ആദ്യ സ്വകാര്യ ട്രെയ്‌നിലെ പ്രതീക്ഷകള്‍

ആദ്യ സ്വകാര്യ ട്രെയ്‌നിലെ പ്രതീക്ഷകള്‍

സുപ്രധാനമായ മാറ്റത്തിന്റെ പാതയിലാണ് റെയ്ല്‍വേ. ഒക്‌റ്റോബര്‍ നാലിന് ആദ്യ സ്വകാര്യ പാസഞ്ചര്‍ ട്രെയ്ന്‍ ഓടിത്തുടങ്ങുന്നത് പുതിയ വഴിത്തിരിവായി മാറട്ടെ

ഇന്ത്യന്‍ റെയ്ല്‍വേയെ സംബന്ധിച്ച പരാതികള്‍ക്ക് അല്‍പ്പം ശമനമുണ്ടാകാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. എങ്കിലും വൈകി ഓടലും ശുചിത്വം സംബന്ധിച്ച വിഷയങ്ങളുമെല്ലാം ഇപ്പോഴും സജീവമാണ്. റെയ്ല്‍വേയുടെ പ്രൊഫഷണല്‍വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭാഗിക സ്വകാര്യവല്‍ക്കരണമെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ നാളെ നമ്മുടെ റെയ്ല്‍വേ ചരിത്രത്തിലെ സുപ്രധാന ദിനമായി അടയാളപ്പെടുത്തപ്പെടും.

ഉത്തര്‍ പ്രദേശിലെ ലക്ക്‌നൗവിനെയും ഡെല്‍ഹിയെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ആദ്യ സ്വകാര്യ പാസഞ്ചര്‍ ട്രെയ്‌നായ തേജസ് എക്‌സ്പ്രസ് ഒക്‌റ്റോബര്‍ നാലിനാണ് ഫഌഗ് ഓഫ് ചെയ്യുന്നത്. ഒക്‌റ്റോബര്‍ അഞ്ച് മുതല്‍ വാണിജ്യപ്രവര്‍ത്തനവും തേജസ് ട്രെയ്ന്‍ തുടങ്ങും.

ട്രെയ്ന്‍ വൈകിഓടുന്നുവെന്ന പരാതി പരിഹരിക്കാനുള്ള നീക്കമാണ് ഏറ്റവും ശ്രദ്ധേയം. ഒരു മണിക്കൂറില്‍ കൂടുതല്‍ വണ്ടി വൈകിയാല്‍ 100 രൂപ യാത്രികര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. രണ്ട് മണിക്കൂറില്‍ കൂടുതലാണ് വൈകലെങ്കില്‍ ഓരോ യാത്രികനും ലഭിക്കുക 250 രൂപയായിരിക്കും. ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഇന്ത്യന്‍ ട്രെയ്‌നുകളില്‍ നടപ്പാക്കപ്പെടുന്നത്. അതിന് പുറമെ, യാത്രക്കാര്‍ക്ക് നല്‍ക്കുന്നത് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ്. ക്ലെയിം ഉന്നയിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സെറ്റില്‍മെന്റ് ഏര്‍പ്പാടാക്കുന്ന രീതിയിലാണിതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. യാത്രയ്ക്കിടെ മോഷണമോ മറ്റോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുമുണ്ട്. ഇതും ഇന്ത്യന്‍ യാത്രികര്‍ക്ക് പുതുമയാണ്.

യുകെ പോലുള്ള രാജ്യങ്ങളില്‍ റെയ്ല്‍ യാത്രികര്‍ക്ക് ട്രെയ്ന്‍ വൈകിയാല്‍ നഷ്ടപരിഹാരം ഓട്ടോമാറ്റിക് ആയി ലഭിക്കുന്ന സംവിധാനമുണ്ട്. മറ്റ് നിരവധി രാജ്യങ്ങളിലും വൈകലിനെ അഭിമുഖീകരിക്കാന്‍ പലവിധ സംവിധാനങ്ങളുണ്ട്. ഇന്ത്യയിലും ഇതുപോലുള്ള രീതികള്‍ ആവിഷ്‌കരിക്കാനാണ് ശ്രമം. ആ ശ്രമത്തിന്റെ ആദ്യപടിയായി തേജസ് ട്രെയ്‌നിനെ കാണാം.

ഏകദേശം 150 റൂട്ടുകളില്‍ സ്വകാര്യ ട്രെയ്‌നുകള്‍ അനുവദിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് മാത്രമുള്ള നിക്ഷേപം ഏകദേശം 16,000 കോടി രൂപ വരും. 2023-24 വര്‍ഷത്തോടെ ഈ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്വകാര്യ ട്രെയ്‌നുകളിലെ നിരക്ക് കമ്പനികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്നതാണ് ശ്രദ്ധേയം. റെയ്ല്‍വേ സാക്ഷ്യപ്പെടുത്തിയ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതും സ്വകാര്യ കമ്പനി തന്നെ ആകും. എന്നാല്‍ പദ്ധതി പ്രായോഗികവല്‍ക്കരിക്കപ്പെട്ട്, വിജയം കൊയ്യുമ്പോള്‍ നിരക്കില്‍ വന്‍വര്‍ധന വരുത്താന്‍ സ്വകാര്യ കമ്പനികള്‍ തുനിയാന്‍ സാധ്യതയുണ്ട്. ഇത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ കൂടി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കണം. ഇതിനായി ഒരു നിയന്ത്രണ അതോറിറ്റി വരുമെന്ന് വാര്‍ത്തയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അത്തരം പരാതികള്‍ ഉയരാന്‍ സാധ്യത കൂടുതലാണെങ്കിലും നിയന്ത്രണ സംവിധാനങ്ങളിലൂടെ കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാരിന് നടത്താവുന്നതേയുള്ളൂ. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും കാര്യക്ഷമതയ്ക്കും ഗുണം ചെയ്യുന്നതാണ് സ്വകാര്യ ട്രെയ്‌നുകളുടെ രംഗപ്രവേശം. അതിനാല്‍ തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കേണ്ട മാറ്റമാണിത്.

Categories: Editorial, Slider