വരള്‍ച്ചയില്‍ തകര്‍ന്ന കേപ്ടൗണിനെ രക്ഷിച്ചത് ഈ സ്മാര്‍ട്ട് മീറ്ററുകള്‍

വരള്‍ച്ചയില്‍ തകര്‍ന്ന കേപ്ടൗണിനെ രക്ഷിച്ചത് ഈ സ്മാര്‍ട്ട് മീറ്ററുകള്‍

ജലം മനുഷ്യന് അടിസ്ഥാനപരമായി ആവശ്യമുള്ള ഒരു വസ്തുവാണ്. ഇത്രയും കാലം ജലം തുച്ഛമായ വിലയില്‍ ലഭ്യമായിരുന്നതിനാല്‍ അത് പലപ്പോഴും ദുരുപയോഗത്തിനു വഴിവച്ചു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ജലക്ഷാമം ലോകത്തിന്റെ പല വന്‍നഗരങ്ങളിലും അനുഭവപ്പെട്ടു തുടങ്ങിയതോടെ ജലത്തിന്റെ ദുരുപയോഗം തടയേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ജലത്തിന്റെ ദുരുപയോഗം പലപ്പോഴും നടക്കുന്നത് അവബോധമില്ലായ്മ മൂലമാണ്. ഉപയോഗിക്കുന്ന ജലത്തിന്റെ അളവിനെ കുറിച്ച് ഒരാള്‍ക്ക് അടിസ്ഥാന വിവരം ലഭിച്ചാല്‍ ഒരു പരിധി വരെ അവ ദുരുപയോഗം ചെയ്യുന്നതും ഒഴിവാക്കാനാകും. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ 2018-ലുണ്ടായ ജലക്ഷാമവും അതിനെ മറികടന്ന രീതിയും ശ്രദ്ധേയമാണ്. അവിടെ ഒരാള്‍ ഓരോ നേരവും ഉപയോഗിക്കുന്ന ജലത്തിന്റെ അളവിനെ കുറിച്ചു തല്‍സമയം അറിയിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കി. അതിലൂടെ ജലത്തിന്റെ ദുരുപയോഗം വലിയ അളവില്‍ ഒഴിവാക്കാനും സാധിച്ചു.

2018 ല്‍, കടുത്ത വരള്‍ച്ച ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണിനെ ‘ഡേ സീറോ’യോട് (Day Zero) അടുപ്പിച്ചിരുന്നു. വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന നഗരമായും കേപ്ടൗണ്‍ മാറുമായിരുന്നു. അന്നു ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപിലെ ഡാമിലുള്ള ജലനിരപ്പ്, അതിന്റെ ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ അഞ്ചിലൊന്നായി താഴ്ന്നു. 100 വര്‍ഷത്തിനിടയില്‍ പ്രവിശ്യ നേരിട്ട ഏറ്റവും വലിയ ജലക്ഷാമം കൂടിയായിരുന്നു 2018-ലേത്.
‘ജല വിതരണം കുറഞ്ഞുവന്നു. മഴ പെയ്യുന്നുമില്ലായിരുന്നു’ വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതിനായി 2015 ല്‍ ഒരു ഉപകരണം വികസിപ്പിച്ച സ്റ്റെല്ലന്‍ബോഷ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് ഫാക്കല്‍റ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ തിനസ് ബൂയ്‌സെന്‍ ഓര്‍മ്മിക്കുന്നു. വെള്ളം പാഴാക്കുന്നത് കുറച്ചു കൊണ്ടു വരാന്‍ ആഗ്രഹിച്ച ബൂയ്‌സെന്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് വീടുകളില്‍ ജല ഉപയോഗം കുറച്ചു കൊണ്ടു വരാനുള്ള മാര്‍ഗത്തിനാണെന്നു തീരുമാനിച്ചു. എന്നാല്‍ ഗാര്‍ഹിക വിപണിയെ ലക്ഷ്യമിടുന്നതിനു പകരം സ്‌കൂളുകള്‍ക്കും അതുപോലുള്ള മറ്റ് വലിയ സ്ഥാപനങ്ങള്‍ക്കുമായി ഉപകരണം രൂപകല്‍പ്പന ചെയ്യുന്നതാണു ഫലപ്രദമെന്നും ബൂയ്‌സെന്‍ മനസിലാക്കി. കാരണം അദ്ദേഹത്തിന്റെ മകള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ജല വകുപ്പില്‍നിന്നും വന്നിരുന്ന വലിയ തുകയുടെ ബില്ലാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ ബൂയ്‌സെനെ പ്രേരിപ്പിച്ചത്. ഒരു വീട്ടില്‍ ഓരോ മാസവും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഏതാനും ലിറ്ററുകളായിരിക്കും. എന്നാല്‍ ഒരു സ്‌കൂളില്‍ ഒരു ദിവസം മാത്രം ഉപയോഗിക്കുന്നത് എത്രയോ ലിറ്ററുകളായിരിക്കും. മാത്രമല്ല, ദുരുപയോഗം ചെയ്യുന്ന വെള്ളത്തിന്റെ അളവും കൂടുതലായിരിക്കുമെന്നു ബൂയ്‌സെനു മനസിലാക്കുവാന്‍ സാധിച്ചു.

