കുടവിപ്ലവം നല്‍കുന്ന സന്ദേശം

കുടവിപ്ലവം നല്‍കുന്ന സന്ദേശം

കമ്യൂണിസ്റ്റ് ചൈന തങ്ങളുടെ എഴുപതാം ദേശീയദിനം ആഘോഷിച്ചപ്പോള്‍ ഹോങ്കാംഗില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്നു. ഏകാധിപത്യ ഭരണക്രമങ്ങള്‍ക്കെല്ലാമുള്ള സന്ദേശമാണത്

എഴുപതാം ദേശീയ ദിനം അതിഗംഭീരമായി ആഘോഷിച്ചെന്ന് അവകാശപ്പെടുമ്പോഴും ലോകശക്തിയാകാന്‍ കൊതിക്കുന്ന ചൈനയെ വിറപ്പിച്ചിരിക്കുകയാണ് ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെല്ലാം പ്രദര്‍ശിപ്പിച്ചായിരുന്നു ഷി ജിന്‍പിംഗിന്റെ കമ്യൂണിസ്റ്റ് ചൈനയുടെ ദേശീയ ദിനാഘോഷം. അമേരിക്കയെ ഒന്നു ഞെട്ടിക്കുകയായിരുന്നു ഉദ്ദേശ്യം.

ഈ മിസൈലിന് അരമണിക്കൂറില്‍ അമേരിക്കയില്‍ ആക്രമണം നടത്തി വമ്പന്‍ നാശം വിതയ്ക്കാന്‍ സാധിക്കുമത്രെ. അതിപ്രഹര ശേഷി കൂടിയ ഈ മിസൈല്‍ പ്രദര്‍ശിച്ച്, അമേരിക്കയെ ഒന്നു വിരട്ടി, ലോകനേതാവാകാനുള്ള തങ്ങളുടെ യാത്രയില്‍ ഒരു ചുവടുകൂടി വച്ചെന്ന് ചൈനയും ഷിയും അവകാശപ്പെടുന്നു.

എന്നാല്‍ എത്ര വലിയ ഏകാധിപതിയായാലും ശരി, അടിച്ചമര്‍ത്തിയുള്ള ഭരണം ശാശ്വതമാകില്ലെന്ന അതിശക്തമായ സൂചനയാണ് ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകാരികള്‍ ചൈനയ്ക്ക് നല്‍കുന്നത്.

കഴിഞ്ഞ 100 ദിവസത്തിലധികമായി ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അലയടിക്കുന്നു. ചൈനയുടെ നിയന്ത്രണത്തില്‍, കാരി ലാം നയിക്കുന്ന ഹോങ്കോംഗ് ഭരണകൂടത്തെ വിറപ്പിച്ചാണ് ജനാധിപത്യവാദികളായ ലക്ഷങ്ങള്‍ തെരുവിലിറങ്ങി, ഫാസിസത്തെ വെല്ലുവിളിക്കുന്നത്. പ്രക്ഷോഭം ഇപ്പോള്‍ ചൈന വരച്ച വരകളെല്ലാം കടന്ന് കത്തിജ്വലിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ ദേശീയദിനാഘോഷത്തിന്റെ പകിട്ട് കുറഞ്ഞെന്ന കാര്യം നിസ്തര്‍ക്കമാണ്.

ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന നിയമവുമായി നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം എത്തിയതാണ് പുതിയ പ്രക്ഷോഭത്തിന് അടിത്തറ പാകിയത്. ചൈനയുടെ കാല്‍ക്കീഴിലിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന നിര്‍ദേശത്തിനെതിരെ ജനം തെരുവിലിറങ്ങി. ജൂണ്‍ ആദ്യവാരം തുടങ്ങിയ സമരം കത്തിപ്പടര്‍ന്നു. കാരി ലാമിന് ഒടുവില്‍ ബില്‍ പിന്‍വലിക്കുകയാണെന്ന് പറയേണ്ടി വന്നു.

കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെയെന്ന പേരിലാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഹോങ്കോംഗിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ്. ചൈനയിലെ പ്രത്യേക ഭരണമേഖലയെന്ന നിലയിലാണ് ഹോങ്കോംഗ് നിലകൊള്ളുന്നത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ് നഗരം. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന നഗരം 1997-ലാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. ഹോങ്കോംഗ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് നഗരം നിലനില്‍ക്കുന്നത്. ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് 2047 വരെ ഹോങ്കോംഗിന് സ്വയം ഭരണാവകാശം ഉണ്ടാകും. ‘ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് നഗരത്തിന് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവയെല്ലാമുണ്ട്. ഏകാധിപത്യ ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് അതുവരെ നഗരത്തെ കൊണ്ടുവരാന്‍ സാധിക്കില്ല.

ഹോങ്കോംഗിന്റെ അസ്തിത്വം തന്നെ സ്വതന്ത്ര വിപണി വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളാണ്. ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കഴിയുന്ന പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായി തുറന്ന സമ്പദ് വ്യവസ്ഥയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇവിടെയുണ്ട്.

ആയിരക്കണക്കിന് പേരാണ് ബുധനാഴ്ച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയത്. ഉരുക്കുമുഷ്ടിയോടെ ഇതിനെ നേരിടാനാകും ഇനി ചൈനയുടെ തീരുമാനം. 18 വയസുകാരനായ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ചത് പ്രക്ഷോഭകരുടെ മനസില്‍ തീജ്വാല പടര്‍ത്തിയിട്ടുണ്ട്. അധികാരത്തിലേറിയ ശേഷം ഷി ജിന്‍പിംഗ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഹോങ്കോംഗ് പ്രക്ഷോഭം മാറിക്കഴിഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ചൈന വരുംദിവസങ്ങളില്‍ അതികഠിനമായ അടിച്ചമര്‍ത്തല്‍ നടത്തിയേക്കുമെന്ന് കരുതുന്നു പലരും, പ്രത്യേകിച്ചും ചൈനയുടെ എഴുപതാം ദേശീയദിനാഘോഷം സമാപിച്ച സാഹചര്യത്തില്‍.

Categories: Editorial, Slider