വളരെ വേഗത്തിലുള്ള വ്യാപാര വളര്‍ച്ച: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് പട്ടികയില്‍ ഒമാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും

വളരെ വേഗത്തിലുള്ള വ്യാപാര വളര്‍ച്ച: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് പട്ടികയില്‍ ഒമാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ ട്രേഡ്20 സൂചികയിലാണ് ഈ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഇടം നേടിയത്

ദുബായ്: വ്യാപാര രംഗത്ത് വന്‍കുതിപ്പുമായി ഒമാന്‍, ബഹ്‌റൈന്‍, യുഎഇ എന്നീ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍. ആഗോള വ്യാപാര മേഖലയിലെ 20 താരോദയങ്ങളെ പട്ടികപ്പെടുത്തുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ ട്രേഡ്20 സൂചികയില്‍ ഇത്തവണ ഈ മൂന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ഇടം നേടി. കഴിഞ്ഞ ദശാബ്ദത്തില്‍ വ്യാപാരരംഗത്ത് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ച പത്ത് വിപണികളുടെ പട്ടികയിലും യുഎഇയും ഒമാനും ഇടം പിടിച്ചു.

വിശദമായ പഠനം നടത്തിയാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ട്രേഡ്20 സൂചിക തയാറാക്കുന്നത്. ലോകത്തിലെ 66ഓളം വിപണികളെയാണ് ഇതിന്റെ ഭാഗമായി നിരീക്ഷിക്കുന്നത്. വിപണികളുടെ സാമ്പത്തിക ശക്തി, വ്യാപാര സന്നദ്ധത, കയറ്റുമതി വൈവിധ്യം എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് ട്രേഡ്20 സൂചിക പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും വേഗത്തില്‍ വ്യാപാര വളര്‍ച്ച നേടാനുള്ള വിപണികളുടെ ശേഷി നിര്‍ണയിക്കുന്നത്. ചൈന, ഇന്ത്യ തുടങ്ങി വ്യാപാര രംഗത്തെ വന്‍ശക്തികളുടെ വളര്‍ച്ചാക്കുതിപ്പ് തുടരുമ്പോഴും വ്യാപാരരംഗത്ത് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി മേഖലയിലെ വൈവിധ്യാത്മകതയാണ് അവരുടെ മുന്നേറ്റം സാധ്യമാക്കിയത്. മാത്രമല്ല, ഈ രാഷ്ട്രങ്ങളുടെ എണ്ണവിപണിയിലുളള ആശ്രിതത്വം കുറഞ്ഞുവരുന്നതായും ഇതില്‍ നിന്നും വ്യക്തമാണ്.

വ്യാപാര രംഗത്തെ വൈവിധ്യാത്മകത മെച്ചപ്പെടുത്തുന്നതില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ബഹ്‌റൈനാണ്. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും നിര്‍മാണം, ധനകാര്യം, മറ്റ് സേവന മേഖലകള്‍ എന്നിവയുടെ വികസനം ലക്ഷ്യമാക്കിയുമുള്ള ബഹ്‌റൈന്റെ ദീര്‍ഘകാല പരിശ്രമങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍. വ്യാപാര സന്നദ്ധതയില്‍ മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളേക്കാള്‍ ഏറെ മുമ്പിലാണ് യുഎഇ. വളരെവേഗം വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യത്തെ അടിസ്ഥാനസൗകര്യമേഖലയിലും ഇ-കൊമേഴ്‌സ് മേഖലയിലുമുള്ള നിക്ഷേപമാണ് വ്യാപാര സന്നദ്ധതയില്‍ ഒന്നാമതെത്താന്‍ യുഎഇയ്ക്ക് സഹായകമായത്. സാമ്പത്തിക വൈവിധ്യത്തിലും വ്യാപാര സന്നദ്ധതയിലും ഒമാന്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. നിര്‍മാണം, ചരക്ക്‌നീക്കം, ടൂറിസം, മത്സ്യന്ധനം, ഖനനം തുടങ്ങിയ പ്രകൃതിവിഭവങ്ങളില്‍ നിക്ഷേപം നടത്തിക്കൊണ്ട് എണ്ണ ഇതര മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന തന്ത്രപ്രധാനമായ വൈവിധ്യവല്‍ക്കരണ നയം നടപ്പിലാക്കുകയാണ് ഒമാന്‍.

ട്രേഡ്20 സൂചികയില്‍ ഇടം നേടിയില്ലെങ്കിലും സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങി മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും വ്യാപാരരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മേഖലയില്‍ നിര്‍ണായക ചുവടുവെപ്പുകളും നേട്ടങ്ങളും അവകാശപ്പെടാനുണ്ടെങ്കിലും സമീപകാലത്ത് മാത്രം ഉണ്ടായവയായതിനാല്‍ സൂചികയില്‍ ഇടം നേടാന്‍ അവ സഹായിച്ചില്ല.

പശ്ചിമേഷ്യയില്‍ ഉടനീളം സംഭവിക്കുന്ന ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും വലിയ അവസരങ്ങളാണ് ഊ രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നതെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ ഗ്ലോബല്‍ ബാങ്കിംഗ്, പ്രാദേശിക വിഭാഗം മേധാവി സര്‍മദ് ലോണ്‍ പറഞ്ഞു. ധനകാര്യ, നിക്ഷേപക ഹബ്ബായി മാറുന്നതിനുള്ള മേഖലയുടെ പരിശ്രമങ്ങള്‍ക്ക് ഇവ കരുത്ത് നല്‍കുമെന്നും സര്‍മദ് അഭിപ്രായപ്പെട്ടു. ഭൂമിശാസ്ത്രപരമായി ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും മധ്യത്തിലായുള്ള യുഎഇയുടെ സ്ഥാനം സാമ്പത്തിക, വ്യാപാര ഇടനാഴിയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്നതിന് സഹായകമാണ്.

ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളും ഓരോ മേഖലയിലുമുള്ള പ്രധാന സമ്പദ് വ്യവസ്ഥകളും ഉള്‍പ്പടെ 66 വിപണികളിലെ 12 ഏകകങ്ങള്‍ പഠനവിധേയമാക്കിയാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് വ്യാപാര മേഖലയില്‍ വളരെ വേഗതയിലുള്ള വളര്‍ച്ചയ്ക്ക് ശേഷിയുള്ള 20 വിപണികളെ കണ്ടെത്തുന്നത്. പണ്ടുകാലത്ത് വിപണികളുടെ വര്‍ത്തമാനകാല പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വ്യാപാരവളര്‍ച്ച നിര്‍ണയിച്ചിരുന്നതെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് കാലക്രമേണ വിപണികളില്‍ ഉണ്ടായ മാറ്റം തിട്ടപ്പെടുത്തിയാണ് ദശാബ്ദത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന വിപണികളെ കണ്ടെത്തുന്നത്.

Comments

comments

Categories: Arabia