2015-ല്‍ ബൂയ്‌സെന്‍ ‘ബ്രിഡ്ജിംഗ് ദ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്’ (BridgIoT) എന്നൊരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. അദ്ദേഹത്തിന്റെ കൗണ്ട് ഡ്രോപുല (Count Dropula) എന്ന സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ ആശയം വികസിപ്പിക്കുക എന്നതായിരുന്നു ഈ സ്റ്റാര്‍ട്ട് അപ്പിലൂടെ ലക്ഷ്യമിട്ടത്. ഓരോ മിനിറ്റിലുമുള്ള ജല ഉപയോഗം തല്‍സമയം ഈ സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. പല പരമ്പരാഗത മീറ്ററുകളും മണിക്കൂറില്‍ ഒരിക്കല്‍ മാത്രം ഡാറ്റ രേഖപ്പെടുത്തുമ്പോഴാണു സ്മാര്‍ട്ട് മീറ്റര്‍ ഇത്തരത്തില്‍ ഓരോ മിനിറ്റിലും ഡാറ്റ ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ ഓരോ മിനിറ്റിലും ഡാറ്റ ഉപയോക്താവിന് ലഭ്യമാക്കുന്നത് എസ്എംഎസ്, ഇ-മെയ്ല്‍ എന്നിവയിലൂടെയാണ്. അതിനായി ഈ സംവിധാനം ഒരു ആപ്പ് ഉപയോഗിക്കുന്നു. ഈ സംവിധാനത്തിലൂടെ ഉപയോക്താവിന് കൃത്യമായ ജല ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് ലഭ്യമാക്കുമെന്നു മാത്രമല്ല, ജല ഉപയോഗത്തില്‍ നേരിയ വര്‍ധന ഉണ്ടായാല്‍ പോലും അക്കാര്യവും അറിയിക്കും. ഈ സംവിധാനത്തിലൂടെ ജല വിതരണത്തില്‍ എവിടെയെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും മിനിറ്റുകള്‍ക്കുള്ളില്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കാന്‍ കഴിയുമെന്നു ബൂയ്‌സെന്‍ പറഞ്ഞു. പല സ്‌കൂളുകളിലും ജലം പാഴായി പോകുന്നതിനുള്ള കാരണമായി ബൂയ്‌സെന്‍ കണ്ടെത്തിയത് അവിടെ അറ്റകുറ്റപ്പണി (maintenance) കൃത്യമായി നടക്കാത്തതു കൊണ്ടാണെന്നാണ്. പല സ്‌കൂളുകളിലെയും ടോയ്‌ലെറ്റുകളില്‍ പ്രതിദിനം 1000 ലിറ്റര്‍ ജലമെങ്കിലും ഇത്തരത്തില്‍ പാഴായി പോകുന്നുണ്ടെന്നും ബൂയ്‌സെന്‍ പറയുന്നു. കുട്ടികള്‍ ടാപ്പുകള്‍ കൃത്യമായി അടയ്ക്കാത്തതും ജലം പാഴായി പോകാന്‍ കാരണമാകുന്നുണ്ടെന്ന് ബൂയ്‌സെന്‍ പറയുന്നു.

