യുഎസ്-ചൈന സംഘര്‍ഷം പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യ

യുഎസ്-ചൈന സംഘര്‍ഷം പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യ

ഇന്ത്യയില്ലാത്ത സുരക്ഷാ സമിതി ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് എസ് ജയ്ശങ്കര്‍

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിര്‍ണായക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. വ്യാപാര സംഘര്‍ഷങ്ങള്‍ ലോകത്തെ മാന്ദ്യത്തിന്റെ പിടിയിലേക്ക് നയിക്കുന്ന പശ്താത്തലത്തിലാണ് യുഎസ് സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഗോള ഇടപെടലുകളാണ് നടത്തുന്നത്. അതിനാല്‍ നിലവിലെ സംഘര്‍ഷങ്ങളുടെ ഫലമെന്തായായും അത് ലോകമെമ്പാടും സ്വാധീനം ചെലുത്തുകയും ആഗോള വിഷയങ്ങളില്‍ പുതിയ സമീപനം സൃഷ്ടിക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം വാണിജ്യമേഖലയിലെ ഇന്ത്യ-യുഎസ് ഭിന്നതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

ഇന്ത്യയുടെ വിശാലമായ സമീപനം ഹ്രസ്വകാലത്തേക്കുള്ള കണക്കുകൂട്ടലുകള്‍ക്ക് ഉപരിയായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ പ്രാധാന്യം പതിഫലിപ്പിക്കുന്നതാവുമെന്ന് മോദി സര്‍ക്കാരിന്റെ വിദേശ നയം വ്യക്തമാക്കി ജയ്ശങ്കര്‍ പറഞ്ഞു. ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങളെയും ശീലങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്താന്‍ സഹായിക്കുന്ന പുരോഗമനപരമായ സാമൂഹ്യ-സാമ്പത്തിക പദ്ധതികളെയും താന്‍ പിന്തുണക്കുമെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രി കശ്മീരില്‍ നടപ്പാക്കിയ പരിഷ്‌കരണമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

ഇറാന് അസന്തുഷ്ടിയില്ല

യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ അവസാനിപ്പിച്ചതില്‍ ഇറാന്‍ അസന്തുഷ്ടരാണെന്ന വാര്‍ത്ത വിദേശകാര്യമന്ത്രി തള്ളി. ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ സാംസ്‌കാരിക-രാഷ്ട്രീയ ബന്ധമാണുള്ളതെന്നും ഇറാന്‍ ജനത യാഥാര്‍ത്ഥ്യബോധമുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മിതമായ നിരക്കില്‍ എണ്ണയും പ്രകൃതിവാതകവും ലഭ്യമാക്കുന്നതിനെപ്പറ്റിയാണ് ഇന്ത്യ ആശങ്കപ്പെടുന്നത്. ഇത് വരെ അത് സാധ്യമായിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ അസ്ഥിരതയിലും അനിശ്ചിതത്തിലും ഇന്ത്യക്ക് ആശങ്കയുണ്ട്,’ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് യുഎസ് ഇറാനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. മേയ് മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇടപാടുകള്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇറാനില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഛബഹര്‍ തുറമുഖം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീര്‍ച്ചയായും അത് സംരക്ഷിക്കുമെന്നും ജയ്ശങ്കര്‍ അറിയിച്ചു.

ഇന്ത്യയില്ലാതെ എന്ത് യുഎന്‍എസ്‌സി

ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയില്‍ അംഗത്വാവകാശം വീണ്ടും ഉന്നയിച്ച് ഇന്ത്യ. ഇന്ത്യയെ മാറ്റി നിര്‍ത്തിയിരിക്കുന്ന സുരക്ഷാ സമിതി ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് എസ് ജയ്ശങ്കര്‍ പറഞ്ഞു. ‘ഏകദേശം 15 വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാന്‍ പോകുന്ന, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ പോകുന്ന ഒരു രാഷ്ട്രം ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയില്‍ ഇല്ലെങ്കില്‍ അത് തീര്‍ച്ചയായും ആ രാഷ്ട്രത്തെ ബാധിക്കും. പക്ഷേ, അത് യുഎന്നിന്റെ വിശ്വാസ്യതയേയും ബാധിക്കും,’ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Categories: FK News, Slider