ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്ന നിയമം സിംഗപ്പൂര്‍ ബുധനാഴ്ച നടപ്പിലാക്കി

ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്ന നിയമം സിംഗപ്പൂര്‍ ബുധനാഴ്ച നടപ്പിലാക്കി

സിംഗപ്പൂര്‍: ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്നതിനായി സിംഗപ്പൂരില്‍ ആന്റി-ഫേക്ക് ന്യൂസ് നിയമം ബുധനാഴ്ച (ഒക്ടോബര്‍ 2) നടപ്പിലാക്കി. പിഒഎഫ്എംഎ (Protection from Online Falsehoods and Manipulation Act -POFMA) എന്നാണു പുതിയ നിയമത്തിന്റെ പേര്. എന്നാല്‍ ഈ നിയമത്തെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഇതിനകം തന്നെ കര്‍ശന നിയന്ത്രണമുള്ള ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരില്‍ പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനേ ഉപകരിക്കൂ എന്ന് അവര്‍ പറഞ്ഞു.

പിഒഎഫ്എംഎ പാര്‍ലമെന്റ് പാസാക്കിയത് ഈ വര്‍ഷം മേയ് മാസം ഒന്‍പതിനാണ്. രണ്ട് മാസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണു പാര്‍ലമെന്റ് നിയമം പാസാക്കിയതെങ്കിലും അത് നടപ്പിലാക്കാന്‍ അഞ്ച് മാസമെടുത്തു. അസത്യമെന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം പുതിയ നിയമത്തിലൂടെ മന്ത്രിമാര്‍ക്ക് ലഭിക്കുന്നുണ്ട്. ഏതെങ്കിലും വാര്‍ത്ത വ്യാജമാണെന്നു ബോധ്യപ്പെട്ടാല്‍ പൊതുതാല്‍പര്യം മുന്‍നിറുത്തി അതിനെതിരേ നടപടിയെടുക്കാനും നിയമം അധികാരം നല്‍കുന്നു. ഒരു തെറ്റായ വിവരം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ ആ വിവരം അല്ലെങ്കില്‍ വാര്‍ത്ത പ്രചരിക്കുന്ന പ്ലാറ്റ്‌ഫോമിനോട് അവ പ്രചരിക്കുന്നത് തടയണമെന്നു നിര്‍ദേശിക്കാനുള്ള അധികാരം മന്ത്രിമാര്‍ക്കുണ്ട്. തെറ്റായ വിവരം പ്രചരിക്കുന്നത് ഫേസ്ബുക്കിലോ, ഗൂഗിളിലോ, യു ട്യൂബിലോ ആണെങ്കില്‍ ഈ കമ്പനികളോടും മന്ത്രിമാര്‍ക്ക് ആവശ്യപ്പെടാനാകും. നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്ന വ്യക്തികള്‍ക്ക് 50,000 സിംഗപ്പൂര്‍ ഡോളര്‍ (36000 യുഎസ് ഡോളര്‍) വരെ പിഴയും, അഞ്ച് വര്‍ഷം തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരും. ഒരു ബോട്ട്(മെഷീന്‍) ഉപയോഗിച്ചാണ് ഓണ്‍ലൈനില്‍ വ്യാജ പ്രചാരണം നടത്തുന്നതെങ്കില്‍, അവ പിടിക്കപ്പെട്ടാല്‍ പിഴ തുക ഇരട്ടിയാകും. ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ പിഴയും, പത്ത് വര്‍ഷം വരെ നീളുന്ന തടവ്ശിക്ഷയും അനുഭവിക്കേണ്ടി വരും. വ്യാജ പ്രചാരണം നടത്തുന്നത് കമ്പനികളാണെന്നു കണ്ടെത്തിയാല്‍ ഒരു മില്യന്‍ സിംഗപ്പൂര്‍ ഡോളറായിരിക്കും പിഴ ചുമത്തുന്നത്.

Comments

comments

Categories: World
Tags: fake news