ലാഭിച്ചത് മൂന്ന് ദശലക്ഷം ലിറ്റര്‍ ജലം

ബൂയ്‌സെന്‍, തന്റെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൈലറ്റായി നടപ്പിലാക്കിയപ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ദശലക്ഷം ലിറ്ററില്‍ കൂടുതല്‍ ജലം ഒരു സ്‌കൂളില്‍ മാത്രം ലാഭിക്കുകയുണ്ടായി. മറ്റൊരു സ്‌കൂളിലാകട്ടെ, നാല് മാസം കൊണ്ടു ജലത്തിന്റെ ഉപയോഗത്തില്‍ 55 ശതമാനവും ലാഭിക്കുവാന്‍ സാധിച്ചു. 350 സ്‌കൂളുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനു കേപ് ടോക്ക് റേഡിയോ സ്റ്റേഷനും ആഫ്രിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ റീട്ടെയ്‌ലറായ ഷോപ്പ് റൈറ്റും വെസ്റ്റേണ്‍ കേപ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു. ഒരു സ്മാര്‍ട്ട് വാട്ടര്‍ ചലഞ്ച് (Smart Water Challenge) വിദ്യാര്‍ഥികള്‍ക്കിടയില്‍ അവരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ വലിയ തോതില്‍ പ്രേരിപ്പിച്ചു. മഴവെള്ളം കൊയ്‌തെടുക്കുന്നത് ഉള്‍പ്പെടെയുള്ളതായിരുന്നു സ്മാര്‍ട്ട് വാട്ടര്‍ ചലഞ്ച്. ഇതിലൂടെ 17 മാസം കൊണ്ട് സ്‌കൂളുകള്‍ 2.7 മില്യന്‍ ഡോളറും, 550 മില്യന്‍ ലിറ്റര്‍ വെള്ളവും ലാഭിച്ചതായി കണക്കാക്കുന്നു. സ്‌കൂളുകളിലൂടെ കൈവരിച്ച ഈ വിജയം ബൂയ്‌സെന് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അദ്ദേഹം സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും, ആശുപത്രികളിലേക്കും, ഹോട്ടലുകളിലേക്കും സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കി. ദക്ഷിണാഫ്രിക്കയിലും ആഫ്രിക്കയിലും ഉടനീളം വാട്ടര്‍ മീറ്റര്‍ സംവിധാനം നടപ്പിലാക്കാന്‍ പദ്ധതികളിട്ടിരിക്കുകയാണു ബൂയ്‌സെന്‍.

പ്രതിസന്ധി തിരിച്ചുവിട്ടു

ജലക്ഷാമത്തിന്റെ രൂക്ഷതയനുഭവിച്ച സമയത്ത്, കേപ്ടൗണ്‍ നഗരം നഗരവാസികള്‍ക്ക് ജലത്തിന്റെ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി ഉപയോഗിക്കാവുന്ന അളവ് 50 ലിറ്റര്‍ ജലമെന്നതായിരുന്നു. ഇത്തരത്തില്‍ നിയന്ത്രണങ്ങളിലൂടെയും സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും ഇടപെടലുകളിലൂടെയും ജലത്തിന്റെ ഉപയോഗത്തില്‍ കാര്യമായ കുറവു വരുത്താന്‍ സാധിച്ചു. അതിലൂടെ ഡേ സീറോ ഒഴിവാക്കുവാനും സാധിച്ചു. പക്ഷേ, 2015നും 2018നുമിടയില്‍ ജലത്തിന്റെ വില കുത്തനെ ഉയര്‍ന്നു. ഇന്നും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ജലക്ഷാമത്തിനു തല്‍ക്കാലം പരിഹാരമായെങ്കിലും മറ്റൊരു ക്ഷാമം അടുത്തു തന്നെ വരുമോയെന്ന ആശങ്കയും നഗരവാസികള്‍ക്കുണ്ട്.

വലിയ സ്വപ്‌നങ്ങള്‍

വെസ്റ്റേണ്‍ കേപ് സര്‍ക്കാര്‍ സ്മാര്‍ട്ട് മീറ്റര്‍ പ്രവിശ്യയിലെ 1500 സ്‌കൂളുകളില്‍ സ്ഥാപിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 10 മില്യന്‍ ലിറ്റര്‍ ജലവും, 68,000 ഡോളറും പ്രതിദിനം ലാഭിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. ബൂയ്‌സെന്റെ BridgIoT എന്ന സ്റ്റാര്‍ട്ടപ്പ് ഉപയോക്താക്കളുടെ പണം ലാഭിക്കാനും ജലം പോലുള്ള പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം തടയാനുമായി സ്മാര്‍ട്ട് മീറ്ററിനു പുറമേ വെള്ളപ്പൊക്കം അറിയാനുള്ള സെന്‍സര്‍, മൃഗങ്ങളെ ട്രാക്ക് ചെയ്യാനുള്ള ആനിമല്‍ ട്രാക്കര്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍ കണ്‍ട്രോളേഴ്‌സ് തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകള്‍ വികസിപ്പിച്ചു വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബൂയ്‌സെന്റെ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റീവായ ആശയങ്ങള്‍ നടപ്പിലാക്കി ശ്രദ്ധ നേടിയെങ്കിലും ഇതുവരെ ലാഭകരമായിട്ടില്ല. 2021-ാടെ ലാഭം ലഭിച്ചു തുടങ്ങുമെന്നാണു ബൂയ്‌സെന്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Top Stories

Related Articles