ഈജിപ്തിലെ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ

ഈജിപ്തിലെ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ

വികസ്വര രാഷ്ട്രങ്ങള്‍ ഈജിപ്ഷ്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളും വികസന പദ്ധതികളും മാതൃകയാക്കണം

കെയ്‌റോ: ഈജിപ്തിലെ സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആദില്‍ ഫത്ത അല്‍ സീസിയും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈജിപ്ത് ഏറെ പ്രതീക്ഷയോടെ കാണുന്ന സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ക്ക് ലോകബാങ്ക് പിന്തുണ നല്‍കുമെന്ന് മല്‍പാസ് അറിയിച്ചത്.

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതില്‍ മുന്‍വര്‍ഷങ്ങളില്‍ ഈജിപ്ത് വിജയം നേടിയിരുന്നു. കാര്യക്ഷമമായ സാമ്പത്തിക പരിഷ്‌കരണ പദ്ധതി നടപ്പിലാക്കിക്കൊണ്ടായിരുന്നു രാജ്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയത്.

ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സ്വകാര്യ മേഖല ഉള്‍പ്പടെ വിവിധ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളില്‍ ഈജിപ്തിന് ലോകബാങ്ക് സഹായം നല്‍കുമെന്ന് മല്‍പാസ് ഉറപ്പുനല്‍കി. സ്ഥിരതയുള്ള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ കരുത്തിലാണ് രാജ്യം ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ചത്. ഈ സ്ഥിതിവിശേഷമാണ് ഈജിപ്തിന് സഹായഹസ്തം നീട്ടാന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചത്. വികസ്വര രാഷ്ട്രങ്ങള്‍ ഈജിപ്ഷ്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളും വികസന പദ്ധതികളും മാതൃകയാക്കണമെന്ന് മല്‍പാസ് ആവശ്യപ്പെട്ടു. മേയില്‍ മല്‍പാസിന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്നതിനായ ഈജിപ്തുമായി 200 മില്യണ്‍ ഡോളറിന്റെ കരാറില്‍ ലോകബാങ്ക് ഒപ്പുവെച്ചിരുന്നു.

വന്‍കിട പദ്ധതികള്‍ക്ക് പുറമേ സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കും അല്‍ സീസി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കളെയും സ്ത്രീകളെയും ബിസിനസ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സംരംഭകത്വ പരിപാടികള്‍ക്കും തൊഴില്‍ പദ്ധതികള്‍ക്കും ഈജിപ്ത് തുടക്കം കുറിച്ചിരുന്നു.കഴിഞ്ഞ നവംബറില്‍ നടപ്പിലാക്കിയ ടൂറിസം പരിഷ്‌കരണ പദ്ധതിയിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഈജിപ്ത് ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ നടത്തിവരികയാണ്.

Comments

comments

Categories: Arabia
Tags: World Bank