ഇക്വഡോര്‍ ഒപെക് വിടുന്നു; ലക്ഷ്യം കൂടുതല്‍ കയറ്റുമതി വരുമാനം

ഇക്വഡോര്‍ ഒപെക് വിടുന്നു; ലക്ഷ്യം കൂടുതല്‍ കയറ്റുമതി വരുമാനം

പ്രതിദിനം 545,000 ബാരല്‍ എണ്ണയാണ് ഇക്വഡോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്

അബുദാബി: അടുത്ത വര്‍ഷം ഒപെക് വിടുമെന്ന് പതിനാലംഗ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ഇക്വഡോര്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ഒപെകില്‍ അംഗമായിരിക്കില്ലെന്നാണ് ഇക്വഡോര്‍ അറിയിച്ചിരിക്കുന്നത്.

വരുമാനം മെച്ചപ്പെടുത്തുന്നതിനായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇക്വഡോര്‍ ആലോചിക്കുന്നത്. നേരത്തെ പലതവണ ഇക്വഡോര്‍ ഒപെകിന്റെ ഉല്‍പ്പാദന പരിധി ലംഘിച്ചിട്ടുണ്ട്. സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആഭ്യന്തര വെല്ലുവിളികളും നേരിടുന്നതിന്റെ ഭാഗമായാണ് ഒപെക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഇക്വഡോര്‍ ഊര്‍ജമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുചിലവിടല്‍ നിയന്ത്രിക്കുന്നതിനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ തീരുമാനം.

പ്രതിദിനം 545,000 ബാരല്‍ എണ്ണയാണ് ഇക്വഡോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഒപെക് വിടാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നും ആഗോള എണ്ണവിപണിയെ സന്തുലിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഊര്‍ജമന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അനുവദിനീയമായതിലും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇക്വഡോര്‍ ഒപെകിന്റെ അനുമതി തേടിയിരുന്നു. ധനക്കമ്മി വര്‍ധിക്കുകയും വിദേശ വായ്പകള്‍ കുന്നുകൂടുകയും ചെയ്തതോടെ രാജ്യത്ത് പണ ലഭ്യത കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി ഫെബ്രുവരിയില്‍ അന്താരാഷ്ട്ര നാണ്യനിധിയുമായി 4.2 ബില്യണ്‍ ഡോളറിന്റെ വായ്പാകരാറില്‍ ഇക്വഡോര്‍ ഒപ്പുവെച്ചിരുന്നു.

എണ്ണവിപണിയെ സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒപെകും റഷ്യയും മറ്റ് എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുന്നത്. നിലവില്‍ 12 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദന നിയന്ത്രണമാണ് ഒപെക് നടപ്പിലാക്കുന്നത്.

Comments

comments

Categories: Arabia
Tags: Equador, OPEC

Related Articles