗോളതലത്തില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 62ാം സ്ഥാനത്താണ് ബഹ്‌റൈന്‍. ഒമാന്‍(78), ഖത്തര്‍(83), സൗദി അറേബ്യ(92), കുവൈറ്റ്(97) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റാങ്കിംഗ്. ജിസിസി രാജ്യങ്ങള്‍ കൈക്കൊണ്ട സമീപകാല ബിസിനസ് സൗഹൃദ നടപടികള്‍ വരും വര്‍ഷം പട്ടികയില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ ഈ അഞ്ച് രാഷ്ട്രങ്ങളെയും സഹായിക്കും.

റാങ്കിംഗിനായി പരിഗണിച്ച പത്ത് മേഖലകളില്‍ ഒമ്പതിലും ബഹ്‌റൈന്‍ പുരോഗതി നേടിയതായി ലോകബാങ്ക് അറിയിച്ചു. കിംഗ് ഫഹദ് ജലധാരയില്‍ പുതിയ സ്‌കാനറുകള്‍ സ്ഥാപിച്ചത്, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന് വേണ്ടി ഇ-സംവിധാനം അവതരിപ്പിച്ചത്, പാപ്പരത്തവുമായി ബന്ധപ്പെട്ട പുതിയ നിയമം എന്നിവയടക്കം രാജ്യത്ത് ബിസിനസ് നടത്തിക്കൊണ്ട് പോകുന്നത് എളുപ്പമുള്ളതാക്കുന്നതിന് നിരവധി നടപടികളാണ് ബഹ്‌റൈന്‍ സ്വീകരിച്ചത്. വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബഹ്‌റൈന്‍ ഇലക്ട്രോണിക് അധിഷ്ഠിത സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

അപേക്ഷാ നടപടികള്‍ ഡിജിറ്റല്‍വല്‍ക്കരിച്ച ശേഷം സംരംഭകര്‍ക്ക് വൈദ്യുതിബന്ധം ലഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍ ലളിതമാക്കിയത്, പ്രോപ്പര്‍ട്ടി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നത് വേഗത്തിലാക്കിയത് തുടങ്ങിയ നിരവധി ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങളാണ് കുവൈറ്റ് കഴിഞ്ഞിടെ നടപ്പിലാക്കിയത്. ഓഹരിയുടമകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കും വിധം കമ്പനി നിയമം ഭേദഗതി ചെയ്തതും അതിര്‍ത്തിക്കപ്പുറമുള്ള വ്യാപാരം എളുപ്പമുള്ളതാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതും ബിസിനസ് അന്തരീക്ഷം മെച്ചപ്പെത്തുന്നതിനായി കുവൈറ്റ് സ്വീകരിച്ച നടപടികളില്‍ ചിലതാണ്.

പ്രധാനമായും പൊതുസേവനങ്ങള്‍ ആധുനികവല്‍ക്കരിച്ചതാണ് ഖത്തറിന് നേട്ടമായത്. ജല, വൈദ്യുത സേവന കമ്പനിയായ ഖറാമ ഓണ്‍ലെനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിച്ചതും ഖത്തര്‍ കഴിഞ്ഞിടെ നടപ്പിലാക്കിയ ബിസിനസ് സൗഹൃദ നടപടികളാണ്.

ഒമ്പത് മേഖലകളിലാണ് സൗദി മുന്നേറ്റമുണ്ടാക്കിയത്. ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയതും കെട്ടിട നിര്‍മാണ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതും വൈദ്യുതിബന്ധത്തിനായുള്ള അപേക്ഷാനടപടികള്‍ ലളിതമാക്കിയതും ന്യൂനപക്ഷ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതും രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സൗദി സ്വീകരിച്ച ചില നടപടികളാണ്.

എഫ് ആന്‍ഡ് ബി, ഫാര്‍മസ്യൂട്ടിക്കല്‍സ്, സേവന മേഖല, ടെക്‌നോളജി, കണ്‍സള്‍ട്ടിംഗ്, ഇ-കൊമേഴ്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ലോജിസ്റ്റിക്‌സ്, റീറ്റെയ്ല്‍, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളില്‍ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത് വളരെ എളുപ്പമുള്ളതായെങ്കിലും എണ്ണ, പ്രകൃതിവാതകം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പരിശീലനം, വിദ്യാഭ്യാസം, റോഡ്, വ്യോമ ഗതാഗതം, പ്രിന്റിംഗ്, പബ്ലിഷിംഗ് എന്നീ മേഖലകളിലെ ബിസിനസ് എളുപ്പമാക്കുന്നതിന് ജിസിസി രാഷ്ട്രങ്ങള്‍ ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Comments

comments

Categories: Arabia

Related Articles